കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പക്കെതിരെ ലോകായുക്ത സംശയത്തിന്റെ നിഴല്‍ പരത്തിയ സാഹചര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ച നിലപാട് പരക്കെ സ്വാഗതംചെയ്യപ്പെടുകയാണ്. കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, അനധികൃത ഖാനനത്തിനെതിരെ നടപടിസ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന കുറ്റമാണ് യദ്യൂരപ്പയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് മുഴുവന്‍ കാണുകയോ എന്തൊക്കെ കുറ്റങ്ങളാണ് നിരത്തിയിട്ടുള്ളതെന്നോ പരിശോധിക്കാനൊന്നും ബിജെപി കാത്തുനിന്നില്ല. സംശയത്തിന്റെ നിഴലില്‍ പാര്‍ട്ടിമുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് ബിജെപിക്ക് തീരുമാനിക്കാന്‍ 24 മണിക്കൂര്‍പോലും കാത്തുനില്ക്കേണ്ടിവന്നില്ല. പാര്‍ട്ടിതീരുമാനം ശിരസാവഹിച്ച് രാജിക്കത്ത് നല്കാന് യദ്യൂരപ്പയ്ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രധാനമന്ത്രിയടക്കം കുറ്റാരോപിതനായി നില്‍ക്കുകയാണ്. കൂടെയുള്ള മന്ത്രിമാര്‍ ഒന്നിനുപിറകെ മറ്റൊന്നായി ജയിലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. അഴിമതിയെ ന്യായീകരിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീ സാഹചര്യത്തില്‍ ബിജെപി സ്വീകരിച്ച നിലപാട് തികച്ചും യുക്തവും ശക്തവും ഉചിതവുമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് അധികാരത്തെക്കാള്‍ മേന്മയുള്ളതെന്ന് വിശ്വസിക്കുന്ന ഏകദേശീയ രാഷ്ട്രീയ കക്ഷി ബിജെപിയാണെന്ന് വ്യക്തമാക്കാന്‍ ഈ തീരുമാനം മാത്രം മതി.
ബിജെപി ഭരണത്തിലേറിയശേഷം ആരംഭിച്ചതല്ല കര്‍ണാടകയിലെ ഖാനനം. പതിറ്റാണ്ടുകളായി കര്‍ണാടകയില്‍ ഖാനനം നടക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലും ജനതാദള്‍ ഭരണത്തിലും തുടങ്ങിയതും തുടരുന്നതുമാണിത്. ഖാനനം നടത്തിയ ഇരുമ്പയിര് കയറ്റുമതിയും നടത്തിക്കൊണ്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് എം.പി. അനില്‍ ലാഡ് എന്നിവരൊക്കെ ഖാനനത്തിന് നേതൃത്വം നല്കിയവരാണ്. മുഖ്യമന്ത്രി യദ്യൂരപ്പയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ലെങ്കിലും ബന്ധുക്കളുടെ പേരെടുത്ത് പറയാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ സാഹചര്യത്തില്‍ പ്രശ്നം അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് വിട്ടത് യദ്യൂരപ്പ സര്‍ക്കാരാണ്. ഇടക്കാല റിപ്പോര്‍ട്ട് വന്ന ഉടന്‍ ഖാനനവും കയറ്റുമതിയും പാടേ നിരോധിക്കാന്‍ ഉത്തരവിട്ടതും യദ്യൂരപ്പ സര്‍ക്കാരാണ്. എന്നിരുന്നാലും പ്രതിപക്ഷവും മാധ്യമങ്ങളും ബിജെപിയെ പ്രഹരിക്കാന്‍ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്തു. ഈ സാഹചര്യത്തിലാണ് ഉന്നത മൂല്യങ്ങളെ മാനിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രിയോട് മാറിനില്ക്കാന് നിര്‍ദ്ദേശിച്ചത്.
ഇന്നലെ അടിയന്തരമായി ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം വക്താവ് രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ് സിങ്ങും ഇതിനായി ബാംഗ്ലൂരിലേക്ക് പോകുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ്ങ്, വെങ്കയ്യ നായിഡു എന്നീ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ യെദ്യൂരപ്പ രാജിവെക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എത്തിയ യെദ്യൂരപ്പയോട് ബിജെപി നേതൃത്വം സൂചന നല്‍കിയിരുന്നു.
യോഗത്തിനായി യദ്യൂരപ്പയുടെ വസതിയിലെത്തിയ മന്ത്രി ശ്രീരാമലു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡിന് അതീതരല്ല ആരുമെന്നും പാര്‍ട്ടിയേക്കാള്‍ വലുതല്ല തങ്ങളെന്നുമാണ് അദ്ദേഹം പറഞ്ഞത്. യദ്യൂരപ്പ കേന്ദ്ര നേതൃത്വത്തെ അനുസരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഇശ്വരപ്പയും പ്രതികരിച്ചു. എന്നാല്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രതിയോഗികളും ഇല്ലാക്കഥകള്‍ നിരത്തി വിചാരണനടത്തുന്ന കൗതുക കാഴ്ചയാണ് ഇന്നലെ മുഴുവന്‍ കാണാനായത്. അതെല്ലാം കെട്ടുകഥകളാണെന്ന് യദ്യൂരപ്പയുടെ രാജിയോടെ വ്യക്തമായി.
നന്നെ ചെറുപ്പത്തില്‍ത്തന്നെ ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തിയ യദ്യൂരപ്പ നിരന്തരപോരാട്ടത്തിലൂടെയാണ് നേതൃത്വത്തിലെത്തിയത്. കഷ്ടപ്പെടുന്നവരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്കറുതിവരുത്താനുള്ള കഠിന പ്രയത്നങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. കാല്‍നടയായും സൈക്കിളില്‍ സഞ്ചരിച്ചും കര്‍ഷകരെ സംഘടിപ്പിക്കാനും ബോധവല്‍ക്കരിക്കാനും യത്നിച്ച നേതാവാണ് യദ്യൂരപ്പ. ശിക്കാരിപുര മുന്‍സിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി മുഖ്യമന്ത്രിക്കസേരയിലെത്തുന്നതുവരെയും നടത്തിയ പ്രക്ഷോഭങ്ങളും ഉന്നയിച്ച ആവശ്യങ്ങളും സഫലീകരിക്കുന്നതായിരുന്നു ഭരണത്തിലിരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ നടപടി.
കാര്‍ഷിക മേഖലയ്ക്ക് മാത്രമായി ഒരു ബജറ്റ് അവതരിപ്പിച്ച ഏക സംസ്ഥാനം കര്‍ണാടകമെന്ന ഖ്യാതിയുണ്ടാക്കിയത് യദ്യൂരപ്പ സര്‍ക്കാരാണ്. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വും ഉത്സാഹവും സൃഷ്ടിച്ചതിന്റെ ഗുണഭോക്താക്കള്‍ മലയാളികള്‍ കൂടിയാണ്. കര്‍ണാടകയിലെ മെച്ചപ്പെട്ട വിളവാണ് കേരളത്തിലെ പച്ചക്കറി വിപണി സമ്പന്നമാക്കുന്നത്. വികസനത്തിന്റെ പുത്തന്‍ഗാഥയാണ് കര്‍ണാടകയില്‍ രചിക്കപ്പെട്ടിട്ടുള്ളത്. അത് തന്നെയാണ് പ്രതിയോഗികളെ അസ്വസ്ഥരാക്കുന്നത്. അതിന് കുടപിടിക്കുകയാണ് കേന്ദ്രസര്‍ക്കാരും കര്‍ണാടക ഗവര്‍ണറും.
യദ്യൂരപ്പ അധികാരത്തിലെത്തിയ നാള് മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സിന്റെ വെപ്രാളം. കോണ്‍ഗ്രസ്സിന്റെ നാറ്റംമാറാത്ത ഗവര്‍ണര്‍ ഭരദ്വാജ് കള്ളക്കഥകളും കഥയില്ലാ കളികളും ആരംഭിച്ചതാണ്. കേന്ദ്രഗവണ്‍മെന്റിനുപോലും ബോധ്യംവരാത്ത റിപ്പോര്‍ട്ടുകളും ചമയ്ക്കാന്‍ ഗവര്‍ണര്‍ക്ക് മടിയുണ്ടായില്ല. ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സിന്റെയും ഗൗഡകുടുംബത്തിന്റെയും ഗവര്‍ണറുടെയും ചെയ്തികളെല്ലാം സ്വാധീനം ചെലുത്തിയില്ലേ എന്ന സംശയം സ്വാഭാവികമാണ്. എന്തായാലും അഴിമതിക്കെതിരായി സന്ധിയില്ലാത്ത സമരം തുടരുന്ന ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനത്തൊരാള്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ലതന്നെ. ഈ മര്യാദ മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കുന്നില്ലെന്ന് കാണുമ്പോള്‍ ബിജെപിയുടെ മാറ്റ് വര്‍ധിക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: