Categories: Kerala

പുന്നപ്രയില്‍ നിലം നികത്തി ബണ്ട്‌ നിര്‍മിച്ചത്‌ ബിജെപി പൊളിച്ചുനീക്കി

Published by

ആലപ്പുഴ: പുന്നപ്ര വടക്ക്‌ പഞ്ചായത്തിലെ പൂന്തുരം പാടശേഖരം നികത്തി റിസോര്‍ട്ടുകാര്‍ നിര്‍മിച്ച ബണ്ട്‌ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊളിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്റെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.വി.വി.രാജേഷിന്റെയും നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ്‌ നിയമവിരുദ്ധമായി നിര്‍മിച്ച ബണ്ട്‌ പൊളിച്ചത്‌.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ജന്മനാട്ടില്‍ അനധികൃതമായി നിലം നികത്തുന്നതില്‍ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാറിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പല അനധികൃത പ്രവര്‍ത്തനങ്ങളിലും അരുണ്‍കുമാറിന്റെ പേര്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്നുണ്ട്‌. സ്വന്തം വീടിന്‌ സമീപം മുംബൈ ആസ്ഥാനമായ റിസോര്‍ട്ടുകാര്‍ നിലം നികത്തിയിട്ടും അച്യുതാനന്ദനും സിപിഎമ്മും മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ അടുത്തകാലത്തായി നിലം നികത്തലും കായല്‍ കയ്യേറ്റവും വര്‍ധിച്ചിരിക്കുകയാണ്‌. എന്നാല്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്‌. ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ചില പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

2008ല്‍ നീര്‍ത്തടങ്ങളും നെല്‍ വയലുകളും സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമം വെറും നോക്കുകുത്തിയായി മാറി. കുട്ടനാട്ടില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം തോമസ്‌ ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലാണ്‌ നടക്കുന്നത്‌. മിച്ചഭൂമി നല്‍കിയിട്ടുള്ളത്‌ ഭൂരഹിതര്‍ക്കാണ്‌. അപ്രകാരം നല്‍കിയിട്ടുള്ള ഭൂമി വിലയ്‌ക്ക്‌ വാങ്ങിയ തോമസ്ചാണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തിയത്‌. ഈ സാഹചര്യത്തില്‍ ചാണ്ടി എംഎല്‍എ സ്ഥാനം ഒഴിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പുന്നപ്രയടക്കം ജില്ലയില്‍ നടക്കുന്ന നിലം നികത്തലിനും കായല്‍ കയ്യേറ്റത്തിനുമെതിരെ ബിജെപി സമരം ശക്തമാക്കും. ഇപ്പോള്‍ നടന്നത്‌ സൂചനാ സമരം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ടി.ചന്ദ്രശേഖരന്‍, ബിജെപി ജില്ലാ പ്രസിഡന്റ്‌ വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.കെ.വാസുദേവന്‍, ജില്ലാ പ്രസിഡന്റ്‌ വി.ശ്രീജിത്‌, ജനറല്‍ സെക്രട്ടറി അഡ്വ.സുദീപ്‌.വി.നായര്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ എല്‍.പി.ജയചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.പരീക്ഷിത്ത്‌ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by