പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് ചിറ്റമ്മനയം സ്വീകരിക്കുന്നതായി ആക്ഷേപം. പെരുമ്പാവൂര്‍ പട്ടണത്തിലും പരിസരങ്ങളിലുമുള്ള സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. വിദ്യാലയങ്ങള്‍ വിട്ട വൈകുന്നേരങ്ങളില്‍ ബസ് കയറുവാനായി ബസ്സ്റ്റാന്റില് എത്തുമ്പോഴാണ് ഇവിടത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് ചിറ്റമ്മനയം എടുക്കുന്നത്.
ബസിലേക്ക് കയറുവാന്‍ എത്തുന്ന കുട്ടികളെ ഇവര്‍ വാതില്ക്കല് തടഞ്ഞ് നിര്‍ത്തുകയാണ് പതിവ്. പണം നല്കി യാത്ര ചെയ്യുന്നവരെ ആദ്യം കയറ്റുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ തടയുന്നത്. എന്നാല്‍ മുതിര്‍ന്ന യാത്രക്കാര്‍ ഇല്ലാത്ത സമയത്തും ചില ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസ്സിനകത്തേക്ക് പ്രവേശിപ്പിക്കാറില്ല. ബസ് പുറപ്പെടാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മാത്രമാണ് ജീവനക്കാര്‍ കുട്ടികളെ വാഹനത്തിലേക്ക് കയറ്റുന്നത്. ഇവര്‍ കയറുന്നതിന് മുമ്പ് ബസ് ഓടിച്ചുതുടങ്ങുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ ഒാടുന്ന വണ്ടികളില്‍ ആണ്‍കുട്ടികള്‍ എങ്ങിനെയും കയറിപ്പറ്റും. പെണ്‍കുട്ടികളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കോതമംഗലം ബസ്സ്റ്റാന്റിലും ഇതേ രീതി തന്നെയാണെങ്കിലും വിദ്യാര്‍ത്ഥികളുടെ സഹായത്തിന് പോലീസുകാര്‍ എത്താറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍ നനഞ്ഞൊലിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകള്‍ വാതില്ക്കല് മഴയത്ത് കാത്തുനിന്നശേഷം മാത്രമേ ബസ്സില്‍ കയറ്റാറുള്ളൂ. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികള്‍ എസ്ടി ടിക്കറ്റുകാരാണെന്ന് പറഞ്ഞ് ചില ജീവനക്കാര്‍ സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ലെന്നും, ബസില്‍ കയറിയാല്‍ ഇറങ്ങേണ്ട സ്ഥലമെത്തുന്നതുവരെ മോശമായി സംസാരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: