ന്യൂദല്‍ഹി: രാജ്യത്ത് 40,000 ടണ്‍ റബ്ബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഏഴര ശതമാനം ഇറക്കുമതി തീരുവ ഈടാക്കിയാകും റബ്ബര്‍ ഇറക്കുമതി ചെയ്യുക. രാജ്യത്തെ റബ്ബര്‍ കര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തുന്ന ഒരു നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ടയര്‍ ഉത്പാദകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. സൗജന്യമായി രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യണമെന്ന ആവശ്യമായിരുന്നു ടയര്‍ ഉത്പാദകര്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ വച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം ടണ്‍ റബ്ബര്‍ നികുതി ഈടാക്കാതെ ഇറക്കുമതി ചെയ്യാന്‍ തയാറാണെന്ന് വാണിജ്യ മന്ത്രാലയം സമ്മതിച്ചെങ്കിലും ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലം അത് മുടങ്ങുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതിന് 20 ശതമാനമായിരുന്നു ഇറക്കുമതി തീരുവയായി ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഇറക്കുമതി തീരുവ ഏഴര ശതമാനമാക്കി കുറച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ റബ്ബറിന്റെ വില ഇടിയാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: