ന്യൂദല്‍ഹി: ടോമിന് ജെ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന വിധത്തിലുള്ള ഒരു നിര്‍ദ്ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ജൂലൈ 11ന് ആയിരുന്നു സസ്പെന്‍ഷനിലായിരുന്ന ഐ.ജി ടോമിന് തച്ചങ്കരി സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചത്.
സസ്പെന്ഷന് കാലാവധി കഴിഞ്ഞാല്‍ തച്ചങ്കരിയെ തിരിച്ചെടുക്കുന്നതില്‍ തെറ്റില്ലെന്ന ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരത്തിലൊരു നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ലെന്നാണു മുല്ലപ്പള്ളി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ തച്ചങ്കരിയെ തിരിച്ചെടുക്കല്‍ വിവാദം വീണ്ടും ശക്തമാകുമെന്നുറപ്പായി.
സംസ്ഥാനത്തു ഭീകരസംഘടനകള്‍ വേരുന്നുന്നുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിനു ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെയാണു തീവ്രവാദ ബന്ധമുള്ളവരുമായി വിദേശത്തു ചര്‍ച്ച നടത്തിയ തച്ചങ്കരിയെ തിരിച്ചെടുക്കാമെന്ന് എന്തിനാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കിയത്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഡിജിപിക്ക് മുമ്പാകെ എത്തിയാണ് തച്ചങ്കരി റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. അനുവാദമില്ലാതെ വിദേശ യാത്ര നടത്തുകയും ഭീകര സ്വഭാവമുള്ള ചിലരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന്റെ പേരിലാണ് ഐജിയായിരുന്ന ടോമിന് ജെ. തച്ചങ്കരിയെ സസ്പെന്റ് ചെയ്തത്. ഇതിനു ശേഷം എന്‍.ഐ.എ അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: