മ്വൂവാറ്റുപുഴയാറില്‍നിന്നും ഉദ്ദേശം 7 കി.മീറ്ററോളം ടണല്‍ മാര്‍ഗം വെള്ളം മീനച്ചിലാറിന്റെ പോഷകനദിയായ കടപ്പുഴയാറിലെത്തിച്ച് കോട്ടയം ജില്ലയിലെ ധനകാര്യമന്ത്രിയുടെ മണ്ഡലമായ പാലാപ്രദേശം ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കില്‍ ജലസേചനം, കുടിവെള്ളം പദ്ധതികള്‍ക്കായി വിനിയോഗിക്കുക. ഇതാണ് മീനച്ചില്‍ നദീതടപദ്ധതി. ഇതിനായി 65കോടിയാണ് ബജറ്റ് തുക മാറ്റി വെച്ചിരിക്കുന്നത്. അതില്‍ 2011 ലെ ബജറ്റില്‍ മാത്രം 25കോടി രൂപ അനുവദിച്ചു കഴിഞ്ഞു. മൂവാറ്റുപുഴയാറില്‍നിന്നും മീനച്ചിലാറില്‍ എത്തുന്ന ജലം മീനച്ചില്‍ ആറ്റിലൂടെ ഒഴുകണമെങ്കില്‍ ആറിന്റെ അടിത്തട്ടിലെ പാറപൊട്ടിച്ച് 20 അടിയിലേറെ താഴ്ത്തണം. ചില സ്ഥലങ്ങളില്‍ ആഴം ഇതില്‍ കൂടുതല്‍ താഴ്ത്തേണ്ടിവരും. പദ്ധതി വിദഗ്ദ്ധ സമിതി അപ്രായോഗികവും ഖജനാവിന്റെ ദുര്‍വ്യയവുമാണെന്ന കാരണത്താല്‍ തള്ളിയിരുന്നതാണ്. കാരണം മുന്‍ അനുഭവത്തില്‍ തൊട്ടടുത്തുള്ള മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പ്രോജക്ടും (എംവിഐപി) പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ടും (പിവിഐപി) വിഭാവനം ചെയ്ത തുകയേക്കാള്‍ പതിന്മടങ്ങ് കോടികള്‍ ചെലവാക്കിയിട്ടും ഇരുപദ്ധതികളും എങ്ങുമെത്തിയിട്ടില്ല. മീനച്ചിലിന് വകകൊള്ളിച്ചിരിക്കുന്ന 65കോടി 6500 കോടിയായാലും തീരില്ല എന്നത് വ്യക്തമാണ്. കാരണം ഭൂമി കുലുക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നദിയുടെ അടിത്തട്ടിലെ പാറപൊട്ടിക്കാനുള്ള ഉദ്യമം അപ്രായോഗികമാണെന്നതുതന്നെ. ഇതൊന്നും കണക്കിലെടുക്കാതെ കേരള ബജറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഇത്രയേറെ പ്രാദേശിക സ്വജനപ്രീണന ബജറ്റുമായി ഒരു ധനമന്ത്രി മുന്നോട്ടുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മന്ത്രിയാകുന്നവരും എംഎല്‍എ-എംപിയാകുന്നവരും സങ്കുചിതമായ പ്രാദേശിക വികസനം മാത്രം ലാക്കാക്കി ഖജനാവ് കൊള്ളയടിക്കാന്‍ തുനിഞ്ഞാല്‍ കേരളമെന്ന വികാരവും ഇന്ത്യയെന്ന അസ്തിത്വവും ശിഥിലമാകും.
മീനച്ചിലാറ്റില്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കും. ഈ ജില്ലകളിലെ നിലവില്‍ നടക്കുന്നതും വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഒട്ടനവധി ജലസേചന-കുടിവെള്ള വിതരണ പദ്ധതികള്‍ അവതാളത്തിലാകുമെന്നത് തീര്‍ച്ചയാണ്. മൂവാറ്റുപുഴയാറിലൂടെ കുട്ടനാട്ടിലെത്തുന്ന ശുദ്ധജല സ്രോതസ്സിന് കാര്യമായ ശോഷണം സംഭവിക്കും. ഇതിന്റെ ഫലമായി കൃഷിയും പ്രാദേശിക കായല്‍ ആവാസവ്യവസ്ഥയും തകിടം മറിയും. റഷ്യയിലെ അറാള്‍ കടലിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. 1940 കളിലെ സോവിയറ്റ് യൂണിയന് ലോകത്തെ പരുത്തി കൃഷിയില്‍ ചൈനയ്ക്ക് പുറകില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു. അതിനെ മറികടന്ന് ഒന്നാമനാകാന്‍ റഷ്യയിലെ കൂടുതല്‍ ഭാഗങ്ങളില്‍ പരുത്തി കൃഷി വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. അതിനായി 1950 കളില്‍ സിര്‍ഓറിയ-അമുദാറിയ എന്നീ രണ്ടു നദികള്‍ മദ്ധ്യറഷ്യയിലേക്ക് തിരിച്ച് വിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റഷ്യ പരുത്തി കൃഷിയില്‍ ലോകത്ത് ഒന്നാമതായി. കാരണം മധ്യറഷ്യയില്‍ പരുത്തി കൃഷിയ്ക്ക് പറ്റിയ മണ്ണായിരുന്നു. വെള്ളത്തിന്റെ അഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സിര്‍ദാറിയ-അമുദാറിയ നദികള്‍ ഒഴുകിയെത്തിയിരുന്ന അറാള്‍ കടല്‍ വന്‍നാശത്തിലെത്തിയതായാണ് ചരിത്രം. 1960 ല്‍ അറാള്‍ കടലില്‍ ഒഴുകിയെത്തിയിരുന്ന ജലത്തിന്റെ എട്ടിലൊരുഭാഗംപോലും 1989 ല്‍ വന്നുചേരാത്ത അവസ്ഥയായി. കടലില്‍ 47 അടിയോളം വെളളം കുറയുകയും ആകെയുണ്ടായിരുന്നതിെന്റ 44 ശതമാനത്തോളമായി കടല്‍ ചുരുങ്ങുകയും ചെയ്തു. ഇത് കടലിലെ ജലജീവികളെയും കടലിനെ ആശ്രയിച്ചിരുന്ന ഒരു വലിയ സംഘം മത്സ്യത്തൊഴിലാളികളേയും പക്ഷികളേയും സാരമായി ബാധിച്ചു. പരുത്തി കൃഷിയിലൂടെ ഉണ്ടായ ലാഭത്തെക്കാളേറെ സാമ്പത്തിക നഷ്ടമായിരുന്നു നദികളുടെ ഗതിമാറ്റം മൂലം സംഭവിച്ചത്. മൂവാറ്റുപുഴയെ ഗതിമാറ്റുമ്പോഴും കുട്ടനാട്ടിലും വൈക്കം താലൂക്കിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല. മൂവാറ്റുപുഴയിലൂടെ എത്തിയിരുന്ന ധാതു ലവണങ്ങളുടെ അഭാവവും ശുദ്ധജല ലഭ്യതയും ജല ആവാസ വ്യവസ്ഥയെ തകിടം മറിക്കും.
ഇടുക്കി അണക്കെട്ട് വന്നപ്പോള്‍ പെരിയാറിന് സംഭവിച്ചതും മറ്റൊന്നല്ല. ഇന്ന് മീനച്ചിലാറ്റിലേക്ക് തിരിച്ചുവിടാന്‍ മൂവാറ്റുപുഴയിലൂടെ ഒഴുകുന്ന ജലം പെരിയാറ്റിലേതാണ്. 1970 കളില്‍ ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മീഷന് ചെയ്തതുമുതല് പെരിയാറ്റിലൂടെ ഒഴുകിയിരുന്ന ജലം അണക്കെട്ടുകള്‍ നിര്‍മിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിനായി മൂലമറ്റം പവര്‍ ഹൗസിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. അവിടെനിന്നും വാലറ്റ ജലം പോകുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. ഇതിനെത്തുടര്‍ന്നാണ് 1978 ല്‍ ആദ്യമായി പെരിയാറ്റില്‍ വ്യവസായ മലിനീകരണംമൂലം മത്സ്യക്കുരുതി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുമുമ്പ് പെരിയാറിന്റെ ഏലൂര്‍ -ഉദ്യോഗമണ്ഡല്‍-എടയാര്‍ വ്യവസായ മേഖലയില്‍ വ്യവസായശാലകള്‍ എത്രമാത്രം മലിനജലം ഒഴുക്കിയാലും അത് നേര്‍പ്പിച്ച അപകടരഹിതമായി ഒഴുക്കുവാനുള്ള വെള്ളമുണ്ടായിരുന്നു പെരിയാറ്റില്‍.
ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി ജലം മൂവാറ്റുപുഴയാറിലേക്ക് തിരിച്ചുവിട്ടതുമുതല്‍ പെരിയാര്‍ നിറം മാറി ഒഴുകുന്നതിനും മത്സ്യക്കുരുതിയ്ക്കും ഇടയാക്കി. ഇതുകൂടാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴാണ് വിദഗ്ദ്ധസമിതിയിലെ ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍, വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍, സിഡബ്ല്യുഡി ഡയറക്ടര്‍, ജിയോളജി വിഭാഗം ഡയറക്ടര്‍ സെസ്സ് ഡയറക്ടര്‍, ജിഎസ്ഐ റീജിയണല്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ മീനച്ചില്‍ നദീതടപദ്ധതിയെ അപ്രായോഗികമാണെന്ന് എഴുതിത്തള്ളിയത്. ഈ പദ്ധതിയാണ് പൊടിതട്ടി വെറും സങ്കുചിത-പ്രാദേശിക-സ്വജനപക്ഷപാത പദ്ധതിയായി ധനമന്ത്രി കേരളത്തിന്റെ ഖജനാവിനെ ചോര്‍ത്താന്‍ മുതിരുന്നത്. പ്രശ്നം ഇവിടംകൊണ്ടും തീരുന്നില്ല. പദ്ധതി നടപ്പായാല്‍ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ കുടിവെള്ള-ജലസേചന പദ്ധതികളാണ് നോക്കുകുത്തികളാകുക. അതില്‍ പ്രധാനപ്പെട്ടവ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ജല ആവശ്യം, അറക്കുളം മുതല്‍ വൈക്കംവരെയുള്ള 16 ലേറെ കുടിവെള്ള പദ്ധതികള്‍, കൊച്ചി നഗരത്തിന് വേണ്ടി ജനോറം പദ്ധതിവഴിയുള്ള കുടിവെള്ള വിതരണ പദ്ധതികള്‍, ചേര്‍ത്തല താലൂക്കിലെ കുടിവെള്ള വിതരണം, മൂവാറ്റുപുഴയാറ്റിലെ ലിഫ്ട് ഇറിഗേഷന്‍ പദ്ധതികള്‍, മറ്റു ചെറുകിട ജലവിതരണ പദ്ധതികള്‍ എന്നിവയാണ്.
മീനച്ചില്‍ നദീതടപദ്ധതി ഒട്ടനവധി ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ ധനമന്ത്രിയുടെ പാലാ നിയോജകമണ്ഡലമൊഴികെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തും. ആര്‍ക്കെന്ത് സംഭവിച്ചാലും എന്റെ നിയോജകമണ്ഡലത്തിന് ജലം ലഭിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി ഖജനാവിനെ ചോര്‍ത്തുന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ല. ഇതിനൊക്കെ പുറമെയാണ് മീനച്ചിലാര്‍ ആഴം കൂട്ടുന്നതുകൊണ്ട് കായലില്‍നിന്നും പുഴയുടെ താഴെയുള്ള പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്തെ ഓരുവെള്ളക്കയറ്റവും മൂവാറ്റുപുഴയാറ്റിലെ ഒഴുക്ക് കുറയുമ്പോള്‍ വേലിയേറ്റം പ്രതിരോധിക്കാനുള്ള ശക്തി നദിയിലെ ഒഴുക്കിന് നഷ്ടപ്പെടുന്നത് മൂലവും ഈ നദികളില്‍ കൂടുതല്‍ അകത്തോട്ട് ഉപ്പുവെള്ളം തള്ളിക്കയറുകയും കുടിവെള്ള-ജലസേചനപദ്ധതികള്‍ താറുമാറാകുകയും ചെയ്യും. ഈ പദ്ധതിയുടെ പേരില്‍ ഓരുവെള്ളം തടയുന്നതിന് ഇനിയും ഖജനാവ് മുടിച്ച് ബണ്ട് കെട്ടുവാനുള്ള നിര്‍ദ്ദേശങ്ങളും വന്നുകൂടായ്കയില്ല. അതായത് ഒരു പ്രാദേശിക നേതാവിന്റെ താല്‍പ്പര്യം സംരക്ഷിക്കുവാന്‍വേണ്ടി ശാസ്ത്രീയ തത്വങ്ങള്‍ ബലിക്കഴിച്ച് നടപ്പാക്കാനൊരുങ്ങുന്ന മീനച്ചില്‍ നദീതടപദ്ധതി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അനാവശ്യമായി പണം ചെലവാക്കേണ്ട അവസ്ഥവരുന്നത് നിരുത്തരവാദപരമായ സമീപനമാണ്. ഇങ്ങനെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഓരോ പ്രാദേശിക പാര്‍ട്ടികളും നേതാക്കളും അശാസ്ത്രീയമായ പദ്ധതികള്‍ക്കായി ശ്രമം തുടങ്ങിയാല്‍ കേരള ഖജനാവ് കുട്ടിച്ചോറാകുമെന്നതില്‍ തര്‍ക്കമില്ല.
മീനച്ചില്‍ നദീതട പദ്ധതിമൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക വികസന കുതിച്ചു ചാട്ടവുമായി നില്ക്കുന്ന വിശാല കൊച്ചി വികസന മേഖലയാണ്. കിണറു കുഴിച്ചാല്‍ ശുദ്ധജലം ലഭിക്കാത്ത കൊച്ചി നഗരത്തിന് ആശ്വാസമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജപ്പാന് കുടിവെള്ള പദ്ധതി, ജനോറാം പദ്ധതിയിലൂടെ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി ജലം ലഭിക്കാവുന്ന, മരട്, നെട്ടൂര്‍, കുമ്പളം, കോന്തുരുത്തി, തേവര, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി ഭാഗങ്ങളിലെ കുടിവെള്ള വിതരണം, പിറവത്ത് നിന്ന് ജലമെടുക്കുന്ന പദ്ധതികള്‍ എന്നിവയെല്ലാം മൂവാറ്റുപുഴയില്‍ മീനച്ചില്‍ നദീതട പദ്ധതിമൂലം ജലം കുറയുന്നതുകൊണ്ട് മുടങ്ങിപ്പോകാവുന്ന പാതിവഴിയിലെത്തി നില്ക്കുന്ന പദ്ധതികളാണ്. ശരിക്കും പറഞ്ഞാല്‍ ധനകാര്യമന്ത്രിയുടെ പാലാ സ്നേഹം കണ്ണീരു കുടിപ്പിക്കുവാന്‍ പോകുന്നത് കൊച്ചി നഗര വാസികളെയും എറണാകുളം ജില്ലക്കാരെയുമാണ്. ഈ പദ്ധതി എറണാകുളം-ആലപ്പുഴ ജില്ലകളുടെ അന്തകപദ്ധതി തന്നെയാണ്. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ഈ പദ്ധതി നടപ്പാക്കുന്നത് ജനദ്രോഹപരമാണ്. വിദഗ്ദ്ധ സമിതി തള്ളിയ ഒരു പദ്ധതി പൊടിതട്ടി പുറത്തെടുത്ത് നടപ്പാക്കുവാന്‍ പരിശ്രമിക്കുന്നത് ശാസ്ത്രത്തോടും ഈ നാട്ടിലെ മീനച്ചില്‍ താലൂക്കിലെ ജനങ്ങളൊഴിച്ചുള്ളവരോടും ചെയ്യുന്ന അനീതിയായി മാത്രമേ ജനത്തിന് കാണാനാകൂ.
ഡോ.സി.എം.ജോയി –
പ്രതികരിക്കാൻ ഇവിടെ എഴുതുക: