ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് നിര്‍ണയത്തിന് അഞ്ചംഗ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ സി.വി. ആനന്ദ ബോസ് ചെയര്‍മാനായ അഞ്ചംഗ സമിതി ഈ പുരാവസ്തുക്കളുടെ സംരക്ഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കും. നാഷണല്‍ മ്യൂസിയം ക്യൂറേററര് എം.ജി. നായര്‍, ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ , റിസര്‍വ് ബാങ്കിന്റെ പ്രതിനിധി, പദ്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മൂന്നംഗ നിരീക്ഷണസമിതിയും നിലവില്‍ വരും.
കൂടുതല്‍ അമൂല്യശേഖരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമൊന്നും പറഞ്ഞിട്ടില്ല. മറ്റ് നിലവറകളുടെ പരിശോധന തുടരും. സ്വത്ത് നിര്‍ണയിക്കുന്നത് വീഡിയോയില്‍ പൂര്‍ണമായും പകര്‍ത്തണമെന്നും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അമൂല്യസമ്പത്തിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൗരാണിക പ്രാധാന്യമുള്ളവ, പൗരാണിക പ്രാധാന്യമില്ലാത്തവ, ക്ഷേത്രത്തിന്റെ ദൈനംദിന ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്നവ എന്നിങ്ങനെയാണ് വസ്തുക്കളെ തരംതിരിക്കേണ്ടത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓരോ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാകും. നിരീക്ഷണസമിതി അംഗങ്ങളെയും കോടതി നിശ്ചയിച്ചു.
ജസ്റ്റിസ് എം.എന്‍.കൃഷ്ണന്, സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയോ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങള്‍. ജസ്റ്റിസുമാരായ ആര്.വി.രവീന്ദ്രന്, എ.കെ.പട്നായിക് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വത്തുക്കള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളെ കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: