ന്യൂദല്‍ഹി: വോട്ടിന് നോട്ട് വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംഗിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി.
യുപിഎ സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ 2008-ല്‍ ബിജെപി എംപിമാര്‍ക്ക് പണം നല്‍കിയ കേസില്‍ അമര്‍സിംഗിനെ ചോദ്യം ചെയ്യാന്‍ ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ ബിജെപി എംപിമാര്‍ക്ക് പണം കൈമാറാന്‍ ഇടനിലക്കാരനായ സഞ്ജീവ് സക്സേനയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമര്‍സിംഗിനെതിരെ ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്.
അമര്‍സിംഗിനെ എംപിമാര്‍ക്ക് പരിചയപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് സുഹൈല്‍ ഹിന്ദുസ്ഥാനി ഇന്നലെ പോലീസിന് മൊഴി നല്‍കി. എംപിമാര്‍ക്ക് പണം നല്‍കിയ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി അടുപ്പമുള്ളവരും തനിക്ക് ഫോണ്‍ ചെയ്തതായി സുഹൈല്‍ വെളിപ്പെടുത്തി. വോട്ടിന് നോട്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പാര്‍ലമെന്ററി സമിതി മുമ്പാകെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം പോലീസിനോടും പറയുമെന്നും മൊഴി നല്‍കാന്‍ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഹിന്ദുസ്ഥാനി വാര്‍ത്താലേഖകരോട് പറഞ്ഞു.
അമര്‍സിംഗും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് ‘ഓപ്പറേഷന്‍’ ആസൂത്രണം ചെയ്തതത്രെ. 2008 ജൂലൈ 9, 22 തീയതികളില്‍ തന്നെ വിളിച്ചവര്‍ ആരൊക്കെയാണെന്നറിയാന്‍ ഈ ദിവസങ്ങളിലെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് സുഹൈല്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമര്‍സിംഗും ചില കോണ്‍ഗ്രസ് നേതാക്കളും തന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘സര്‍ക്കാരിനെ രക്ഷിക്കാന്‍ ബിജെപി എംപിമാരെ വിലക്കെടുക്കാനാണ് അവര്‍ തന്നെ സമീപിച്ചത്. ചില കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍സ്ഥാനം പോലുള്ള പദവികളും അവര്‍ വാഗ്ദാനം ചെയ്തിരുന്നു’, അദ്ദേഹം പറഞ്ഞു.
വോട്ടിന് നോട്ട് കേസ് അന്വേഷണത്തില്‍ ദല്‍ഹിപോലീസിന്റെ അലംഭാവത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ചൂടുപിടിച്ചത്.
ബിജെപി എംപിമാരായ അര്‍ഗല്‍, ഫഗന്‍സിംഗ് കുലസ്തെ, മഹാവീര്‍ ഭഗോറ എന്നിവരെ വിലയ്‌ക്കെടുക്കാനാണ് 2008 ജൂലൈ 22ന് ശ്രമം നടന്നത്. ഇവര്‍ക്ക് നല്‍കിയ കെട്ടുകണക്കിന് നോട്ടുകള്‍ മറ്റ്ബിജെപി എംപിമാര്‍ അന്ന് സഭയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അമര്‍സിംഗിന്റെ സഹായിയായിരുന്ന സഞ്ജീവ് സക്സേന വഴിയാണ് പണം കൊടുത്തത്. പണം തന്നത് അമര്‍ സിംഗാണെന്ന് സക്സേന ബിജെപി എംപിമാരോട് പറയുകയും ചെയ്തിരുന്നു.
സക്സേനയെ എംപിമാരുടെ വീട്ടിലെത്തിച്ച ഡ്രൈവറെയും പണം കൈമാറുന്നതിനിടെ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന മൊബെയില്‍ ഫോണും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: