യൈവര്‍ണ്ണസൂചിതാ മൂലമന്ത്രോദ്ധാരണകാരിണീ
യാമിനീയാമളാരാധ്യ യായാവരസമര്‍ച്ചിതാ
യൈവര്‍ണ്ണസൂചിതാ – ‘യൈ’ എന്ന വര്‍ണ്ണം കൊണ്ട് സൂചിപ്പിക്കപ്പെടുന്നവള്. ‘കനകധാരായൈ’ എന്ന പദത്തിലെ അവസാനത്തിലുള്ള ‘യൈ’ എന്ന അക്ഷരമാണ് നാമത്തിന് വിഷയം. ‘കനകധാരാ’ എന്നാണ് മഹാലക്ഷ്മിയുടെ പര്യായവും മന്ത്രത്തിനുവിഷയവുമായ പദം… ‘യൈ’ എന്ന വര്‍ണ്ണം അതിന്റെ വിഭക്തിപ്രത്യയമാണ്. “കനകധാരാ ദേവിക്കായി” എന്ന് സൂചിപ്പിക്കുന്ന നാലാം വിഭക്തി പ്രത്യയം. ആകാരാന്ത സ്ത്രീ ലിംഗപദങ്ങള്‍ ചതുര്‍ത്ഥി വിഭക്തിയില്‍ ‘യൈ’ എന്നാകും. സീതാ – സീതായൈ എന്ന പോലെ. തുടര്‍ന്ന് ‘നമഃ’ എന്ന പദമാണ്. “കനകധാരയൈ നമഃ” കനകധാരാദേവിക്കായിക്കൊണ്ട് നമസ്കാരം എന്നുതര്ജ്ജമചെയ്യാം. കനകധാരാമന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ‘യൈ’ എന്ന വര്‍ണ്ണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കാനാണ് വ്യാകരണകാര്യം പറയേണ്ടിവന്നത്. മന്ത്രദേവതയെ ഉപാസകനുമായി ബന്ധപ്പെടുത്തുന്ന ഈ അക്ഷരം ഇവിടെ മന്ത്രാക്ഷരമായിത്തീര്ന്നു. “യൈ വര്‍ണ്ണ സൂചിതാ” എന്നാണ് നാമം. കനകധാരാമന്ത്രത്തിലെ “യൈ” എന്ന വര്‍ണ്ണം മന്ത്രദേവത മഹാലക്ഷ്മിയാണെന്ന് സൂചിപ്പിക്കുന്നു. “യൈ” എന്ന വര്‍ണ്ണം കൊണ്ടുസൂചിപ്പിക്കപ്പെടുന്നവള് എന്നര്‍ത്ഥം.
മൂലമന്ത്രോദ്ധാരണകാരിണി – മൂലമന്ത്രത്തിന്റെ ഉദ്ധാരണത്തിന് കാരണമായവള്‍. ഈ നാമത്തിന്റെ അര്‍ത്ഥം ചില തന്ത്രശാസ്ത്രസങ്കല്പങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപാസിക്കപ്പെടുന്ന ദേവതയ്ക്ക് കൈയും കാലും തലയും മുഖവുമൊക്കെയുള്ള ഒരു സമൂലരൂപമുണ്ടെന്ന് ഒരു സങ്കല്പമുണ്ട്. ജടയും ജടയില്‍ ചന്ദ്രക്കലയും ഭസ്മം പൂശിയ ദേഹവും അരയില്‍ മൃഗത്തിന്റെ തോലും കഴുത്തില്‍ പാമ്പുമൊക്കെയുള്ള ഒരു മുക്കണ്ണനായ മനുഷ്യന്റെ ചിത്രം വരച്ചുണ്ടാക്കിയും അത് ശിവനാണെന്ന് ആരും പറയും. ഭക്തിയുള്ളവര്‍ ആ ചിത്രം കണ്ടാല്‍ കൈകൂപ്പുകയും ചെയ്യും. ഈ ചിത്രം ഭഗവാന്റെ സ്ഥൂല രൂപമാണെന്നത് ഭാവനയാകാം. പക്ഷേ ശാസ്ത്രീയമായ അടിസ്ഥാനം ഭാവനയ്ക്കുണ്ട്. അതുപോലെ ‘ഓം നമഃ ശിവായ” എന്ന മന്ത്രം ശിവന്റെ പല മന്ത്രശരീരങ്ങളില് ഒന്നാണെന്നതും ശാസ്ത്രീയ സത്യമാണ്. ഇപ്പോള്‍ വിവരിച്ച രീതിയിലുള്ള ഒരു ചിത്രമോ വിഗ്രഹമോ മുമ്പില്‍ വച്ച് അതില്‍ നോക്കി ആ രൂപം മനസ്സില്‍ ഉള്‍ക്കൊണ്ട് ധ്യാനിച്ചാല്‍ കാലം കൊണ്ട് രൂപം ഉള്ളില്‍ തെളിയും. ഉള്ളില്‍ തെളിഞ്ഞ രൂപത്തെ ഉദ്ദേശിച്ച് മുന്നില്‍ ഉള്ള ചിത്രത്തിന്റെ പാദത്തില്‍ അര്‍പ്പിച്ചാല്‍ അര്‍പ്പിച്ച പൂക്കള്‍ ഉള്ളില്‍ തെളിഞ്ഞ ഭഗവാന്റെ കാലില്‍ വീഴുന്നതായി കാണാം. ഈ ചിത്രദര്‍ശനവും ധ്യാനവും അര്‍ച്ചനയുമെല്ലാം “ഓം നമഃ ശിവായ” എന്ന മന്ത്രം ജപിച്ചുകൊണ്ടാണ് ചെയ്യുന്നതെങ്കില്‍ കാലം കൊണ്ട് ഉച്ചാരണാവയവങ്ങളും ശരീരത്തിന്റെ ബുദ്ധികളുടെയും പ്രവര്‍ത്തനങ്ങളും മന്ത്രത്തിന്റെ താളത്തിനൊത്താകും – ചിത്രം മുന്നിലിരുന്നാലും അതു കണ്ണില്‍ പെടാതെയാകും ഉള്ളിലുള്ള ചിത്രത്തിന്റെ അവയവങ്ങള്‍ മറഞ്ഞ് നിബിഡമായ ഒരു തേജസ്സുണ്ടാകും. ആ തേജസ്സില്‍ മന്ത്രാക്ഷരങ്ങള്‍ ലയിച്ചുചേരും. ചുണ്ടും മനസ്സിന്റെ ചുണ്ടും മന്ത്രജപം തുടരുമെങ്കിലും കാതില്‍ കേള്‍ക്കാവുന്ന ശബ്ദം അല്ലാതായിത്തീരും. അന്തഃകരണങ്ങള് ആനന്ദത്തില്‍ മുഴുകും ഈ അനുഭവം അല്പനേരത്തേക്കെങ്കിലും ഉണ്ടാകുമ്പോള്‍ മന്ത്രദേവത ഉണരും. ഉപാസകന്റെ ചുറ്റും മന്ത്രശക്തിയുടെ ആവരണം ഉണ്ടാകും. ആ ആവരണം രക്ഷാ കവചമായി ഉപാസകനെ സംരക്ഷിക്കും. തെറ്റുചെയ്യാന്‍ ഉപാസകന് കഴിയാതെയാകും. കരുതിക്കൂട്ടി തെറ്റുചെയ്യാന്‍ ശ്രമിക്കാതെയാകും. ഫലത്തില്‍ ഉപാസകന് യോഹിയും ജീവന്മുക്തനുമാകും. പ്രകൃതി അയാളെ അനുസ്മരിക്കും.
വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയെ അത്യാവന്തം ലളിതമാക്കി അവതിരിപ്പിക്കുകയായിരുന്നു. മന്ത്രോചാരണവും ഉപാസനയുമായുള്ള ബന്ധം ഇതില്‍ നിന്ന് ഒട്ടൊക്കെ മനസ്സിലാക്കാം.
മൂലമന്ത്രോദ്ധാരണകാരിണീ എന്നാണ് ചര്‍ച്ചാവിഷയമായ നാമം. നാമത്തെ ദേവിയുടെ മുമ്പില്‍ ചര്‍ച്ചാവിഷയമായ നാമം. നാമത്തെ ദേവിയുടെ സ്ഥൂലരൂപസങ്കല്പവും മന്ത്രരൂപവും ഉപാകസനുമായി ബന്ധപ്പെടുത്തണം. യൈ എന്ന മന്ത്രാക്ഷരമാണ് ബന്ധിപ്പിക്കുന്ന കണ്ണി. കനകധാരമന്ത്രത്തിലെ പത്താമത്തെ അക്ഷരമായ യൈ ദേവീസ്വരൂപമാണെന്ന് മുന്‍നാമവും ഈ നാമവും സ്ഥാപിക്കുന്നു.മന്ത്രരൂപിണിയായ ദേവിതന്നെ മന്ത്രോദ്ധാരണകാരിണിയായി മന്ത്രോപാസകനെ അനുഗ്രഹിക്കുന്നു.
യാമിനീ-യാമങ്ങളോടുകൂടിയവള് എന്ന് പദത്തിനര്‍ത്ഥം. രാത്രി എന്ന അര്‍ത്ഥത്തിലാണ് ഈ പദം സാധാരണപ്രയോഗിക്കാറുള്ളത്. ഭയമുളവാക്കുന്നതിനാല്‍ നിന്ദിതങ്ങളായ യാമങ്ങളുള്ളതിനാല് രാത്രി എന്നര്‍ത്ഥമുണ്ടായി എന്ന് കോശകാരന്മാര്‍ പറയുന്നു. പ്രളയകാലത്തെ രാത്രിയും മരണത്തിന്റെ തലേ നാളത്തേ രാത്രിയും ഭയപ്പെടുത്തുന്നവയാകയാല് അവയെയും യാമിനി എന്ന് പറയാം. ഈ അര്‍ത്ഥങ്ങള്‍ സ്വീകരിച്ചാല്‍ രാതിയായും കാളരാത്രിയായും രൂപം സ്വീകരിക്കുന്നവള്‍ എന്ന് വ്യാഖ്യാനിക്കാം.
യാമിനി പകലുമാകാം. ദിവസമെന്നും അര്‍ത്ഥംപറയാം. യാമം കാലമളക്കാനുള്ള ഒരു തോതാണ്. ഏഴരനാഴിക ഏതാണ്ട് മൂന്ന് മണിക്കൂര്‍ സമയം. യാമങ്ങള്‍ ചേരുമ്പോള്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും നൂറ്റാണ്ടുകളും തുടര്‍ന്ന് യുഗംവരെയോ അതിനുമപ്പുറത്തേയ്ക്കോ വളരാം. അപ്പോള്‍ യാമിനി അനന്തമായ കാലത്തിന്റെ രൂപമാകും.അതാണ് ദേവിസ്വരൂപം. കാലഗതിയില്‍ സൃഷ്ടിയും സ്ഥിതിയും നാശവും അനുസ്യൂതമായി തുടരുന്നു. കാലസ്വരൂപിണിയായ യാമിനീ ദേവി മാറ്റമില്ലാതെ നിലനില്ക്കുന്നു.
യാമളാരാധ്യാ- യാമളങ്ങളില് നിര്‍ദ്ദേശിക്കുന്ന പൂജാക്രമങ്ങളനുസരിച്ച് ആരാധിക്കപ്പെടേണ്ടവള്‍. യാമങ്ങള്‍ തന്ത്രശാസ്ത്രഗ്രന്ഥങ്ങളാണ്. മന്ത്രം, യന്ത്രം പൂജാവിധികളില്‍ എന്നിവയും തത്ത്വശാസ്ത്രചര്ച്ചകളും ഉള്‍പ്പെടുന്ന യാമങ്ങള്‍ രഹസ്യമായി കരുതപ്പെടുന്നു. ലക്ഷ്മീയാമളത്തിലാണ് ലക്ഷ്മീ പൂജാക്രമങ്ങളുള്ളത്. ഉമായാമളം വിഷ്ണുയാമളം രുദ്രയാമളം ബ്രഹ്മയാമളം സ്കന്ദയാമളം എന്നിവയെപ്പറ്റി മറ്റ് ഗന്ഥ്രങ്ങളിലുള്ള പരാമര്‍ശമാണ് ഇവിടെയും കൊടുത്തിരിക്കുന്നത്.
യായാവരസമര്‍ച്ചിതാ- യായാവരന്മാരാല് അര്‍ച്ചിക്കപ്പെട്ടവള്‍. യായാവരന്‍ -യോഗി.യോഗിമാരാല്‍ യോഗശാസ്ത്രവിധിപ്രകാരം ആരാധിക്കപ്പെടുന്നവള്‍.
ജരല്‍ക്കാരു എന്ന മഹര്‍ഷിക്കും യായാവരന്‍ എന്ന് പേരുണ്ട്. യായാവരവംശത്തില് പിറന്ന ജരല്‍ക്കാരു വാസുകിയുടെ സഹോദരിയായ ജരല്ക്കാരുവിനെ വിവാഹം കഴിച്ചു. ഇവരുടെ മകനാണ് ജനമേജയന്റെ സര്‍പ്പസത്രം മുടക്കിയ ആസ്തികമഹര്‍ഷി. അമ്മയായ ജരല്‍ക്കാരു മഹാദേവിയുടെ അംശഭൂതയാണ്. മാനസാദേവി എന്ന പേരില്‍ ആ ദേവി ആരാധിക്കപ്പെടുന്നു. ജരല്ക്കാരുമഹര്ഷി പിതൃക്കളെ രക്ഷിക്കാനായി ദേവിയെ വിവാഹം കഴിച്ചുവെങ്കിലും അദ്ദേഹം ദേവിയെ ആരാധിച്ചിരുന്നു. സങ്കല്പമാത്രം കൊണ്ടായിരുന്നു പുത്രോത്പാദനം ജരല്‍ക്കാരു മഹര്‍ഷിയാല്‍ ആരാധിക്കപ്പെട്ടവള്‍ എന്നും വ്യാഖ്യാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: