ആലുവ: കര്‍ക്കിടക വാവുബലിക്കായി ലക്ഷങ്ങളെത്തിച്ചേരുന്ന ആലുവ മണപ്പുറത്ത് ഭക്തജനങ്ങള്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നു. ആലുവായില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ സജീവമായിട്ടും ഹൈന്ദവര്‍ക്കെതിരായ ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കുവാന്‍ ഒരു സംഘടനയും മുന്നോട്ടുവരുന്നില്ല. മണപ്പുറത്തേക്ക് ആലുവായില്‍ നിന്നും കടക്കാന്‍ നിലവില്‍ വഞ്ചിയോ പാലമോ ഇല്ല. പൊതുമരാമത്ത് വകുപ്പിന്റെ വഞ്ചിയുണ്ടായിരുന്നത് ചിലരുടെ സ്വാര്‍ത്ഥ താല്പര്യം മൂലം ഒഴിവാക്കുകയായിരുന്നു. മണല്‍ വാരാന്‍ ഉപയോഗിക്കുന്ന വഞ്ചികള്‍ യാത്രാ വഞ്ചികളാക്കി മാറ്റുമ്പോള്‍ അപകടം സംഭവിക്കുമെന്നാണ് വഞ്ചിനിരോധനത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മണപ്പുറത്തേക്ക് പാലം അനിവാര്യമാക്കുന്നതിന് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയതെന്നത് മറ്റൊരു വസ്തുത. മണല്‍ വാരുന്ന വഞ്ചി പിടിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ വെള്ളത്തില്‍ മുക്കുന്നതിന് വേണ്ടി ടാപ്പിംഗ് സ്ഥാപിക്കാറുണ്ട്. ഇതാണ് അപകടകാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ടാപ്പിംഗ് സംവിധാനമില്ലാത്ത കൂടുതല്‍ സുരക്ഷിതമായ വഞ്ചി പൊതുമരാമത്ത് വകുപ്പിനോ അതല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനോ ഇവിടെ സര്‍വ്വീസിനായി ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. ഇപ്പോള്‍ തോട്ടയ്ക്കാട്ടുകരയിലോ പറവൂര്‍ കവലയിലോ എത്തിയ ശേഷം അവിടെ നിന്നുവേണം മണപ്പുറത്തേക്കെത്താന്‍. പലപ്പോഴും 35 രൂപ വരെയാണ് അമിതമായി ഓട്ടോറിക്ഷക്കാര്‍ ഒരു വശത്തേക്കുള്ള യാത്രക്ക് മാത്രം ഈടാക്കുന്നത്.
വാവുബലി പ്രമാണിച്ച് താല്‍ക്കാലികമായെങ്കിലും ബസ് സര്‍വീസ് ആരംഭിക്കാനും യാതൊരുവിധ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഓരോവര്‍ഷവും ആലുവ മണപ്പുറത്തേക്ക് ബലിതര്‍പ്പണത്തിനും മറ്റുമായി എത്തുന്ന ഭക്തജനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇതോടൊപ്പം വാഹനങ്ങള്‍ക്ക് മണപ്പുറത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ട്. ഇതുമൂലം വര്‍ഷങ്ങളായി മുടങ്ങാതെ ബലിതര്‍പ്പണം നടത്തുന്ന പലരും ഇപ്പോള്‍ യാത്രാസൗകര്യമില്ലാത്തതിനാല്‍ മണപ്പുറത്തെത്താതെ മറ്റിടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്. മറ്റുചിലരാകട്ടെ ഇന്നലെ രാവിലെയും മറ്റുമെത്തിയാണ് ബലിതര്‍പ്പണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: