കോട്ടയം : കേരള സര്‍ക്കാര്‍ ധനസഹായത്തോടെ മഹാത്മാഗാന്ധി സര്‍വ്വകലാശാല പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന ഇണ്റ്റര്‍ യൂണിവേഴ്സിറ്റി സെണ്റ്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച് സെണ്റ്ററിണ്റ്റേയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടേയും ഒന്നാം ഘട്ട പ്രവര്‍ത്തനം ൨൦൧൨ ഫെബ്രുവരിയില്‍ ആരംഭിക്കൂം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ തലപ്പാടി നേഴ്സിംഗ് കോളജില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ആദ്യഘട്ടത്തില്‍ ഗവേഷണ കേന്ദ്രത്തിനും ആശുപത്രിയുടെ ഔട്ട് പേഷ്യണ്റ്റ് വിഭാഗത്തിനുമുള്ള രണ്ടു നിലകളുടെ പണി പൂര്‍ത്തിയാക്കാമെന്ന് കരാറേറ്റെടുത്ത ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ജൂലൈ മാസത്തോടെ രണ്ടു നിലകള്‍ കൂടി പൂര്‍ത്തിയാവും. ഡോ. എം.എസ് വല്യത്താന് അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയാറാക്കി കഴിഞ്ഞു. കേരളത്തില്‍ കണ്ടുവരുന്ന ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനത്തിനാണ് മുന്‍ തൂക്കം. വാര്ദ്ധക്യരോഗങ്ങളെക്കുറിച്ചുള്ള ഗവേഷണവും ഉണ്ടാവും. നടപ്പുസാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ ഒരു കോടി രൂപ ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. നേരത്തെ ൫ കോടി രൂപ സര്‍വ്വകലാശാലയ്ക്ക് ഇതിലേക്കായി ലഭിച്ചിരുന്നു. വൈസ് ച്വാന്സലര് പ്രൊഫ. രാജന് ഗുരുക്കള്‍, രജിസ്ട്രാര്‍ എം.ആര്. ഉണ്ണി, ഡോ. പി.ജി രാമകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്തംഗം അഡ്വ ഫിത്സണ് മാത്യൂസ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജസ്സിമോള്‍ മനോജ്, വൈസ് പ്രസിഡണ്ട് സാബു പുതുപ്പറമ്പില്‍ റ്റി.സി ജേക്കബ്ബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: