ആദ്ധ്യാത്മ രാമായണത്തിലെ സുന്ദരമായ കാണ്ഡമാണ് സുന്ദരകാണ്ഡം. ശബ്ദഭംഗികൊണ്ടും, അര്‍ത്ഥഭംഗികൊണ്ടും സുന്ദരമാണ്. സുന്ദരന്‍ എന്ന വാക്കിന് കാമദേവന്‍ എന്നും അര്‍ത്ഥം. സുന്ദരനെ ചുട്ടുഭസ്മമാക്കിയ സുന്ദരേശന്റെ (പരമേശ്വരന്റെ) വാനരാവതാരമായ ഹനുമാനാണ് ഈ കാണ്ഡത്തിലെ മുഖ്യ കഥാപാത്രം. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ സീതയെക്കുറിച്ച് ശ്രീരാമന് വിവരം ലഭിക്കുന്നത് ഈ കാണ്ഡത്തിലാണ്. അതുകൊണ്ട് നഷ്ടസൗഭാഗ്യങ്ങള്‍ തിരികെ ലഭിക്കുവാന്‍ സുന്ദരകാണ്ഡം പതിവായി വായിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.
ശിവന്‍ പാര്‍വ്വതിക്ക് പറഞ്ഞുകൊടുക്കുന്ന കഥ കിളിയെക്കൊണ്ടു പറയപ്പിക്കുന്ന രീതിയിലാണ് എഴുത്തച്ഛന്‍ കിളിപ്പാട്ട് രചിച്ചിരിക്കുന്നത്. ആ രീതിയനുസരിച്ച് സുന്ദരകാണ്ഡാരംഭത്തിലും കവി കിളിയെ ക്ഷണിക്കുകയും കിളി കഥ പറഞ്ഞു തുടങ്ങുകയും ചെയ്യുന്നു. രാമകഥകള്‍ കേള്‍ക്കാന്‍ താല്‍പര്യം പൂണ്ട് തൊഴുതുകൊണ്ട് നില്‍ക്കുന്ന ശ്രീപാര്‍വ്വതിയോട് കാരുണ്യപൂര്‍വം ചിരിച്ചുകൊണ്ട് ശ്രീമഹാദേവന്‍ രാമകഥ പറയാനാരംഭിച്ചു.മാരുതപുത്രനും പര്‍വ്വതാകാരരൂപിയുമായ ഹനുമാന്‍ തന്റെ ശക്തിയും ബലവും കൊണ്ട് നൂറുയോജന വിസ്താരമുള്ള ലവണസമുദ്രം മറികടക്കാന്‍ ശ്രീരാമകാലടികളെ മനസ്സില്‍ ചിന്തിച്ചുകൊണ്ട് നിശ്ചലനായി നിന്നു. അതിന് ശേഷം ദൃഢനിശ്ചയത്തോടെ വാനരരോടിങ്ങനെ പറഞ്ഞു.
എന്റെ പിതാവായ വായുദേവന്‍ ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നതുപോലെയും രാമന്‍ തൊടുത്തുവിട്ട ശരംപോലെയും അത്രയും തന്നെ വേഗത്തില്‍ ഞാന്‍ സീതാദേവിയെ തേടിപ്പോകുന്നു. ഈ മഹാത്തായ കാര്യം എന്നെ ഏല്‍പ്പിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ജനനമരണങ്ങള്‍ക്കുപോലും ഇല്ലാതാക്കുന്ന രാമനാമവും ചിന്തിച്ച് നടക്കുന്ന എനിക്ക് രാമദൂതനാകാന്‍ സാധിച്ചതിനാല്‍ ഈ ജന്മത്തില്‍ ഒന്നിനെക്കുറിച്ചും യാതൊരു ഭയവുമില്ല. മരണസമയത്ത് രാമനാമം ചിന്തിക്കുന്നവന്‍ സംസാരസമുദ്രം കടക്കുന്നു. രാമദുതനായ എനിക്ക് ഈ സമുദ്രം കടക്കാന്‍ എന്തുപ്രയാസം? മനസ്സില്‍ സീതാരാമന്മാരും ശിരസ്സില്‍ രാമാംഗുലീയവുമായി ലവണസമുദ്ര ലംഘനത്തിനായി പോകുന്ന ഞാന്‍ അല്‍പംപോലും ഭയപ്പെടുന്നില്ല. അതിനാല്‍ വാരന്മാരേ നിങ്ങള്‍ എന്നെയോര്‍ത്ത് ദുഃഖിക്കേണ്ട ആവശ്യമേയില്ല.ഇത്രയും പറഞ്ഞുകൊണ്ട് ഹനുമാന്‍ തന്റെ രോമങ്ങള്‍ നിറഞ്ഞ വാല്‍ മേലോട്ടുയര്‍ത്തി ചുഴറ്റി. കൈകള്‍ പരത്തിപ്പിടിച്ച് കഴുത്ത് നേരെയാക്കി ബലവും വീര്യവും വര്‍ദ്ധിപ്പിച്ചു. കാല്‍ അല്‍പം വളച്ച് ദൃഢമായി ഉറപ്പിച്ചു. സൂക്ഷ്മനയനനായി ആകാശത്തിലേക്ക് നോക്കി ലങ്കയെന്ന ലക്ഷ്യം ഹൃദയത്തില്‍ ഉറപ്പിച്ചുകൊണ്ട് ദക്ഷിണദിക്കിലേക്ക് ചാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: