Categories: Ernakulam

കര്‍ക്കിടക വാവുബലിക്ക്‌ ആലുവയും ചേലാമറ്റവും ഒരുങ്ങി

Published by

ആലുവ: കര്‍ക്കടക വാവുബലി അര്‍പ്പണത്തിന്‌ ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങുന്നു. ബലിതര്‍പ്പണത്തിനായി മുന്‍കൊല്ലങ്ങളേക്കാള്‍ വിപുലമായ ഒരുക്കങ്ങളാണ്‌ മണപ്പുറത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നതെന്ന്‌ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ രഘുനാഥന്‍നായര്‍ പറഞ്ഞു.

നൂറിലേറെ ബലിത്തറകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. സുരക്ഷയുടെ ഭാഗമായി നേവിയുടെ മുങ്ങല്‍വിദഗ്‌ദ്ധരുടെ സേവനം വാവിന്റെ തലേദിവസം മുതല്‍ മണപ്പുറത്ത്‌ ഉണ്ടാകും. ഇതിനായി ആലുവ തഹസില്‍ദാറെ കോ-ഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌. റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ നഗരത്തിലും മണപ്പുറത്തും പോലീസ്‌ സുരക്ഷയും ശക്തമാക്കും. കര്‍ക്കിടക വാവിന്‌ പിതൃബലി തര്‍പ്പണത്തിനായി നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ഭക്തരാണ്‌ ആലുവ മണപ്പുറത്ത്‌ എത്തുന്നത്‌. കനത്ത മഴയെത്തുടര്‍ന്ന്‌ പെരിയാര്‍ നിറഞ്ഞൊഴുകിയതോടെ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക്‌ വെള്ളം കയറിയെങ്കിലും ഇപ്പോള്‍പൂര്‍വ്വസ്ഥിതിയിലായിട്ടുണ്ട്‌.

പെരുമ്പാവൂര്‍: ദക്ഷിണകാശിയെന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ കറുത്തവാവ്‌ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ലക്ഷക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ പിതൃതര്‍പ്പണത്തിനായി ചേലാമറ്റത്ത്‌ എത്താറ്‌. മുഴുവന്‍ ഭക്തജനങ്ങള്‍ക്കും സുഖകരമായ രീതിയില്‍ തര്‍പ്പണവും ക്ഷേത്രദര്‍ശനവും നടത്തി മടങ്ങാവുന്ന രീതിയില്‍ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തുന്നതെന്ന്‌ ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

30ന്‌ കറുത്തവാവ്‌ ദിനത്തില്‍ പിതൃതര്‍പ്പണപുണ്യം തേടി ചേലാമറ്റത്തേക്ക്‌ ഭക്തജനങ്ങള്‍ ഒഴുകിയെത്തും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ക്ഷേത്രമുറ്റവും ബലിക്കടവും പരിസരവും നടവഴിയും എല്ലാം കൂറ്റന്‍ പന്തലാണ്‌ ഒരുക്കിയിട്ടുള്ളത്‌. മഹാവിഷ്ണുവിന്റെ മൂന്ന്‌ അവതാരങ്ങളായ ശ്രീകൃഷ്ണന്‍, വാമനന്‍, നരസിംഹം എന്നീ മൂര്‍ത്തികള്‍ മോക്ഷദായക ധ്യാനരൂപത്തിലാണ്‌ ഇവിടെ കുടികൊള്ളുന്നത്‌ എന്നും പെരിയാര്‍ ഈ ഭാഗത്തെത്തുമ്പോള്‍ പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്‌ ഒഴുകുന്നതും ഇവിടത്തെ പ്രത്യേകതയാണ്‌.

തര്‍പ്പണത്തിനായി 40ഓളം ബലിത്തറകളാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌. ഓരോരുത്തര്‍ക്കും അവരവരുടെ ആചാരമനുസരിച്ച്‌ പിതൃതര്‍പ്പണം നടത്തുവാന്‍ ഇവിടെ നിത്യേന സൗകര്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. 150ഓളം പോലീസുകാര്‍, ഫയര്‍ഫോഴ്സ്‌, പെരുമ്പാവൂര്‍ ലക്ഷ്മി ആശുപത്രിയുടെ അത്യാഹിതവിഭാഗം, സേവാഭാരതിയുടെ 100ല്‍ പരം പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ക്ഷേത്രസന്നിധിയില്‍ ഉണ്ടാകുമെന്നും പെരുമ്പാവൂര്‍, അങ്കമാലി ഡിപ്പോകളില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ്‌ വാവുബലി ദിവസം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിലേക്ക്‌ വന്നുപോകുന്ന മുഴുവന്‍ സ്വകാര്യവാഹനങ്ങള്‍ക്കും വണ്‍വേ സമ്പ്രദായമാണ്‌ ഒരുക്കിയിരിക്കുന്നത്‌. എംസി റോഡില്‍ നിന്നും ക്ഷേത്ര ആര്‍ച്ച്‌ വഴി വരുന്ന വാഹനങ്ങള്‍ക്ക്‌ പ്രത്യേക പാര്‍ക്കിംഗ്‌ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്നവര്‍ ഒക്കല്‍ വഴിയാണ്‌ തിരികെ എംസി റോഡില്‍ പ്രവേശിക്കേണ്ടത്‌. ക്ഷേത്രദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പ്രസാദ സദ്യ ഉണ്ടായിരിക്കുമെന്നും അതിനായി 200 പറ അരിയുടെ സദ്യക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എന്‍. നാരായണന്‍കുട്ടി, വി.എന്‍. നാരായണന്‍കുട്ടി, അഗ്നിശര്‍മ്മന്‍ നമ്പൂതിരി, എം. കൃഷ്ണപിള്ള, എ.പി. കൃഷ്ണന്‍നായര്‍, പി.ആര്‍. ശശിധരന്‍, പ്രൊഫ. നീലകണ്ഠപിള്ള, പി.എന്‍. തങ്കപ്പന്‍, എ.വി. വിജയന്‍, മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍പങ്കെടുത്തു.

കാലടി: ശ്രീമഹാദേവ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി 30ന്‌ കാലടി ഭാഗത്ത്‌ ശിവരാത്രികടവിലും താന്നിപ്പുഴ ഭാഗത്ത്‌ മണേലിക്കടവിലും വച്ച്‌ ഓണമ്പിള്ളി കപ്പേരുകാവ്‌ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നടത്തുന്നു.

മണല്‍പ്പുറത്തുള്ള ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ ഉണ്ടായിരിക്കുന്നതാണ്‌ ക്ഷേത്രചടങ്ങുകള്‍ക്ക്‌ ക്ഷേത്രം മേല്‍ശാന്തി ചെറുകുട്ടമന ശങ്കരന്‍ നമ്പൂതിരിപ്പാട്‌ നേതൃത്വം നല്‍കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by