Categories: Ernakulam

മഴകുറഞ്ഞാല്‍ കൊച്ചിയില്‍ സമഗ്ര റോഡ്‌ പണി ആരംഭിക്കും

Published by

കൊച്ചി: കൊച്ചിനഗരത്തിലെ റോഡുകള്‍ മഴകഴിഞ്ഞാലുടന്‍ തന്നെ അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.കെ.ഇബ്രാഹിംകുഞ്ഞ്‌ നിര്‍ദേശിച്ചു. ഈ തീരുമാനം നടപ്പാക്കുന്നതിനായി പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി മനോജ്‌ ജോഷിയേയും മന്ത്രി ചുമതലപ്പെടുത്തി. നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ നിയോജകമണ്ഡലം തലത്തില്‍ പൊതുമരാമത്ത്‌ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്ന യോഗങ്ങള്‍ വിളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കലൂര്‍-കടവന്ത്ര റോഡ്‌, മത്തായി മാഞ്ഞൂരാന്‍ റോഡ്‌, കര്‍ഷക ലിങ്ക്‌ റോഡ്‌, കലൂര്‍, കടവന്ത്രറോഡ്‌ വടക്കോട്ടും തെക്കോട്ടും ദീര്‍ഘിപ്പിക്കുന്ന പണി, ഫോര്‍ട്ട്കൊച്ചി-ചെല്ലാനം റോഡ്‌, ഇടക്കൊച്ചി ബണ്ട്‌ റോഡ്‌, വൈറ്റില-തൃപ്പൂണിത്തുറ റോഡ്‌ എന്നീ എട്ടു റോഡുകളെ സിറ്റിറോഡ്‌ നവീകരണ പദ്ധതിയില്‍പ്പെടുത്തി റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ വികസിപ്പിക്കും.

ഗസ്റ്റ്‌ ഹൗസ്‌ മുതല്‍ ബിറ്റി.എച്ച്‌ ഫൈനാര്‍ട്ട്സ്‌ വരെയും ഹൈക്കോര്‍ട്ടു മുതല്‍ ഗോശ്രീപാലം വരെയുമുളള റോഡ്‌ ബിഎം ആന്റ്‌ ബിസി ചെയ്ത്‌ ഫുട്പാത്തുകള്‍ ആധുനിക വത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഭരണാനുമതി ലഭിച്ച എല്ലാ പൊതുമരാമത്തു വക പണികളും നിരന്തരമായി അവലോകനങ്ങള്‍ക്ക്‌ വിധേയമാക്കി സമയബന്ധിതമായി തീര്‍ക്കും. പണികളില്‍ ഉദാസീനത കാണിക്കുകയും പണികള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന കരാറുകാരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ നെട്ടൂര്‍ പനങ്ങാട്‌ റോഡിന്റെ പണി മഴതീര്‍ന്നാല്‍ പൂര്‍ത്തിയാക്കും. പറവൂര്‍ മണ്ഡലത്തിലെ ആറാട്ടുകടവ്‌ പാലത്തിന്റെ പണി മൂന്നു മാസത്തിനുളളില്‍ തീര്‍ക്കും. വൈപ്പിന്‍ മണ്‍ലത്തിലെ വൈപ്പിന്‍-പളളിപ്പുറം റോഡിലെ എട്ട്‌ പാലങ്ങളുടെ പണി ഒരുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും.

കാലടി പാലത്തിന്‌ സമാന്തര പാലം നിര്‍മിക്കുന്ന കാര്യം പരിശോധിക്കും. നിലവിലുളള പാലത്തിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ നടത്തും. എഴുപുന്ന-കുമ്പളങ്ങിപാലം നവംബറില്‍ പൂര്‍ത്തിയാകുമെന്ന്‌ അദ്ദേഹം അറിയിച്ചു.

ജില്ലയിലെ എല്ലാ റസ്തൗസുകളുടെയും അത്യാവശ്യ അറ്റകുറ്റപണികള്‍ തീര്‍ക്കാനും അവ നല്ല രീതിയില്‍ സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

തൃക്കാക്കര സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ്‌ അങ്കണത്തില്‍ നിലവിലുളള ക്വാര്‍ട്ടേഴ്സുകള്‍ പലതും ജീര്‍ണിച്ചിരിക്കുന്നതിനാല്‍, ഇവിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വേണ്ടി അത്യാധുനിക ശൈലിയിലുളള ഫ്ലാറ്റുകള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കും. നെട്ടൂര്‍ കടവ്‌ പാലത്തിന്റെ പണി ഓഗസ്റ്റ്‌ മാസത്തോടെ പൂര്‍ത്തിയാക്കി ഓണത്തിന്‌ മുന്‍പ്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ മന്ത്രി പറഞ്ഞു.

പിറവം മണ്ഡലത്തിലെ ചെറുകര പാലത്തിന്റെ പണി ഉടന്‍ ടെണ്ടര്‍ ചെയ്യും. മൂവാറ്റുപുഴ ആറിന്‌ കുറുകെ പിറവത്ത്‌ നിര്‍മിക്കുന്ന ഫുട്‌ ബ്രിഡ്ജിന്റെ ആസൂത്രണത്തില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന സാങ്കേതിക തകരാറുകളെക്കുറിച്ച്‌ ചീഫ്‌ എഞ്ചിനീയര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു, ടി.എം.ജേക്കബ്‌, എംഎല്‍എമാരായ എസ്‌.ശര്‍മ, ടി.യു.കുരുവിള, സാജുപോള്‍, ബെന്നിബഹനാന്‍, ഡൊമിനിക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, വി.ഡി.സതീശന്‍, അന്‍വര്‍സാദത്ത്‌, ജോസഫ്‌ വാഴയ്‌ക്കല്‍, പി.പി.സജീന്ദ്രന്‍, പൊതുമരാമത്ത്‌ സെക്രട്ടറി മനോജ്‌ ജോഷി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ആര്‍ബിഡിസികെ എംഡി ഡോ.എം.ബീന, പൊതുമരാമത്ത്‌ ചീഫ്‌ എഞ്ചിനീയര്‍ ബാബുരാജ്‌, ജോസഫ്‌ മാത്യൂ, സതീശന്‍, പെണ്ണമ്മ, ലീന, രാജു, ഹരികേശ്‌ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by