കൊച്ചി: ഡിപി വേള്‍ഡിന് കീഴിലുള്ള കൊച്ചി വല്ലാര്‍പാടത്തെ അത്യാധുനിക രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ ചരിത്രം കുറിച്ച് മെര്‍സ്ക് സേമ്പാവാങ്ങ് ബര്‍ത്ത് ചെയ്തു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലെത്തുന്ന ഏറ്റവും വലിയ ആദ്യത്തെ കണ്ടെയ്നര്‍ കപ്പലാണ് മെര്‍സ്ക് സേമ്പാവാങ്ങ്. സിംഗപ്പൂര്‍ പതാക പേറുന്ന കപ്പലിന് 319 മീറ്ററാണ് നീളം. 6478 ടി.ഇ.യു കണ്ടെയ്നര്‍ ശേഷിയുള്ള ഈ കപ്പല്‍ ഇന്ത്യയിലെത്തുന്ന മെര്‍സ്ക് ലൈനിന്റെ ഏറ്റവും വലിയ കപ്പലുമാണ്. ഇതിന് മുമ്പ് ദക്ഷിണേന്ത്യന്‍ തുറമുഖമണഞ്ഞ ഏറ്റവും വലിയ കപ്പലും മെര്‍സ്ക് ലൈനിന്റേതായിരുന്നു. ചെന്നൈ തുറമുഖത്തടുത്ത മെര്‍സ്ക് കലമാത്തയാണ് ഈ കപ്പല്‍. 303.83 മീറ്റര്‍ നീളമുള്ള ഈ കപ്പലിന് 6416 ടി.ഇ.യു കണ്ടെയ്നര്‍ ശേഷിയാണുള്ളത്.
ഇന്ത്യ ഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി ടെര്‍മിനല്‍ അതിദ്രുതം വളരുകയാണെന്ന് ഡി.പി വേള്‍ഡില്‍ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അനില്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ വാണിജ്യ വളര്‍ച്ചയില്‍ പ്രധാന ചാലകശക്തിയാണ് ഈ ടെര്‍മിനല്‍. 2020 ലക്ഷ്യമാക്കിയുള്ള കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ഭാവി വികസന ലക്ഷ്യം നിറവേറ്റുന്നതിലും ടെര്‍മിനലിന്റെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെര്‍സ്ക് സേമ്പാവാങ്ങിനെ കൊച്ചിയിലെത്തിക്കാനുള്ള മെര്‍സ്ക് ലൈനിന്റെ തീരുമാനം ആഗോള ഷിപ്പിങ് രംഗത്തിന് കൊച്ചി ടെര്‍മിനലിന്റെ സാധ്യതകളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ഡി.പി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.കെ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചി തുറമുഖത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. വന്‍കിട മെയിന്‍ലൈന്‍ കണ്ടെയ്നര്‍ കപ്പലുകള്‍ ഉയര്‍ന്ന ഉല്പാദനക്ഷമതയില് കൈകാര്യം ചെയ്യുന്നതിനുള്ള ടെര്‍മിലിന്റെ ശേഷിക്ക് സേമ്പാവാങ്ങിന്റെ ബര്‍ത്തിങ് സാക്ഷ്യപത്രമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂപ്പര്‍ പോസ്റ്റ് പാനമാക്സ് ട്വിന്‍ ലിഫ്റ്റ് ക്വേ ക്രെയിനുകള്‍, റബര്‍ ടയറുകളുള്ള 15 ഗാന്‍ട്രി ക്രെയിനുകള്‍, 600 മീറ്റര്‍ നീളമുള്ള ക്വേ, ഉള്‍നാടുകളിലേക്കു ള്ള റെയില്‍ ബന്ധം എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് ഉന്നതമായ മൂല്യമാണ് ടെര്‍മിനല്‍ വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന വിപണികളായ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നിവയുമായി ഏറ്റവും മികച്ച റെയില്‍, റോഡ് കണക്ടിവിറ്റിയാണ് ടെര്‍മിനലിനുള്ളത്. പ്രധാന ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളായ തൂത്തുക്കുടി, മംഗലാപുരം എന്നിവയുമായി കടല്‍ മാര്‍ഗവും കൊച്ചി ടെര്‍മിനലില്‍ നിന്നും എത്താനാകും. ഇന്ത്യന്‍ വാണിജ്യത്തിന്റെ നാലിലൊന്നിന്റെ ആവശ്യമാണ് കൊച്ചി ടെര്‍മിനല്‍ ഇത്തരത്തില്‍ നിറവേറ്റുന്നത്. ഉള്‍നാടന്‍ ജലപാതകളിലൂടെ ബാര്ജുകളിലൂടെയുള്ള കണ്ടെയ്നര്‍ നീക്കം മറ്റ് ടെര്‍മിനലുകള്‍ക്ക് അവകാശപ്പെടാനാകാത്ത മേന്മയും കൊച്ചി ടെര്‍മിനലിന് പ്രദാനം ചെയ്യുന്നു.
പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കണ്ടെയ്നര്‍ ടെര്മിനലുകളിലൊന്നെന്ന നിലയില്‍ ഈ തുറമുഖത്തിന് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട നാലുനിര ഹൈവ്, റെയില്‍ കണക്ടിവിറ്റിയും രാജ്യത്തെ മറ്റ് തുറമുഖങ്ങളുമായി മികവുറ്റ തീരക്കടല്‍ ബന്ധവുമാണുള്ളത്. തന്ത്രപരമായ സ്ഥാനവും പൂര്‍വ-പശ്ചിമ വ്യാപാര പാതയുമായുള്ള സാമീപ്യവും മധ്യകിഴക്കനേഷ്യന് വ്യാപാരപാതയിലേക്കുള്ള 11 നോട്ടിക്കല്‍ മെയില്‍ മാത്രം വരുന്ന അകലവും സൂയസ് പാതയിലേക്കുള്ള 76 നോട്ടിക്കല്‍ മെയിലും ഈ ടെര്‍മിനലിനെ ഏഷ്യ-യൂറോപ്പ്, ആഫ്രിക്ക, മധ്യകിഴക്കനേഷ്യ വ്യാപാരത്തില്‍ നിര്‍ണായകമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബാക്കി മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: