തിരുവനന്തപുരം: രാസവളങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാസവളം വില വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്ത് നിന്നും മുന്‍ കൃഷി മന്ത്രി കൂടിയായ മുല്ലകര രത്നാകരനാണ് പ്രമേയത്തിന് അനുമതി തേടിയത്. രാസവളത്തിന്റെ വില വര്‍ദ്ധന കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുല്ലക്കര ചൂണ്ടിക്കാട്ടി. രാസവളത്തിന്റെ വില നിയന്ത്രണം എടുത്തുകളയും കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി കര്‍ഷകരുടെ നട്ടെല്ലൊടിക്കിമെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കേണ്ടത് തന്നെയാണാന്ന് കൃഷി മന്ത്രി കെ.പി മോഹനന് മറുപടി പറഞ്ഞു. കേരളത്തിന് കിട്ടേണ്ട രാസവളത്തിന്റെ ലഭ്യത കൂടുതല്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംയുക്തമായി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയാണ് വേണ്ടതെന്നും കൃഷിമന്ത്രി പറഞ്ഞു.
വില നിയന്ത്രണം എടുത്ത കളഞ്ഞ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാസവളത്തിന്റെ വില കുറയ്ക്കണമെന്ന ആവശ്യവും കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: