Categories: Kerala

മുന്‍ ഐഎസ്‌എസ്‌ നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ ലീഗ്‌ സമ്മര്‍ദ്ദം

Published by

ആലപ്പുഴ: നിരോധിത സംഘടനയായ ഐഎസ്‌എസിന്റെ മുന്‍ നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ നീക്കം. ഇത്‌ സംബന്ധിച്ച്‌ ലീഗും കോണ്‍ഗ്രസും ധാരണയായതായി അറിയുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില ഘടകകക്ഷികളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദമാണ്‌ തീരുമാനത്തിന്‌ പിന്നില്‍. അടുത്തയാഴ്ച നിയമനം നടക്കുമെന്നാണറിയുന്നത്‌. നിരവധി തീവ്രവാദ കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ ഹസനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കുന്നത്‌ കൂടുതല്‍ വിവാദത്തിനിടയാക്കും.

മുസ്ലിം ഭീകര സംഘടനയായിരുന്ന ഐഎസ്‌എസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അഡ്വ.കെ.എ.ഹസനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാനാണ്‌ ലീഗ്‌ ശ്രമം നടത്തുന്നത്‌. ഇപ്പോള്‍ ഇയാള്‍ ലീഗില്‍ അംഗമാണ്‌. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ നിന്ന്‌ മത്സരിച്ചിരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന മദനിക്ക്‌ അവിടെയെത്തി നിയമോപദേശങ്ങള്‍ നല്‍കിയവരില്‍ പ്രധാനിയായിരുന്നു ഹസന്‍.

മോചിതനായെത്തിയ മദനിക്ക്‌ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത്‌ ഏര്‍പ്പെടുത്തിയ സ്വീകരണത്തിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഹസന്‍. സിപിഎം-കോണ്‍ഗ്രസ്‌ നേതാക്കളെ വേദിയിലെത്തിച്ചത്‌ ഹസന്റെ നേതൃത്വത്തിലുള്ളവരാണ്‌.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനുമായും അടുത്തബന്ധം പുലര്‍ത്തുന്ന ഹസനാണ്‌ മദനിയുമായി പിണറായി വിജയനെ അടുപ്പിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്‌. ഇടതുപക്ഷ സര്‍ക്കാര്‍ ഇതിന്‌ പ്രത്യുപകാരമായാണ്‌ വഖഫ്‌ ബോര്‍ഡില്‍ ഇസ്ലാമിക പണ്ഡിതനെന്ന പേരില്‍ ഹസനെ നാമനിര്‍ദേശം ചെയ്തത്‌. ഇതിനെ ചോദ്യംചെയ്ത്‌ ലീഗ്‌ അനുകൂല സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അന്ന്‌ നല്‍കിയ കേസ്‌ ഇപ്പോഴും ഹൈക്കോടതിയില്‍ നിലവിലുണ്ട്‌.

ഐഎസ്‌എസ്‌ നിരോധിച്ചതോടെ പിഡിപിയിലായ ഹസന്‍ പിന്നീട്‌ ലീഗില്‍ ചേരുകയായിരുന്നു. ഹസനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയാല്‍ ലീഗിന്‌ താല്‍പര്യമുള്ള കേസുകളില്‍ അനുകൂല ഇടപെടല്‍ നടത്താമെന്ന നിഗമനത്തിലാണ്‌ ലീഗ്‌. ഭരണക്കാര്‍ പ്രതികളായ നിരവധി കേസില്‍ പ്രതികളെ സഹായിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട്‌. എന്നാല്‍ ഇതിനെതിരെ ലീഗിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. മിതവാദികളായി അറിയപ്പെടുന്ന മന്ത്രി മുനീര്‍, യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാജി എന്നിവര്‍ ഹസന്റെ നിയമനത്തില്‍ നീരസമുള്ളവരാണ്‌.

ആര്‍.അജയകുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by