ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി. ജയരാജന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തും വിളിച്ചു പറയുന്നവര്‍ എന്തിന് കോടതി നടപടിയെ ഭയപ്പെടുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു.
ഹൈക്കോടതി വിധി നിയമപരമല്ലെന്ന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശുംഭന് എന്ന പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് ജയരാജന് കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ സ്വമേധയാ കേസെടുത്തതെന്ന് ജയരാജന് ഹര്‍ജീയില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെയുള്ള തെളിവായി സ്വീകരിച്ച സി.ഡി കാണാന്‍ കഴിഞ്ഞില്ലെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളൊക്കെ സുപ്രീംകോടതി തള്ളി. നിര്‍ഭയമായി കോടതിയെ അധിക്ഷേപിച്ച് സംസാരിക്കുന്നവര്‍ അതിന്റെ അനന്തര നടപടികളും നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജയരാജന് പ്രസ്താവന നടത്തിയത്. ഇതു കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: