ഭവാനീ ഭാവദാ ഭവ്യാ ഭവതാപവിരാമദാ
ബൃഹത്സേനാ ബൃഹദ്രൂപാ ബൃഹദശ്വാ ബൃഹദ്രഥാ
ഭവാനീ- ഭവന് ശിവന്. ശിവന്റെ ശക്തിയായ ദേവി ഭവാനി. ശിവനെ ജീവിപ്പിക്കുന്നവള് എന്ന് ദേവീപുരാണം ഭവശബ്ദത്തിന് കാമദേവന് എന്നും സംസാരസാഗരമെന്നും അര്‍ത്ഥം കല്പിച്ച് കാമദേവന് ജന്മം നല്കിയവള് എന്നും സംസാരസാഗതരത്തിന്റെ ചൈതന്യമായവള്‍ എന്നും ദേവീപുരാണം ഭവാനി എന്ന പദത്തെ വ്യാഖ്യാനിക്കുന്നു.
ഭവാനീദേവി ദാസനായ എന്നെ കാരുണ്യത്തോടെ കടാക്ഷിക്കേണമേ എന്ന് പറഞ്ഞു കഴിയുമ്പോള്‍ത്തന്നെ മുകുന്ദനും ബ്രഹ്മാവും ഇന്ദ്രനും തങ്ങളുടെ പ്രകാശമാനങ്ങളായ കിരീടങ്ങള്‍കൊണ്ട് നീരാജനം ചെയ്യുന്ന ദേവീപാദസായുജ്യം ഭക്തന് ദേവി കൊടുക്കുമെന്ന് ശങ്കരാചാര്യസ്വാമികള്‍ സൗന്ദര്യലഹരിയില്‍ പറയുന്നു.
ഭാവദാ- ഭാവം തരുന്നവള്‍. ഭാവം എന്ന പദത്തിന് ഒന്നിനെ അതാക്കിത്തീര്‍ക്കുന്ന ഗുണവിശേഷം എന്നര്‍ത്ഥം. സ്വഭാവം. വ്യക്തികളിലും വസ്തുക്കളിലും പ്രവൃത്തികളിലും അതതിന്റെ സ്വഭാവമായികാണന്നഗുണം ദേവിനല്കുന്നു എന്നര്‍ത്ഥം. ഭാവത്തിന് അവസ്ഥ, താത്പര്യം,ഉണ്മ, ജന്മം,ജ്ഞാനേന്ദ്രിയം, നിശ്ചയബുദ്ധി എന്നിങ്ങനെ ബന്ധപ്പെട്ട അര്ത്ഥങ്ങളുള്ളവയെല്ലാം ഇവിടെ യോജിക്കും.
ഭവ്യാ- ശ്രേഷ്ഠയായവള്‍, പൂജിക്കപ്പെടേണ്ടവള്‍, സുന്ദരി, ശാന്തയായവള്‍ എന്നീ അര്‍ത്ഥങ്ങള്‍ ഈ നാമത്തിനുണ്ട്. അവയെല്ലാം ദേവിക്ക് യോജിക്കും.
സംഭവിക്കാവുന്നവള്, ഭാവിയില്‍ ഉണ്ടാകുന്നവള്‍ എന്ന് ഈ പദത്തില്‍ അര്‍ത്ഥമുണ്ട്. മുമ്പുണ്ടായിരുന്നവയും ഇപ്പോഴുള്ളവയും ഇനിയുണ്ടാനുള്ളവയും എല്ലാം കാലാതീതയും കാലതിയാമകയുമായ ലക്ഷ്മീദേവിയുടെ സൃഷ്ടിശക്തിയുടെ രൂപങ്ങള്‍ മാത്രമാകയാല്‍ ഈ അര്‍ത്ഥവും യോജിക്കും.
ഭവതാപവിരാമദാ- സംസാരദുഃഖം അവസാനിപ്പിച്ചുതരുന്നവള്. സംസാരദുഃഖം അവസാനിപ്പിച്ച് മോക്ഷം തരുന്നവള്‍ എന്ന അര്‍ത്ഥമാണ് പ്രസിദ്ധം. സംസാരജീവിതം ദുഃഖമല്ലാത്തതായിത്തീര്ക്കുന്നുവള് എന്നും വ്യാഖ്യാനിക്കാം. ആഗ്രഹങ്ങളെ നിയന്ത്രിക്കാനും എല്ലാത്തിലും ദേവീകാരുണ്യംകാണാനും ശീലിച്ചാല്‍ സംസാരജീവിതം ദുഃഖമില്ലാത്തതാക്കാം. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം ലക്ഷീപ്രഭാവും കാരുണ്യവുമാണെന്നറിയാന് ദേവിയുടെ അനുഗ്രഹം വേണം. ആ അനുഗ്രഹമുണ്ടായാല്‍ ജീവിതം ആനന്ദമയമകും ഭവതാപം പൂര്‍ണമായും മാറും. അങ്ങനെ ലൗകികജീവിത്തില് വിജയം തരുന്നവള്‍.
ബൃഹത്സേനാ- വളരെ വലിയ സൈന്യമുള്ളവള്. സകലചരാചരങ്ങളും ചേര്‍ന്നതാണ് ദേവിയുടെ സൈന്യം. അതിനെക്കാള്‍ ബൃഹത്തായി ദേവിമാത്രമേയുള്ളു.
ബൃഹദ്രൂപാ- ഏറ്റവും വലിയ രൂപമുള്ളവള്‍. പ്രപഞ്ചും ദേവിയുടെ സൃഷ്ടിയാണ്. പ്രപഞ്ചത്തെക്കാള്‍ വലുതാകണം ദേവിയുടെ രൂപം.
ബൃഹദശ്വാ- വളരെ വലിപ്പമുള്ള കുതിരയുള്ളവള്. ദേവിയുടെ ഒരു മൂര്‍ത്തിയായ അശ്വാരൂഢാ ദേവിയുടെ കുതിരയുടെ വാലിന്റെ ചലനം കൊണ്ട് മേഘങ്ങള്‍ തെറിച്ചുപോകുന്നതായി ലളിതോപാഖ്യാനം.
ബൃഹദ്രഥാ- വളരെ വലിയ രഥമുള്ളവള്. ദേവി ലളിതയായി ഭണ്ഡാസുരവധത്തിന് ശക്തിസൈന്യത്തെ നയിക്കുമ്പോള്‍ യാത്രചെയ്ത ചക്രരാജരഥം വളരെ വലിപ്പമുള്ളതായിരുന്നു. അതിന്റെ വിവരണം ലളിതോപാഖ്യാനത്തില്‍ വായിക്കുക.
രഥം എന്ന പദത്തിന് ശരീരം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ബൃഹദ്രൂപാ എന്നര്‍ത്ഥം കിട്ടും.
– ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: