ചന്ദന്‍ മിത്ര
കഴിഞ്ഞയാഴ്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ അരുണ്‍ ജെറ്റ്ലിയുടെ നേതൃത്വത്തിലുള്ള ബിജെപി എംപിമാരുടെ ഒരു പ്രതിനിധി സംഘത്തില്‍ അംഗമായി ഞാന്‍ അമേരിക്കയിലായിരുന്നു. അമേരിക്കയില്‍ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തിരുന്നായാളും ഇപ്പോള്‍ കര്‍ണാടകത്തില്‍നിന്നുള്ള ലോക്സഭാംഗവുമായ ശ്രീ ജനാര്‍ദ്ദന്‍ സ്വാമിയായിരുന്നു മൂന്നാമത്തെ അംഗം. ഇതാദ്യമായാണ് പാര്‍ട്ടി എംപിമാരുടെ ഒരു സംഘം, ഉന്നത ഗവണ്മെന്റ് അധികാരികള്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്, സൈനിക തന്ത്ര വിദഗ്ദ്ധര്‍ എന്നിവരുമായി വിപുലമായ ചര്‍ച്ചകള്‍ക്കായി യുഎസ് തലസ്ഥാനത്ത് എത്തുന്നത്.
2014 ല്‍ ഇന്ത്യയുടെ ഭരണം തിരിച്ചുപിടിക്കാന്‍ ഉന്നമിട്ടിട്ടുള്ള ഉത്തരവാദപ്പെട്ട ഒരു പ്രതിപക്ഷമെന്ന് ബിജെപിയെ എടുത്തു കാണിച്ചുകൊണ്ട് അമേരിക്കയുമായി പൊതുപ്രശ്നങ്ങളിലെ വീക്ഷണങ്ങള്‍ പങ്കുവെക്കാനാണ് ഞങ്ങളെ പാര്‍ട്ടി അവിടേക്ക് നിയോഗിച്ചത്.
സ്വാഭാവികമായും ഇന്ന് ലോകത്തിലെ ഏറ്റവും ഭീതിദമായ മേഖലകളിലൊന്നായ ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഭരണതലത്തിലെ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കളുമായും ഞങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍. പാക്കിസ്ഥാന്റെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അവര്‍ ഞങ്ങളോട് വിവരങ്ങള്‍ ആരാഞ്ഞു. ഞങ്ങളുടെ സന്ദര്‍ശനവേളയിലാണ് അഫ്ഗാനിസ്ഥാനില്‍നിന്നും യുഎസ് സേനയെ പിന്‍വലിക്കാനുള്ള സമയപട്ടിക പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചത്. ഇക്കൊല്ലം 33,000 പേരെ പിന്വലിക്കുമത്രെ. കര്‍സായി സര്‍ക്കാര്‍ സുസ്ഥിരത കൈവരിച്ചിട്ടില്ലെന്നും രാജ്യം പൂര്‍ണമായി അതിന്റെ വരുതിയില്‍ വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, അഫ്ഗാനിസ്ഥാനെ അകാലത്തില്‍ കൈവിട്ടാലുണ്ടാകുന്ന അപകടങ്ങളെ ഞങ്ങള്‍ യുഎസ് നയരൂപീകരണം നടത്തുന്നവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ഒരു ശരാശരി അമേരിക്കക്കാരന് അബോട്ടാബാദില്‍ ഒസാമാ ബിന്‍ലാദനെ വകവരുത്തിയ ചടുലമായ സൈനിക നടപടിയിലൂടെ അമേരിക്ക അതിന്റെ യുദ്ധലക്ഷ്യങ്ങള്‍ കൈവരിച്ചു കഴിഞ്ഞതായി തോന്നിയേക്കാം. അവര്‍ക്ക്, അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന അവരുടെ ആണ്മക്കള്-ശവങ്ങളല്ല-തിരികെ വീട്ടിലെത്തിക്കാണാന് ആഗ്രഹമുണ്ട്. കൂടാതെ, 2008 ല്‍ സംഭവിച്ച തകര്‍ച്ചയില്‍നിന്ന് യുഎസ് സമ്പദ്വ്യവസ്ഥ കരകയറിയിട്ടില്ല; വ്യവസായ രംഗം ഗുലുമാലിലാണ്; തൊഴിലവസരങ്ങള്‍ കുറവായിട്ടു തന്നെയിരിക്കുന്നു; കയറ്റുമതി വേണ്ടത്ര ഉയരുന്നുമില്ല. അതിനാല്‍, അഫ്ഗാനിസ്ഥാനിലായാലും ലിബിയയിലായാലും പട്ടാള ഓപ്പറേഷനുകള്‍ തുടരാനായി ഇനിയും ഡോളര്‍ ചെലവിടുന്നത് ഒരു ജനപ്രിയ നടപടിയാവുകയില്ല. 2012 ന്റെ ശരത്കാലത്തില്‍, പ്രസിഡന്റ് ഒബാമക്ക് വീണ്ടും കഠിനമായ ഒരു തെരഞ്ഞെടുപ്പ് മത്സരത്തെ നേരിടേണ്ടതുണ്ട്. ഒസാമാ ബിന്ലാദന് കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന ഒബാമയുടെ ജനപ്രീതി ഗ്രാഫ് ആലസ്യത്തിലാണ്ട ഒരു സമ്പദ്വ്യവസ്ഥയുടെ ഭാരം താങ്ങാനാവാതെ താഴുകയാണ്. കയറിലൂടെ ബാലന്‍സ് തെറ്റാതെ ഒബാമക്ക് നടക്കേണ്ടതുണ്ട്. ആഗോളപോലീസുകാരന്റെ റോള്‍ അഭിനയിക്കുന്നതോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. ഭീകരതയ്ക്കെതിരെ യുദ്ധം തുടരണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പക്ഷേ ഈ യുദ്ധം മുന്നോട്ടു പോകേണ്ടതിനെത്ര പണം ചെലവാക്കണമെന്ന പ്രശ്നത്തില്‍ അഭിപ്രായൈക്യവും ഇല്ല.
ഈ സന്ദര്‍ഭത്തില്‍ യുഎസ് നയരൂപീകരണക്കാരുടെ മനസില്‍ പാക്കിസ്ഥാനുള്ള സഹായം മുന്തിനില്ക്കുന്നു. അവരുടെ ആശങ്കകള്‍ക്ക് മറുപടിയായി അരുണ്‍ ജെറ്റ്ലി ചില ചോദ്യങ്ങളുന്നയിച്ചു. ഏത് പാക്കിസ്ഥാനുമായാണ് ബന്ധം പുലര്‍ത്തേണ്ടത്? ജനാധിപത്യപരവും പുരോഗമനോന്മുഖവുമായ ഒരു പാക്കിസ്ഥാനോടൊ അതോ ഒരു ഇസ്ലാമിക-താലിബാന് വല്കൃത പാക്കിസ്ഥാനോടോ?ഈ കാര്യസംവിധാനങ്ങളില് പാക് പട്ടാളവും ഐഎസ്ഐയും ഇടം കാണേണ്ട സ്ഥാനങ്ങളേവ? പാക്കിസ്ഥാന് സ്ഥിരത കൈവരിക്കുന്നതിലും പുരോഗമിക്കുന്നതിലും ഇന്ത്യക്കും പാക്കിസ്ഥാനും താല്‍പ്പര്യങ്ങളുണ്ട്. പക്ഷേ, രണ്ടു രാജ്യങ്ങള്‍ക്കും പാക്കിസ്ഥാനിലെ സംഭവവികാസങ്ങള്‍ നിയന്ത്രിക്കാനുള്ള കെല്‍പ്പില്ല താനും. പാക് സായുധസേനകളുടെ ഇസ്ലാമിക വല്ക്കരണത്തില് ഞങ്ങള്‍ക്കുള്ള ആശങ്കയും ഞങ്ങള്‍ യുഎസ് അധികൃതരെ അറിയിച്ചു.
ഇവിടെ നാം ഒരു വിഷമപ്രശ്നം നേരിടുന്നു: സാമ്പത്തികമായി പാക്കിസ്ഥാനെ ഞെരുക്കുന്നത് അതിന്റെ ആഭ്യന്തര അസ്വസ്ഥതയെ ഗുരുതരമാക്കയും അതിന്റെ ദുര്‍ബലമായ സിവിലിയന്‍ സര്‍ക്കാരിന്റെ അടിത്തറയിളക്കുകയും ചെയ്യും. അതേസമയം, പാക് ഭരണകൂടത്തിന് സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ ചെയ്യുന്നതാകട്ടെ അവ മറ്റു ചില ദുഷ്ടകരങ്ങളില്‍ എത്തിച്ചേരുവാന്‍ ഇടയാക്കുകയും ചെയ്യും. പാക്കിസ്ഥാനി വ്യവസ്ഥിതിയുടെ ഇരുതലമൂരി നടപടികളെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടിയ പലരും ഇസ്ലാമാബാദിന് ഒസാമാ ബിന്‍ലാദന്റെ ഒളിത്താവളത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വാഷിംഗ്ടണില്‍നിന്നും സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കാനായി സ്തോഭജനകമായ ആ വിവരം അമേരിക്കയില്‍നിന്നും മറച്ചുവെക്കുകയായിരുന്നുവെന്നും ബലമായി വിശ്വസിക്കുന്നു.
ദക്ഷിണേഷ്യയുടെ ഭൂമിശാസ്ത്രപരമായ രാഷ്ട്രീയത്തില്‍ അതിശക്തമാകുന്ന ചൈനയെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ആവശ്യമായ ധാരണയില്ലെന്നും ഞാന്‍ മനസ്സിലാക്കി. റെയില്‍ പാതകളും റോഡുകളും നിര്‍മിച്ച് അവര്‍ ഇന്ത്യയെ വളയുകയാണ്. ഇത് സൈനിക തന്ത്ര പഠിതാക്കള്‍ വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല. ഇന്ത്യാ സമുദ്രത്തിലെ സമുദ്രപാതകളുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സമീപഭാവിയില്‍ മൂര്‍ച്ഛിക്കും. ഇക്കാര്യത്തില്‍ യുഎസ് വിദഗ്ദ്ധര്‍ ഞങ്ങളോട് പറഞ്ഞത് ഇന്ത്യ ചൈനയുമായി മത്സരിക്കാന്‍ ജപ്പാന്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ബലപ്പെടുത്തണമെന്നാണ്.
അമേരിക്കക്കാര്‍ ഞങ്ങളുമായുള്ള ചര്‍ച്ചാവേളകളില്‍ ന്യൂക്ലിയര്‍ കരാറിന്റെ പ്രശ്നം ഉയര്‍ത്തുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ, ഇത് ഒരു ശല്യമായില്ല. ശീത യുദ്ധാനന്തര കാലത്ത് രണ്ടു ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സൗഹൃദപരമാക്കാന്‍ മുന്‍കൈയെടുത്ത ഭാരതീയ ജനതാപാര്‍ട്ടി ഇന്തോ-അമേരിക്കന്‍ ആണവകരാറിനെ എതിര്ത്തതെന്ത് എന്നു ചിലര്‍ ഞങ്ങളോട് ആരാഞ്ഞു. അമേരിക്കയുമായി ശക്തമായ ബന്ധം പുലര്‍ത്തുക എന്നത് പാര്‍ട്ടി പരിപാടിയില്‍ പെട്ടതാണെങ്കിലും ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന ഒരു കാര്യത്തിലും ബിജെപി പങ്കാളിയാവുന്നതല്ല എന്ന് ഞങ്ങള്‍ അവരെ അറിയിച്ചു. ഒരു കാര്യം തീര്‍ച്ചയായി: അമേരിക്കക്കാര്‍ ബിജെപിയെ ഗൗരവത്തിലെടുക്കുന്നു; പാര്‍ട്ടിയുമായി അവര്‍ ഗാഢമായ ബന്ധം ആഗ്രഹിക്കുന്നു. 2009 ല്‍ എന്‍ഡിഎ എംപിമാരുടെ സംഘത്തില്‍ പെട്ട് ചൈന സന്ദര്‍ശിച്ചപ്പോഴും ഇത് തന്നെയായിരുന്നു എന്റെ അനുഭവം. സുവ്യക്തമായിത്തന്നെ, വന്‍ശക്തികള്‍ ബിജെപിയെ ഇന്ത്യയിലെ ഭാവി ഭരണകക്ഷിയായി വിലയിരുത്തുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇരുപാര്‍ട്ടി ധ്രുവീകരണം ഇന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.
(പയനിയര്‍ പത്രത്തിന്റെ പത്രാധിപരും ബിജെപി രാജ്യസഭാംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: