യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മല എലിയെ പ്രസവിച്ചതു പോലെയായി. കുറെ ദിവസമായി വരാന്‍ പോകുന്നു മദ്യനയം എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. നയം കണ്ടപ്പോഴാകട്ടെ നയമില്ലായ്മയുടെ പ്രകടരൂപവുമായി. ഇത് മദ്യാസക്തി കുറയ്ക്കുകയല്ല കൂട്ടുമെന്നുറപ്പാണ്. കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും 2014ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്താനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം അപര്യാപ്തമായ നടപടിയാണ്. കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഇനി മുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കുമെന്നാണ് കരടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നയത്തില്‍ മൂന്നു ലിറ്ററായി നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. വിവിധയിനം മദ്യങ്ങളെല്ലാം കൂടി സൂക്ഷിക്കാവുന്നത് ഇതുവരെ 27.1 ലിറ്ററായിരുന്നത് 15 ലിറ്ററായി പരിമിതപ്പെടുത്തി. 15 ലിറ്റര്‍ മദ്യം സൂക്ഷിച്ചു വയ്ക്കേണ്ട കാര്യമെന്താണെന്ന് വ്യക്തമല്ല.
മദ്യം വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്കരിച്ചു. നഗരങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയും ഗ്രാമങ്ങളില്‍ രാവിലെ എട്ട് മുതല്‍ പതിനൊന്നു വരെയുമാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇന്നുള്ളതിനെക്കാളും മദ്യാസക്തി കൂട്ടാനും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണിത് സഹായിക്കുക. നഗരങ്ങളില്‍ പന്ത്രണ്ടു മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുക എന്നത് ഒട്ടും അംഗീകരിക്കാവുന്നതല്ല.
2014ന് ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എക്സൈസ് മന്ത്രി കെ. ബാബു അവകാശപ്പെട്ടിരിക്കുന്നു. സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് 683 ബാറുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതു തന്നെ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.
ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 200 മീറ്ററാണ് നഗരത്തിലെ ദൂരപരിധി. നിലവിലുള്ള ദൂരം നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരംഭിക്കാന്‍ പോകുന്നതിന്റെ ദൂരം നിജപ്പെടുത്തിയെന്നത് കൗതുകമുണ്ടാക്കുന്നതാണ്. പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നു പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും. സംസ്ഥാനത്ത് പത്തു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പക്ഷേ ഈ ഇളവ് ബാധകവുമല്ല. ബേക്കല്‍, വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ട് കൊച്ചി, കുമളി, മൂന്നാര്‍, വര്‍ക്കല, അഷ്ടമുടി, കോവളം എന്നിവടങ്ങളില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കും. കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത് കുടിച്ചു കൂത്താടാനാണെന്ന് സര്‍ക്കാരുകള്‍ ധരിച്ചുവച്ചിരിക്കുകയാണ്. ഇടതായാലും വലതായാലും ഈ ധാരണയ്ക്ക് മാറ്റമൊന്നുമില്ല. ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ എന്തുമാകാമെന്ന സാഹചര്യം സൃഷ്ടിക്കുന്നത് അഭികാമ്യമല്ല. നിയമം എല്ലായിടത്തും എല്ലാവര്ക്കും ബാധകമാക്കുക തന്നെ വേണം.
അടുത്തസാമ്പത്തിക വര്‍ഷം 20 മുറിയുള്ള ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാകും ബാര്‍ലൈസന്‍സ് കിട്ടുക. അതിന് അടുത്തവര്‍ഷം മുതല്‍ 25 മുറിയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാകും ലൈസന്‍സ് നല്‍കുക. എല്ലാ മാസവും ഒന്നാം തീയതിയിലെ അവധി പോലെ ദുഃഖവെള്ളിയാഴ്ചയും ഇനിമുതല്‍ മദ്യശാലകള്‍ക്ക് അവധിയായിരിക്കും. പങ്കാളിത്ത വ്യവസ്ഥയില്‍ ബാറുകളുടെ നടത്തിപ്പില്‍ നിന്ന് ഒരാള്‍ക്ക് പിന്മാറണമെങ്കില് ഇനിമുതല്‍ രണ്ട് ലക്ഷം രൂപ അടച്ചാല്‍ പിന്മാറാം. പുതുതായി ബാര്‍ നടത്തിപ്പില്‍ പങ്കാളിത്തം ചേരണമെങ്കില്‍ 20 ലക്ഷം രൂപ അടച്ചാല്‍ അതിനും കഴിയും.
സംസ്ഥാനത്ത് ഇപ്പോള്‍ മൂന്നു ലാബുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. നിലവിലുള്ള സംവിധാനത്തില്‍ പരിശോധനാഫലം വളരെ വൈകി ആഴ്ചകള്‍ക്കു ശേഷം മാത്രമാണ് ലഭിക്കുന്നത്. ആയതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മദ്യത്തിന്റെ ഗുണനിലവാരം വേഗത്തില്‍ പരിശോധിക്കുന്നതിനുള്ള മൊബെയില്‍ ലാബുകള്‍ ആരംഭിക്കുമെന്നും നയത്തില്‍ പറയുന്നുണ്ട്. കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ ലഹരിവിമോചന കേന്ദ്രം തുടങ്ങാനും തീരുമാനിച്ചതായി നയം പറയുന്നു. നയം രൂപീകരിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി സര്‍ക്കാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയത്രേ. ചെത്തുതൊഴിലാളി, വിദേശമദ്യതൊഴിലാളി സംഘടനകള്‍, ബാറുടമകള്‍, ഡിസ്റ്റിലറി-ബ്രുവറി ഉടമകള്‍ എന്നിവര്‍ക്കു പുറമെ മദ്യവിരുദ്ധ-മദ്യനിരോധന സംഘടനകള്‍, ഡി-അഡിക്ഷന് സെന്ററുകള്‍ നടത്തുന്ന സന്നദ്ധസംഘടനകള്‍, വ്യക്തികള്‍, മതമേലധ്യക്ഷന്മാര്, രാഷ്ട്രീയസാമൂഹ്യപ്രവര്ത്തകര് എന്നിവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു എന്നും പറയുന്നു. എന്നാല്‍ ബാറുടമകളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് രൂപം നല്കിയ നയത്തില്‍ മദ്യാസക്തി കുറയ്ക്കാന്‍ പ്രാപ്തമാക്കുന്ന ഒരു സമീപനവും നയത്തിലില്ല.
മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രണ്ടു കോടി രൂപ ഈ വര്‍ഷം ചെലവാക്കുമെന്നാണ് നയത്തില്‍ പറയുന്നത്. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാനും വേണ്ടപ്പെട്ട സന്നദ്ധസംഘടനകള്‍ക്ക് നോട്ടീസടിക്കാനും നല്കുമ്പോഴേക്കും ഫണ്ടു തീര്‍ന്നു എന്ന പല്ലവി കേള്‍ക്കാം. പതിനൊന്നു മണി വരെ നഗരങ്ങളില്‍ തുറന്നിരുന്ന ബാറുകള്‍ ഇനി പന്ത്രണ്ടു മണി വരെ ദീര്‍ഘിപ്പിക്കുക എന്നു വച്ചാല്‍ മദ്യപന്മാരാരും അര്‍ധരാത്രിക്കു മുമ്പേ വീടുകളില്‍ എത്തരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുള്ളതു പോലെ തോന്നുന്നു. മദ്യം കൊണ്ടു നടക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതു പോലെ തന്നെ കുടിക്കുന്ന മദ്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. ഫലത്തില്‍ നിലവിലുള്ള നയത്തില്‍ അടങ്ങിയ വീര്യം പോലും പുതിയ നയത്തില്‍ നിന്നും ചോര്‍ന്നു പോയിരിക്കുന്നു. അതുകൊണ്ടു തന്നെ മന്ത്രി പ്രഖ്യാപിച്ച നയം പാടെ പൊളിച്ചെഴുതുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: