ന്യൂദല്‍ഹി: വോട്ടിന് നോട്ട് ഇടപാടിനു പിന്നിലെ സൂത്രധാരനും സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍സിംഗിനെ ദല്‍ഹി പോലീസ് ചോദ്യംചെയ്തു. ബിജെപി എംപിമാരെ വിലക്കെടുക്കാന്‍ ശ്രമിച്ച 2008 ലെ വിശ്വാസവോട്ടിനു മുമ്പ് കോണ്‍ഗ്രസ് അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വോട്ടിന് നോട്ട് വിവാദത്തിന് പിന്നിലെ ഒട്ടേറെ നിര്‍ണായക വിവരങ്ങള്‍ അദ്ദേഹം പോലീസിനോട് പറഞ്ഞതായി അറിയുന്നു.
ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. സ്പെഷ്യല്‍ സെല്ലിലെ ഒരു അഡീ. ഡിസിപിയും സന്നിഹിതനായിരുന്നു. വിശ്വാസവോട്ടിന്റെ വേളയില്‍ സഞ്ജീവ് സക്സേന തന്റെ ജീവനക്കാരനായിരുന്നില്ലെന്ന് അമര്‍സിംഗ് അവകാശപ്പെട്ടു.
അമര്‍സിംഗിനെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യും. ബിജെപി എംപി അശോക് അര്‍ഗലിനെ തിങ്കളാഴ്ച ചോദ്യംചെയ്യും. അതിനുശേഷം ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ‘വോട്ടിന് നോട്ട്’ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുഹൈല്‍ ഹിന്ദുസ്ഥാനി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമര്‍സിംഗിനെ ചോദ്യംചെയ്തത്. സുഹൈലിന് പുറമെ അമര്‍സിംഗിന്റെ അടുത്ത കൂട്ടാളിയായ സഞ്ജീവ് സക്സേനയുടെയും മൊഴികള്‍ നിര്‍ണായകമായിരുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിംഗുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഹിന്ദുസ്ഥാനി ചൂണ്ടിക്കാട്ടിയിരുന്നു.
രാവിലെ 10.45 ഓടെ സ്വന്തം മെഴ്സിഡസ് കാറിലാണ് അമര്‍സിംഗ് ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: