Categories: Ernakulam

പള്ളിവികാരി എതിര്‍ത്തു; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

Published by

പെരുമ്പാവൂര്‍: പള്ളിയില്‍ മാമോദീസ മുങ്ങാത്തവരുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുകയില്ലെന്ന്‌ പള്ളി വികാരി വാശിപിടിച്ചതിനെത്തുടര്‍ന്ന്‌ ആശ്രയമറ്റ കുടുംബാംഗങ്ങള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെങ്ങോല പുത്തുരന്‍ കവലക്ക്‌ സമീപം മൂശാപ്പിള്ളി മാത്യൂസിന്റെ (55) മൃതദേഹമാണ്‌ തുരുത്തിപ്ലി പള്ളി അധികൃതരുടെ വാശിയെത്തുടര്‍ന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം മാത്രമുള്ള ഇവരുടെ വീട്ടുവളപ്പില്‍ സംസ്കരിക്കേണ്ടിവന്നത്‌.

പഴയകാലത്ത്‌ ഈ പ്രദേശത്തെ ഏറ്റവും വലിയ ഇടവകയായ വളയന്‍ ചിറങ്ങര പള്ളിയിലാണ്‌ മാത്യൂസിനെ മാമോദീസ മുക്കിയത്‌. എന്നാല്‍ തുരുത്തിപ്ലി ചെറിയ പള്ളി വന്നപ്പോള്‍ ഇദ്ദേഹവും കുടുംബവും തുരുപ്ലി ചെറിയ പള്ളി പരിധിയിലേക്ക്‌ മാറുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്‌ പണിപൂര്‍ത്തീകരിച്ചപ്പോള്‍ വീട്‌ വെഞ്ചരിക്കുന്നതിന്‌ തുരുത്തിപ്ലി ചെറിയ പള്ളിയിലെ വികാരിയാണ്‌ ചെന്നിരുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മാത്യൂസ്‌ പള്ളിയില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന ഭീമമായ പിരിവ്‌ നല്‍കുവാന്‍ ആവതില്ലാത്തതിനാല്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നില്ലെന്നും അതിനാലാണ്‌ ഇയാളോടും കുടുംബത്തോടും ഇത്രയും വലിയ ക്രൂരത ചെയ്തതെന്നും നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയിലെ വികാരി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല എന്നും നാട്ടുകാര്‍ പറഞ്ഞു. അവസാനം നാട്ടുകാരുടെ സഹായത്തോടെ വീട്ടുവളപ്പില്‍ തന്നെ കുഴിയെടുത്ത്‌ മൃതദേഹം അവിടെ സംസ്കരിക്കുകയായിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു സംഭവം നടന്നത്‌ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിനും അപമാനകരമാണെന്നും ഇവിടത്തുകാര്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by