Categories: Kerala

വേങ്ങര അപകടം: മരിച്ചവരുടെ കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ ധനസഹായം

Published by

തിരുവനന്തപുരം: വേങ്ങരയില്‍ ക്രഷര്‍ യൂണിറ്റിന്റെ സംരക്ഷണഭിത്തി തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

അപകടത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന്‌ മാസത്തിനിടെ ഒരു പാറമട അപകടമെങ്കിലും ഉണ്ടാകുന്നുണ്ട്‌. പാറമട അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും, ഇതു സംബന്ധിച്ചുള്ള നയം രൂപീകരിക്കുന്നതിനും സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ദുരന്തങ്ങള്‍ നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്താന്‍ ഫയര്‍ ആന്റ്‌ റെസ്ക്യൂ വിഭാഗത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.ടി.ജലീലിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തമാണെന്നും തുക 10 ലക്ഷമായി ഉയര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചാല്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുമെന്നും വി.എസ്‌ സഭയെ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by