ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ വൈരുദ്ധ്യങ്ങളാണ്. ധര്‍മം മറഞ്ഞതിന്റെ പരിണിത ഫലം തന്നെയാണ് ഇത്. ആത്മീയം തന്നെ ഫാഷനായി തീര്‍ന്നു. ആശ്രമങ്ങള്‍ പണക്കൂമ്പാരങ്ങളുടെ കേന്ദ്രങ്ങളായി മാറി. സ്വാമിക്ക് എത്രകോടി സ്വത്തുണ്ട്? എത്ര കോളേജുകള്‍ ഉണ്ട്? എത്ര ആശുപത്രികള്‍ ഉണ്ട്? എന്തൊക്കെയാണ് ആളുകളുടെ ചോദ്യം. എന്നുവച്ചാല്‍ സ്കൂളും കോളേജും ഉള്ള സ്വാമിമാര്‍ ദൈവങ്ങളായി! കാശുള്ള സ്വാമിയാണ് ഈശ്വരന്! ഇത്രക്കും മൂഢന്മാര് ജനിച്ചിരിക്കുന്നു ഈ ഭൂമിയില്‍!
മനഃശാന്തി തേടി ജനങ്ങള്‍ പരക്കം പായുകയാണ്. പക്ഷേ എവിടെ കിട്ടും മനഃശാന്തി? ദുരിതവും പാപവും ഏറ്റുവാങ്ങി ജീവിക്കുന്ന മനുഷ്യന് മനഃശാന്തി പകരാന്‍ ആര്‍ക്ക് സാധിക്കും? ഭൗതിക വ്യാമോഹങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന ആത്മീയപ്രസ്ഥാനങ്ങള്‍ക്കും ആചാര്യന്മാര്ക്കും എങ്ങനെ മനുഷ്യരാശിയെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ സാധിക്കും? ഇവരുടെ കൂട്ടത്തില്‍പ്പെട്ടവനല്ല തഥാതന്. ഞാന്‍ വെറുമൊരു ഭിഷു. ഒന്നും ഇല്ലാത്തവന്. സ്കൂളും കോളേജും കെട്ടാത്തവന്. മായാജാലങ്ങള്‍ കാട്ടി ആളെ കൂട്ടുന്നത് തഥാതന്റെ പണിയല്ല. പ്രപഞ്ചസുഖങ്ങളില് മാത്രം കണ്ണുവച്ച് നടക്കുന്നവര്‍ക്ക് തഥാതന്റെ അരികില്‍ നിന്ന് ഒന്നും കിട്ടാനില്ല. എന്നാല്‍ നിങ്ങളുടെ ജീവനെ ബന്ധിച്ചിരിക്കുന്ന കാരാഗൃഹത്തില്‍ നിന്നും മോചിപ്പിച്ച് നിത്യമായ ശാന്തിയിലേക്ക് നയിക്കാന്‍ തഥാതന് കഴിയും.
നിങ്ങള്‍ എവിടെ അന്വേഷിച്ചാലും കിട്ടാത്ത അമൂല്യമായ സമ്പത്തിനെ, ഈശ്വരീയ സമ്പത്തിനെ പകര്ന്നുനല്കാന് തഥാതന് കഴിയും. അതിനുള്ള അപാരമായ വൈഭവം ആ പ്രപഞ്ച മാതാവ് തഥാതനില്‍ വാരിക്കോരി നിറച്ചിരിക്കുന്നു. ആ സമ്പത്തിന് അര്‍ഹതപ്പെട്ട ജീവന്മാര് തഥാതനെ തേടി വരും. ആ ശക്തി അവരെ ഇവിടെ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: