നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ കമ്മാടം റവന്യൂ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞലി മരം മുറിച്ചു കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കമ്മാടത്ത് സര്‍വ്വെ നമ്പര്‍ 553 ല്‍പ്പെട്ട 54 ഏക്കര്‍ 77 സെണ്റ്റ് വനഭൂമിയാണുള്ളത്. അതേസമയം കാവ് സംരക്ഷണ സമിതിയുടെ മറവിലാണ് മരം കൊള്ള നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരംകൊള്ള സംബന്ധിച്ച് വില്ലേജില്‍ പരാതിപ്പെട്ടപ്പോള്‍ അധികൃതരില്‍ നിന്നും നിഷേധാത്മക സമീപനമാണുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. ജില്ലാ കലക്ടര്‍, ഡിഎഫ്ഒ, വനംമന്ത്രി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഏറെ പാരമ്പര്യം അവകാശപ്പെടുന്ന കമ്മാടം കാവ് അപൂര്‍വ്വ ജൈവ വൈവിധ്യ കലവറയും തദ്ദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നുമാണ്. കൂടാതെ ജില്ലയിലെ തന്നെ വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികളും ജൈവ വൈവിധ്യം തേടി കാവിലേക്ക് യാത്രയും നടത്താറുണ്ട്. കാവിലെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായതാണ് മരംകൊള്ള വ്യാപിക്കാന്‍ കാരണമെന്നാണ് സൂചന. അതേസമയം ഉദ്യോഗസ്ഥരുടെയും വന സംരക്ഷണ സമിതിയിലെ ചിലരുടെയും ഒത്താശയാണ് മരംകൊള്ള നടക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: