കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കുറഞ്ഞത് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
ദുരന്തത്തില്‍ കൊല്ലപ്പെട്ട ബി. മുഹമ്മദ് റാഫി എന്ന 24 കാരന്റെ മാതാപിതാക്കളായ അബ്ദുള്‍ സലാമും റംലയും നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോനാണ് ഈ ഉത്തരവ് നല്‍കിയത്. ഒരുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് എയര്‍ ഇന്ത്യക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ദുബായിയില്‍ നിന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 166 പേരുമായി എത്തിയ കത-892 ബോയിങ്ങ് 737-800 വിമാനമാണ് കഴിഞ്ഞ വര്‍ഷം മെയ് 22ന് മംഗലാപുരത്തിന് സമീപം കെഞ്ജാര് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നത്. സെര്‍ബിയക്കാരനായ പെയിലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഉയരാന്‍ നടത്തിയ നീക്കമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. നിയന്ത്രണം വിട്ട വിമാനത്തിന്റെ ചിറക് തൊട്ടടുത്ത കുന്നിന്‍ചെരിവില്‍ തട്ടിത്തകരുകയായിരുന്നു. അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം ഒന്നരക്കോടി രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് റാഫിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒരുലക്ഷം എസ്ഡിആര് (75 ലക്ഷം രൂപക്ക് തുല്യമായ സ്പെഷ്യല്‍ ഡ്രോയിങ്ങ് റൈറ്റ്സ്) നഷ്ടപരിഹാരമായി നല്കാന് വിമാനക്കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. അന്താരാഷ്ട്ര നാണയനിധി പുറത്തിറക്കുന്ന പ്രത്യേക കറന്‍സിയാണ് എസ്ഡിആര്. ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെട്ട മറ്റ് നഷ്ടപരിഹാരങ്ങള്‍ക്ക് പുറമെയാണ് ഈ തുക നല്‍കേണ്ടത്. യാത്ര ചെയ്യുന്ന വിഭാഗം കണക്കിലെടുക്കാതെ യാത്രക്കാര്‍ക്ക് ഒരേരീതിയില്‍ നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കുന്ന മോണ്ട്രിയല് കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.
ദുരന്തത്തില്പ്പെട്ടുള്ള മരണം പരിക്കുകളുടെ ഏതു പരിധിക്കും മുകളിലായതിനാല്‍ ഒരുലക്ഷം എസ്ഡിആര് കുറഞ്ഞ നഷ്ടപരിഹാരമായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുവദിക്കാന്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവരെപ്പോലെത്തന്നെ ജീവന് നഷ്ടമായ മുഹമ്മദ് റാഫിക്ക് പ്രായവും വരുമാനവും ആശ്രിതത്വവുമെല്ലാം അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തില്‍ വിവേചനം കാണിക്കേണ്ട കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
20 ലക്ഷത്തോളം രൂപ ഇതുവരെ നഷ്ടപരിഹാരമായി ഹര്‍ജിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി തുക ഒരു മാസത്തിനകം കൊടുക്കണമെന്നാണ് കോടതി ഉത്തരവ്. യുഎഇയില്‍ ജോലിനോക്കുകയായിരുന്ന റാഫി കാസര്‍കോട്ടെ കുമ്പളയിലുള്ള വീട്ടിലേക്ക് വരുമ്പോഴാണ് ദുരന്തത്തില്‍പ്പെട്ടത്.
ആകെയുള്ള നഷ്ടപരിഹാരമായി 35 ലക്ഷം രൂപ നല്കി കേസ് അവസാനിപ്പിക്കാന്‍ നാഷണല്‍ ഏവിയേഷന്‍ കമ്പനി നടപടി തുടങ്ങിയതിനുപിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. പെയിലറ്റിന്റെ അലംഭാവവും പിന്നീട് നാഷണല്‍ ഏവിയേഷന്‍ കമ്പനി കാട്ടിയ അനാസ്ഥയും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രം 48 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ലാന്‍ഡിങ്ങ് പിഴവില്‍ നിന്ന് വിമാനത്തെ രക്ഷിക്കാന്‍ പെയിലറ്റ് നടത്തിയ ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ എയര്‍ ഇന്ത്യ സ്വാഗതം ചെയ്തു. നഷ്ട.പരിഹാരം ഉടന്‍ നല്കാന് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: