എവിടെ ഭീകരാക്രമണമുണ്ടായാലും പിച്ചുംപേയും പറയുന്ന നേതാവായി എഐസിസി സെക്രട്ടറി ദിഗ്വിജയ് സിംഗ് മാറിയിരിക്കുന്നു. സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ ചോരയൊഴുകുമ്പോള്‍ ദിഗ്വിജയ് സിംഗിന്റെ കണ്ണ് മഞ്ഞളിക്കും. പിന്നെ കാണുന്നതെല്ലാം കാവി. സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുസംഘടനയില്പ്പെട്ടവരാണെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ പിന്നെ അയാള്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. പ്രധാനമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ അക്രമം സംബന്ധിച്ച് സൂചനപോലും ലഭിക്കുംമുന്‍പ് സംഭവങ്ങള്‍ക്ക് പിന്നിലാരാണെന്ന് പറയുന്ന ബുദ്ധിവൈകൃതമാണ് സിംഗ് കാട്ടിക്കൊണ്ടിരിക്കുന്നത്. അന്വേഷണഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുമാണ് ഈ നീക്കമെന്നതില്‍ സംശയമില്ല.
ഏറ്റവും ഒടുവിലത്തെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന അതിന്റെ സൂചനയാണ്. ഹിന്ദുത്വ ഭീകരതയാണോ അക്രമത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ഗ്ഗീയ ഭീകരസംഘടനകളില്‍ നിന്നും അച്ചാരം പറ്റുന്ന ഒരാള്‍ക്കേ ഇങ്ങിനെ പറയാനൊക്കൂ. നാലുസ്ഥലത്തായി മുംബൈ നഗരത്തില്‍ കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ സംഭവം രാജ്യത്തെ മൊത്തം നടുക്കിയതാണ്. പ്രധാനമന്ത്രിയടക്കം സംഭവസ്ഥലത്തെത്തി. ആശുപത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിച്ചു. വളരെ ഗുരുതരമായ ഈ വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചു. സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അന്വേഷണം മഹാരാഷ്ട്രയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍, സിമി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് ഭീകരാക്രമണത്തിന്പിന്നില് എന്ന് വ്യക്തമായ സൂചന ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന മൂന്നിടങ്ങളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചപ്പോള്‍ ചില സൂചനകളും ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരടക്കം നിരവധി ഏജന്‍സികളും പരിശോധന നടത്തുന്നുണ്ട്. യുപി, ദല്‍ഹി, ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക എന്നീ പ്രദേശങ്ങളിലെ പോലീസുമായി വിവരങ്ങള്‍ കൈമാറുന്നുണ്ട്. അത്യന്തം ഗൗരവമായിത്തന്നെ അന്വേഷണസംഘം നീങ്ങുന്നു എന്നുതന്നെവേണം കരുതാന്‍.
ഏത് ഭീകരാക്രമണമായാലും നിതാന്തജാഗ്രതയോടെ അന്വേഷണസംഘം പെരുമാറാറുണ്ട്. കുറ്റവാളികളെ പിടികൂടിയ പാരമ്പര്യവുമുണ്ട്. എന്നാല്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ തൃപ്തികരമായ ഉത്തരം നല്കാന് നമുക്ക് സാധിക്കുന്നില്ല. അതിനുകാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സാണ്. പ്രതികള്‍ ന്യൂനപക്ഷസമുദായാംഗമായാല് അവര്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ അറച്ചുനില്ക്കുകയാണ്. പാര്‍ലമെന്റ് ആക്രമണകേസിലെ അഫ്സല്ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചത് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ്. അഞ്ചാറുവര്ഷമായിട്ടും വിധി നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ലോകത്തെ നടുക്കിയതാണ് മുംബൈ താജടക്കമുള്ള ഹോട്ടലിലും റെയില്‍വേ സ്റ്റേഷനിലുമെല്ലാം ബോംബിട്ട സംഭവം. അതില്‍ ജീവനോടെ പിടികൂടി വിചാരണയ്ക്കുശേഷം തൂക്കിലേറ്റാന്‍ വിധിച്ച കസബിനെയും ചെല്ലുംചെലവും നല്കി സര്‍ക്കാര്‍ പോറ്റുകയാണ്. അത്യന്തം അപകടകരമായ ഈ മൃദുസമീപനമാണ് ഭീകരര്‍ക്ക് പ്രോത്സാഹനമാകുന്നത്. നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭീകരര്‍ താണ്ഡവമാടും. അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിനു പകരം ലോകം പ്രകീര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കാന്‍ മോഹിക്കുന്നത് ആരായാലും അത്തരക്കാര്‍ക്ക് കലശലായ അസുഖമുണ്ട്. അത് മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന ആളാണ് ദിഗ്വിജയ്സിംഗ്. ദിഗ്വിജയ് സിംഗില്‍ നിന്നും മധ്യപ്രദേശിന്റെ ഭരണം ബിജെപി പിടിച്ചെടുത്തതുമുതല്‍ തലതിരിഞ്ഞ സിംഗിന് ഇന്നാവശ്യം വിദഗ്ധ ചികിത്സയാണ്. വിവരവും വിവേകവുമുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും അതിന് സംവിധാനമുണ്ടാക്കണം. ഇല്ലെങ്കില്‍ തലതിരിഞ്ഞ ഈ നേതാവിന്റെ ചെയ്തികള്‍ ഭരണക്കാരുടെ തന്നെ ഉറക്കം കെടുത്തുമെന്ന് തിരിച്ചറിയണം.
സേവനത്തിന്റെ മഹാമാതൃക
മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവയെന്ന് തിരിച്ചറിഞ്ഞ കര്‍മ്മയോഗിയെയാണ് സ്വാമി ആതുരദാസിന്റെ വിയോഗംമൂലം നമുക്ക് നഷ്ടമായത്. സ്വാമിജിയുടെ 99-ാം ജന്മദിനത്തിന്റെ തലേദിവസമാണ് സമാധി സംഭവിച്ചത്. മാര്‍ച്ച് 15മുതല്‍ ആശുപത്രിയിലായിരുന്നെങ്കിലും പതിവുപോലെ ജന്മദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെ വ്യാസ പൂര്‍ണ്ണിമാദിനത്തില്‍ സ്വാമിജിയുടെ ദേഹവിയോഗം സംഭവിച്ചത് യാദൃഛികമാകില്ല. ദൈവഹിതം തന്നെയാവണം.
കുട്ടിക്കാലത്തുതന്നെ ചികിത്സ പഠിച്ച അദ്ദേഹം പിന്നീട് സന്യാസം സ്വീകരിച്ച ശേഷവും ആതുരശുശ്രൂഷ തുടര്‍ന്നു. 1936-ല്‍ കുറിച്ചി സചിവോത്തമപുരത്ത് ആതുര സേവാസംഘം സ്ഥാപിച്ച സ്വാമിജി 1958-ല്‍ ആശ്രമത്തോട് ചേര്‍ന്ന് ഹോമിയോ കോളേജും സ്ഥാപിച്ചു. ഹോമിയോപ്പതിയുടെ പിതാവായ ഡോ. ഹാനിമാന്റെ ജര്‍മ്മനിയിലെ വസതിയില്‍ സന്ദര്‍ശനം നടത്തി കൂടുതല്‍ അറിവ് കരസ്ഥമാക്കി. 1978-ല്‍ ഹോമിയോകോളേജ് എന്‍എസ്എസിന് കൈമാറിയെങ്കിലും ആതുര ശുശ്രൂഷാ രംഗത്തെ സ്വാമിജിയുടെ സാന്നിധ്യം തുടര്‍ന്നു. 1968-ല്‍ മലമ്പുഴയില്‍ ആതുരസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ക്ക് ഹൗസിംഗ് കോളനി സ്ഥാപിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി 19 വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളും വൃദ്ധസദനങ്ങളും ഉള്‍പ്പെടെ സംഘത്തിന്റെ പ്രവര്‍ത്തനം സ്വാമിജി സമസ്ത മേഖലകളിലേക്കും വ്യാപിപ്പിച്ചു.
ആശ്രമത്തിലെ സര്‍വമത പ്രാര്‍ത്ഥനാ കേന്ദ്രമായ ഗീതാമന്ദിര്‍, മെഡിക്കല്‍ ക്യാമ്പുകള്‍, നഴ്സറി സ്കൂളുകള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും സാമൂഹ്യ സേവന രംഗങ്ങളില്‍ സ്വാമിജി കര്‍മ്മനിരതനായിരുന്നു. കേരളത്തിലെ ഹൈന്ദവസമാജം വെല്ലുവിളികള്‍ നേരിട്ട ഘട്ടങ്ങളിലെല്ലാം നിര്‍ണായകമായ നേതൃഗുണം പ്രകടിപ്പിച്ച അദ്ദേഹം ഹിന്ദുമതത്തിന്റെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. കര്‍മ്മബലം തന്നെയാണ് സ്വാമിജിക്ക് ദീര്‍ഘായുസ്സ് നല്‍കിയത്. സന്ന്യാസത്തിലും ആതുരസേവനത്തിലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രദാനം ചെയ്ത സ്വാമിജിയുടെ നന്മയും മേന്മയും എന്നെന്നും ഓര്‍മ്മിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: