തൃശൂര്‍: കര്‍ക്കിടക മാസപ്പിറവിയോട് അനുബന്ധിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ആനയൂട്ട് കാണാനും വടക്കുംനാഥനെ വണങ്ങാനുമായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
കര്‍ക്കിടകത്തില്‍ വിഘ്നങ്ങള്‍ മാറ്റാന്‍ വിഘ്നേശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ആനയൂട്ട് നടത്തുന്നത്. കര്‍ക്കിടകത്തിലാണ് ആനകള്‍ക്ക് സുഖചികിത്സ നടത്തുന്നതും. വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പൂജയ്ക്ക് ശേഷം 43 ഗജവീരന്മാര് വടക്കുംനാഥ സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നിരന്നു. പാറമേക്കാവ് പദ്മനാഭന്, ചിറയ്ക്കല്‍ മഹാദേവന്, ചെമ്പുത്ര ദേവീദാസന്, കുട്ടിക്കൊമ്പന് ചേറ്റുവ കണ്ണന് തുടങ്ങി വിവിധ ദേവസ്വങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഗജവീരന്മാര് പങ്കെടുത്തു.
ഒന്നര വയസുള്ള കുട്ടിക്കൊമ്പന് ചേറ്റുവ കണ്ണന് മേല്‍ശാന്തി കൊറ്റംപള്ളീ നാരായണന് നമ്പൂതിരി ആദ്യ ഉരുള നല്കി. ഔഷധഗുണമുള്ള ഭക്ഷണവും കരിമ്പും ആനയൂട്ടിന് ഒരുക്കിയിരുന്നു. 500 കിലോ അരിയാണ് ആനയൂട്ടിന് ചോറ് തയാറാക്കാനായി ഉപയോഗിച്ചത്. ചോറ്, ശര്‍ക്കര, മഞ്ഞള്‍പ്പൊടി, കരിമ്പ് എന്നിവ ഉള്‍പ്പെട്ട വിഭവമാണ് ആനകള്‍ക്ക് നല്‍കിയത്.
ഭക്തരും ആനപ്രേമികളും കൊണ്ടു വന്ന വെള്ളരിക്ക, കൈതച്ചക്ക, ചോളം, പഴം, തണ്ണിമത്തന് എന്നിവയും ആനകള്‍ക്ക് നല്കി. വടക്കുംനാഥ ക്ഷേത്ര സംരക്ഷണ സമിതിയാണ് ആനയൂട്ടിന്റെ സംഘടകര്‍. ഇരുപത്തിയെട്ടാമത് ആനയൂട്ടാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: