അപര്‍ണ്ണാ ശാംബരീരൂപാ ശര്‍മ്മശാന്തിശിവപ്രദാ
ഇന്ദിരാ ഈപ്സിതാ ഈഡ്യാ ഈശ്വരാര്ദ്ധശമീരിണീ
അപര്‍ണ്ണാ – പാര്‍വ്വതീദേവിയുടെ പര്യായമായി പ്രസിദ്ധമാണ് ഈ പദം. ശ്രീ പരമേശ്വരനെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി തപസ്സുചെയ്തപ്പോള്‍ ദേവി ഭക്ഷണം ക്രമമായി കുറച്ചു. ഒടുവില്‍ ഉണങ്ങിയ ഇലകള്‍ മാത്രം ഭക്ഷിച്ചു. കുറെക്കഴിഞ്ഞ് അതും വേണ്ടെന്നുവച്ചു. പര്ണ്ണംപോലും ഉപേക്ഷിച്ചവള്‍ എന്ന അര്‍ത്ഥത്തില്‍ ദേവിക്ക് അപര്‍ണ്ണ എന്നു പേരുണ്ടായി.
അപ-ഋണാ എന്നപദം പിരിച്ച് ഭക്തരുടെ ലൗകിക ബാദ്ധ്യതകള്‍ നശിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
ശാംബരീരൂപാ – ശാംബരി – മായ. മായരൂപമായവള്. ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നിക്കുന്ന ശക്തിയായ മായ. ആ മായ ദേവീസ്വരൂപമാണ്. വിഷ്ണുമായ സ്വരൂപമായവള്‍.
ശര്‍മ്മശാന്തിശിവപ്രദാ – ശര്‍മ്മവും ശാന്തിയും ശിവവും തരുന്നവള്‍. ശര്‍മ്മവും ശാന്തിയും ശിവവും ബന്ധപ്പെട്ട പദങ്ങളാണ്. ശര്മ്മത്തിന് സന്തോഷം, ആനന്ദം, സുഖം സംരക്ഷണം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. ശാന്തത, ക്ഷോഭമില്ലായ്മ, ആശ്വാസം, നിര്‍വൃതി എന്നൊക്കെ ശാന്തിക്ക് അര്‍ത്ഥം. ശിവം എന്നതിന് ഭാഗ്യം, ശുഭം, മംഗളം, മുക്തി എന്നര്‍ത്ഥം. ശര്‍മ്മവും ശാന്തിയും ശിവവും തരുന്നവളായി ദേവിയെ സ്തൂതിക്കുമ്പോള് ജീവിതസുഖവും അന്ത്യത്തില്‍ മുക്തിയും തരുന്നവള്‍ എന്ന് വ്യംഗ്യം.
ഇന്ദിരാ – മഹാലക്ഷ്മി, പരമമായ ഐശ്വര്യം മൂര്‍ത്തീഭവിച്ചവള്‍. ലോകത്തിന്, പ്രത്യേകിച്ച് ഭക്തര്‍ക്ക് എല്ലാ ഐശ്വര്യവും കൊടുക്കുന്നവള്‍.
ഈപ്സിതാ – ആഗ്രഹിക്കപ്പെടുന്നവള്‍. മഹാലക്ഷ്മിയുടെ അനുഗ്രഹം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എല്ലാം ഉപേക്ഷിച്ച തപസ്വിമാരും ദേവിയെ ആഗ്രഹിക്കുന്നു. ആഗ്രഹിക്കത്തക്കതായി ലോകത്ത് എന്തെല്ലാം ഉണ്ടോ അതെല്ലാം ദേവിയുടെ വിഭൂതികളുടെ അല്പാശം മാത്രമാണ്.
ഇന്ധ്യാ – സ്തുതിക്കപ്പെടേണ്ടവള്‍, ആരാധന അര്‍ഹിക്കുന്നവള്‍.
ഈശ്വരാര്ദ്ധശരീരിണീ – ഈശ്വരന്റെ, ശ്രീപരമേശ്വരന്റെ ശരീരത്തിന്റെ പകുതിയായവള്. ശിവന്റെ അര്‍ദ്ധനാരീശ്വര രൂപത്തെ സൂചിപ്പിക്കുന്ന നാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: