മുംബൈ: മുംബൈ നഗരത്തില്‍ 13 ന് നടത്തിയ ഭീകരരുടെ സ്ഫോടന പരമ്പരയില്‍ മനുഷ്യബോംബ് ഇല്ലെന്ന് മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തില്‍ വൈദ്യൂതി വയറുകള്‍ ചുറ്റിപ്പിണഞ്ഞതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചാവേര്‍ ആക്രമണസാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. എന്നാല്‍ എടിഎസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ചാവേര്‍ ആക്രമണസാധ്യത തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, സാവേരിബസാറിലെ സ്ഫോടനസ്ഥലത്തിന് സമീപം കാണപ്പെട്ട മോട്ടോര്‍ സൈക്കിളിന്റെ ഉടമയെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സംഘം ചോദ്യംചെയ്തു. ഹോണ്ട ആക്ടിവ വിഭാഗത്തിലെ ഈ ഇരുചക്രവാഹനം നാഗ്പാഡയിലെ അശോക് ജെയിനിന്റെ ഉടമസ്ഥതയിലാണ്.
സാവേരി ബസാറില്‍ അശോക് ജെയിനിന്റെ ബന്ധുവിന് ജ്വല്ലറിയുണ്ട്. ഇവിടേക്ക് എത്തിയതാണ് വാഹനമെന്ന് ഇദ്ദേഹത്തിന്റെ മരുമകന് അനികേത് ജെയിന് പറഞ്ഞു. വാഹനം സ്ഫോടനസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് വൈകിട്ട് മൂന്നിനാണ്. എന്നാല്‍ 6.55 നാണ് സ്ഫോടനം നടക്കുന്നത്.
അന്വേഷണത്തില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി രണ്ടുമാസം മുമ്പ് അവസാനിച്ചതായി കണ്ടെത്തയെന്ന് എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഒന്നില്‍ മടക്കിവെച്ചിരുന്ന കുടക്കുള്ളിലായിരുന്നു ബോംബ് എന്ന് പോലീസ് സംശയിക്കുന്നു. അശോകിന്റെ ബൈക്ക് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സാവേരി ബസാറിലെ കടയുടമകള്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഏറെ ആശങ്കയിലാണ്. ഇവിടെയുള്ള കടകളില്‍ ഭൂരിഭാഗവും സ്വര്‍ണാഭരണ വില്പനശാലകളാണ്. 257 പേരുടെ കൊലപാതകത്തിന് കാരണമായ ’93 ലെ 13 ഇടങ്ങളിലെ സ്ഫോടനപരമ്പരയിലെ ഒരു കേന്ദ്രവും സാവേരി ബസാറായിരുന്നു എന്നതാണ് വ്യാപാരികളെ കൂടുതല്‍ ഭയാശങ്കയിലാക്കിയിട്ടുള്ളത്. അന്ന് 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2003 ല്‍ വീണ്ടും സ്ഫോടനപരമ്പരയുണ്ടായപ്പോള് ഒരിടം സവേരി ബസാറായിരുന്നു. തുടര്‍ച്ചയായുള്ള ഭീകരാക്രമണത്തിന്റെ ഒരു വേദി സാവേരി ബസാര്‍ ആകുന്നത് ഏറെ ആശങ്കയുളവാക്കുന്നു. അധികൃതര്‍ നടപ്പാക്കി എന്ന് അവകാശപ്പെടുന്ന എല്ലാ സുരക്ഷാസന്നാഹങ്ങളെയും മറികടന്നാണ് സാവേരി ബസാറില്‍ സ്ഫോടനം നടക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.
സ്ഫോടനങ്ങള്‍ക്കുശേഷം പ്രദേശത്ത് കുറച്ച് പോലീസുകാരെത്തും, ബാരിക്കേഡുകള്‍ വരും എന്നതിലപ്പുറം ഒരു സുരക്ഷയും ഇവിടെയില്ലെന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. പോലീസുകാര്‍ നേരത്തെ ഇടംപിടിച്ചിരുന്നെങ്കില്‍ സ്ഫോടനം ഒഴിവാക്കാമായിരുന്നെന്നും വ്യാപാരികള്‍ പറഞ്ഞു.
’92 ല്‍ നടന്ന കലാപത്തില്‍ കടകള്‍ അഗ്നിക്കിരയാക്കിയതിന്റെ ദൃക്സാക്ഷിയാണ് താനെന്നും ജ്വല്ലറി ഉടമ ഖംബാട്ടി പറഞ്ഞു. വൈരക്കല്ലുകളും സ്വര്‍ണവും രത്നങ്ങളും വില്‍ക്കുന്ന സാവേരി ബസാറില്‍ തുടരെ ഭീകരാക്രമണങ്ങള്‍ നടന്നിട്ടും തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വ്യാപാരികള്‍ പറഞ്ഞു.
ഭീതി ജനിപ്പിക്കും വിധം നാശനഷ്ടങ്ങള്‍ക്കാണ് സ്ഫോടനത്തിലൂടെ ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന് പറഞ്ഞു. സ്ഫോടനങ്ങളില്‍ മരണമടഞ്ഞവരുടെ സംഖ്യ 19 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: