തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശയ്ക്ക് ആനുപാതികമായാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. ആഗസ്റ്റ് ഒന്നുമുതല്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരും. ദിവസം 20 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി റെഗുലേറ്ററി കമ്മീഷന് ഉത്തരവ് പുറത്തിറക്കിയത്. പുറത്തുനിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത പരിഹരിക്കാനാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ആറുമാസത്തേക്ക് സര്‍ചാര്‍ജ് ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന് വൈദ്യുതിബോര്‍ഡിന് അനുമതി നല്‍കിയത്.
2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള അധികബാധ്യത 161.23 കോടി രൂപയ്ക്കുള്ളതാണ് ഇന്ധന സര്‍ചാര്‍ജായി ഏര്‍പ്പടുത്താന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കമ്മീഷന് ഇത് 150.29 കോടിയായി നിജപ്പെടുത്തി.
2009 ഒക്ടോബര്‍ മുതല്‍ 2010 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവില്‍ ഇന്ധനവില വര്‍ധനമൂലമുണ്ടായ അധികബാധ്യതയായി കമ്മീഷന് അംഗീകരിച്ചത് 381.42 കോടി രൂപയാണ്. ഈ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാതെ 2010-2011 വര്‍ഷത്തെ ബോര്‍ഡിന്റെ അധികവരുമാനമായ 350.57 കോടി രൂപയില്‍ നിന്നും കുറവുചെയ്തിരുന്നു. ബാക്കി തുകയായ 30.58കോടി രൂപയും 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള കാലയളവിലെ കമ്മീഷന് നിജപ്പെടുത്തിയ 150.29 കോടി രൂപയും ചേര്‍ത്ത് ആകെ 181.14 കോടി രൂപ സര്‍ചാര്‍ജായി ഈടാക്കുവാനാണ് കമ്മീഷന് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ധന സര്‍ച്ചാര്‍ജായി യൂണിറ്റ് ഒന്നിന് 25 പൈസവീതം ആഗസ്റ്റ് 1 മുതല്‍ ആറുമാസത്തേക്കുള്ള ഉപഭോഗത്തിനാണ് ഈടാക്കേണ്ടത്. ഇരുപത് യൂണിറ്റുവരെ പ്രതിമാസ ഉപഭോഗമുള്ള 500 വാട്ടര്‍ താഴെ കണക്റ്റ്ഡ് ലോഡ് ഉള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ച്ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റ് എല്ലാ വിഭാഗക്കാര്‍ക്കും സര്‍ചാര്‍ജ് ബാധകമാണ്. ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്ന തുകയുടെ വിവരങ്ങള്‍ കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തുന്നതിനും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിരിച്ചെടുക്കുന്ന തുകയുടെ കൃത്യമായ കണക്കുകള്‍ മാസംതോറും കമ്മീഷനു ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തല്ക്കാലം ആലോചനയില്ലെന്നാണ് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന് നല്കിയ ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് പുതിയ നിരക്ക് വര്‍ധനയ്ക്ക് വൈദ്യുതി വകുപ്പ് നല്‍കിയിരിക്കുന്ന വിശദീകരണം.
സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് തത്കാലം കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കഴിഞ്ഞയാഴ്ചയും പറഞ്ഞിരുന്നു. പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണ് കെഎസ്ഇബി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 1350 കോടി രൂപയുടെ നഷ്ടത്തിലാണ്. പ്രസരണ വിതരണ നഷ്ടം നികത്തി ഇത് ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അത് പാഴ്വാക്കാണെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: