തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.
അനൗദ്യോഗിക രേഖകള്‍ സഭയില്‍ വയ്ക്കണമെങ്കില്‍ ചെയറിന്റെ അനുമതി വേണമെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് വ്യക്തമാക്കി. ധനകാര്യ ബില്ലിന്റെ വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയ്ക്കു ശേഷം ധനമന്ത്രി മറുപടി പറയുന്ന സമയത്തു ക്രമപ്രശ്നവുമായി തോമസ് ഐസക് എഴുന്നേല്‍ക്കുകയായിരുന്നു.
ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണെന്നു പറയാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കര്‍ ഇതുസംബന്ധിച്ച വിശദമായ റൂളിങ് നല്കി. അംഗങ്ങള്‍ക്ക് എന്തെങ്കിലും പേപ്പര്‍ സഭയുടെ മുന്നില്‍ വയ്ക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. ധനമന്ത്രി ചെയറിന്റെ അനുമതിയോടെയാണ് ധവളപത്രം സമര്‍പ്പിച്ചത്. ചട്ടം 295 പ്രകാരം തോമസ് ഐസക്കിന് ഇത്തരത്തില്‍ ഒരു ധവളപത്രം വയ്ക്കാന്‍ അനുമതിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ധവളപത്രം നിയമസഭയില്‍ വയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മൂന്നര കോടി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: