സത്വരജസ്തമോഗുണദോഷങ്ങളില്ലാത്തതായിട്ടൊന്നും ഈ ലോകത്തിലും പ്രപഞ്ചത്തിലുമില്ല. അവയെല്ലാം പ്രകൃതിയുടെ – ഭാഗമായ സ്ഥിതിക്ക് പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാത്തിലും ഈ ഗുണദോഷങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കും. ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ ശൂദ്രരേയും ഈ മൂന്നുഗുണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്വ്വചിച്ചിരിക്കന്നത്. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിക്കാനുള്ള കഴിവ്, പവിത്ര കര്മ്മാനുഷ്ഠാനത്തിലുള്ള പ്രതിബദ്ധത, ബാഹ്യവും ആന്തരീകവുമായ ശുദ്ധി, മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുകൊടുക്കാനുള്ള മനസ്സ് മാനസീക കുടിലതയില്ലായ്മ, നേര്‍വഴിക്കുള്ള പെരുമാറ്റം പരമമായ ജ്ഞാനാര്ജ്ജവത്തിലുള്ള വിശ്വാസം, ആത്മീയതയിലും ആത്മാവിലുമുള്ള അടിയുറച്ച വിശ്വാസം, ഈശ്വരസാക്ഷാത്ക്കാരത്തിനുതകുന്ന പന്ഥാവ് ഇവയെല്ലാമുള്ളവനെ ബ്രാഹ്മണനെന്ന് പറയുന്നു. ധൈര്യം, നിര്‍ഭയത്വം, ദൃഢത, ധീരത, ശത്രുവിനെ കീഴടക്കാനുള്ള മനോബലം, ദാനം ചെയ്യാനുള്ള മനസ്സ്, ഈ ഗുണങ്ങളാര്ക്കാണോ ഉള്ളത് അവനെ ക്ഷത്രിയനെന്ന് പറയുന്നു. കൃഷി, കന്നുകാലിവളര്‍ത്തല്‍, സത്യസന്ധമായി വ്യാപാര വ്യവഹാരങ്ങള്‍ എന്നിവ ചെയ്യുന്നവരെ വൈശ്യരെന്നും പറയുന്നു. സമൂഹത്തില്‍ സേവന കര്‍മ്മങ്ങള്‍ ധര്‍മ്മമായും ഉപജീവനമാര്‍ഗമായും സ്വീകരിച്ചിരിക്കുന്നവരെ ശൂദ്രരെന്നും പറയുന്നു. അതാത് കര്മ്മധര്മ്മത്തിലൂടെ ഓരോരുത്തര്‍ക്കും സമ്പന്നമായി ജീവിക്കാം. മഹത്വക്കുറവുണ്ടെന്ന് തോന്നുമെങ്കിലും സ്വധര്‍മ്മാനുഷ്ഠാനമാണ് ശ്രേഷ്ഠമായിട്ടുള്ളത്.
ജ്ഞാനയോഗി എങ്ങനെയാണ് കര്മ്മാതീതനാകുന്നത്? പവിത്ര മനസ്സ്, ബുദ്ധി, നിയന്ത്രിത ഭക്ഷണം – വാക്ക് – ചക്ഷു എന്നിവയുണ്ടാകണം. മനോനിയന്ത്രണത്തിന് പറ്റിയ സ്ഥലത്ത് വസിച്ച്, ആസക്തിയും വിരക്തിയുമില്ലാത്ത അവസ്ഥയോടെ അഹങ്കാരം, ഹിംസാ, വാശി, പക, അത്യാഗ്രഹം, കാമം, ദേഷ്യം, ആഡംബരം ഇവയൊന്നുമില്ലാതെ ജീവിക്കുന്നവനും, ഈശ്വരാര്‍പ്പണമായി ബന്ധനമില്ലാതെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈശ്വരനില്‍ ഏകാഗ്ര ഭാവത്തോടെ മനസ്സുറപ്പിച്ചു സ്വധര്‍മ്മം ചെയ്യുന്നവന് കര്മ്മയോഗിയാകന്നു. പ്രകൃതി ഓരോ വ്യക്തിയേയും കര്‍മ്മം ചെയ്യുവാന്‍ നിര്‍ബന്ധിതനാക്കുക തന്നെ ചെയ്യും. സര്വജീവികളേയും കര്മ്മചക്രത്തിലൂടെ തിരിക്കുന്നത് പ്രകൃതിയാണ്. ആ കര്‍മ്മചക്രം, യന്ത്രം പോലെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. ആ കര്‍മ്മചക്രത്തിന്റെ ഭാഗമാകുവാന്‍ സാധിക്കുന്നവനാണ് കര്‍മയോഗി. ഞാന്‍ കര്‍മ്മം ചെയ്യില്ലെന്ന് പറഞ്ഞുമാറി നില്ക്കാന് ഒരാള്‍ക്കും സാധ്യമല്ല. കര്‍മ്മമണ്ഡലത്തില്‍ പൂര്‍ണമായി പ്രവര്ത്തിച്ചുകൊണ്ടേയിരിക്കുന്നവനെ പ്രകൃതി തന്നെ സംരക്ഷിക്കുന്നു. കര്‍മ്മമണ്ഡലത്തില്‍ പൂര്‍ണമനസ്സോടെ നിമഗ്നനാകുമ്പോള്‍ മേറ്റ്ല്ലാ കാര്യങ്ങളും ത്യജിക്കുക/മറക്കുക. ആ കര്‍മ്മയോഗിയെ പ്രകൃതി തന്നെ സംരക്ഷിക്കും എന്ന് ഉറച്ച മനസ്സോടെ അറിയുക. അവനാണ് ഈശ്വര സാക്ഷാത്കാരം ലഭിച്ച കര്‍മ്മയോഗി. അതാണ് അന്ധവിശ്വാസങ്ങളില്‍ നന്നും, ദുരാചാരങ്ങളില്‍ നിന്നും അജ്ഞതയില്‍ നിന്നുമുള്ള മോചനമാര്‍ഗവും.
എവിടെയാണോ ആത്മീയതയുടെ പ്രതീകമായ യോഗേശ്വര കൃഷ്ണനുള്ളത്, എവിടെയാണോ ശാസ്ത്രത്തിന്റെ പ്രതീകമായ ധനുര്‍ധാരിയായ അര്‍ജ്ജുനനുള്ളത്, അവിടെ നന്മയും, വിജയവും, മഹത്വവും, ചൈതന്യവും, ധര്‍മ്മവും ഉണ്ടാകുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: