Categories: Vicharam

കടലിലെ ഓളവും ലയനമോഹവും

Published by

ലോക കമ്മ്യൂണിസം പലവഴിക്കായിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞു. ഇന്ത്യയില്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴേ അരനൂറ്റാണ്ടാകൂ. അത്രയും കാത്തിരിക്കാന്‍ കഴിയില്ലെന്ന ചിന്ത ഉടലെടുത്തിട്ട്‌ കാലമേറെയായി. എങ്ങിനെയെങ്കിലും ലയിക്കണമെന്നാണ്‌ സിപിഐയുടെ മോഹം. ഇത്‌ പരസ്യമായി പറയാന്‍ അവര്‍ക്ക്‌ മടിയുമില്ല. പണ്ടൊക്കെ മറുപടി പറഞ്ഞിരുന്നത്‌ ഇഎം ശങ്കരന്‍നമ്പൂതിരിപ്പാടാണ്‌. ലയനം വേണ്ട സിപിഐ പിരിച്ചുവിട്ട്‌ സിപിഎമ്മില്‍ ചേരാമല്ലൊ എന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. ഇപ്പോള്‍ സിപിഐക്ക്‌ മറുപടി നല്‍കാന്‍ രണ്ട്‌ നേതാക്കള്‍ വേണ്ടിവന്നു. പി.ഗോവിന്ദപ്പിള്ളയും ടി ശിവദാസമേനോനും. കാര്യകാരണസഹിതമെന്ന്‌ തോന്നുംവിധമുള്ള അവരുടെ അഭിപ്രായത്തിന്‌ സി.കെ.ചന്ദ്രപ്പനാണ്‌ മറുപടി നല്‍കിയത്‌. സിപിഎം നേതാക്കള്‍ ചരിത്രത്തിന്റെ തടവറയിലാണെന്നാണ്‌ ചന്ദ്രപ്പന്‍ കണ്ടെത്തിയത്‌. തടവറയാണോ ചവറുകൂനയാണോ ചന്ദ്രപ്പന്റെ ഉള്ളിലിരിപ്പെന്ന്‌ മാത്രമേ സംശയമുള്ളു. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലെന്ന്‌ പറഞ്ഞതുപോലെ സിപിഐയുടെ ലയനമോഹം എന്നിട്ടും അടങ്ങുമെന്ന്‌ തോന്നുന്നില്ല. ഒരുകണക്കിന്‌ സിപിഐ പറയുന്നതല്ലെ ശരി.

ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും തമ്മില്‍ നയങ്ങളിലും നിലപാടുകളിലും ഇന്ന്‌ ഏറെ യോജിപ്പിലാണ്‌. നയപരമായ കാര്യങ്ങളില്‍ അവര്‍ക്കുതമ്മില്‍ വലിയ വ്യത്യാസമില്ല. പണ്ടാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വാലായി നടന്നവരാണ്‌ സിപിഐക്കാരെന്ന്‌ ആക്ഷേപിക്കാമായിരുന്നു. കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ ഉണ്ടായിരുന്ന സഹകരണവും സംസ്ഥാനതലങ്ങളില്‍ ഉണ്ടാക്കിയ സഖ്യങ്ങളും ഇന്ന്‌ നിലവിലില്ല. മാത്രമല്ല സിപിഎമ്മും കോണ്‍ഗ്രസ്സുമായി സഹകരിച്ച സാഹചര്യം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ കണ്ടതുമാണ്‌. ഇപ്പോള്‍ ആ സഹകരണവും മതിയാക്കി സിപിഐയുമായി കൂടുതല്‍ സഹകരിക്കണമെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ആ സഹകരണം ലയനമായി മാറണമെന്നാണ്‌ സിപിഐയുടെ പക്ഷം. അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ 5 വര്‍ഷം ലയനമോഹം പുറത്തറിയിച്ചിരുന്നില്ല. ബംഗാളിലും പോയി. കേരളത്തിലും ഭരണം നഷ്ടപ്പെട്ടു. ഇനി വേറിട്ടുനിന്നിട്ട്‌ ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധ്യമല്ലെന്ന്‌ സിപിഐ വിലയിരുത്തിയെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. പക്ഷേ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ പാര്‍ട്ടിയല്ലാതെ മറ്റൊരു പാര്‍ട്ടി ഉണ്ടാകരുത്‌ എന്ന ആഗ്രഹക്കാരാണ്‌. അതിന്‌ ലയനമാണ്‌ പ്രതിവിധി എന്നവര്‍ ചിന്തിക്കുന്നേ ഇല്ല. വേണമെങ്കില്‍ സിപിഐ പിരിച്ചുവിട്ട്‌ സിപിഎമ്മില്‍ ചേര്‍ന്നോട്ടെ എന്ന സമീപനമാണ്‌ അവര്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്‌. അതിനൊരു മാറ്റവും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്‌ നേതാക്കളുടെ വിശദീകരണങ്ങളും പെരുമാറ്റവും എല്ലാം വ്യക്തമാക്കുന്നത്‌.

നാല്‍പത്തേഴ്‌ വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്‌ നയപരമാണെന്ന്‌ ഇരുകൂട്ടരും പറഞ്ഞിരുന്നു. 1960-ല്‍ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ‘റിവിഷനിസ്റ്റ്‌’ എന്ന്‌ തള്ളിപ്പറഞ്ഞതോടെയാണ്‌ ഏകശിലാവിഗ്രഹമായി കരുതിപ്പോന്ന ലോകകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇടതും വലതുമായി ചേരി തിരിഞ്ഞത്‌. അതിന്റെ ആഘാതപ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല മറ്റ്‌ രാജ്യങ്ങളിലും പ്രകടമായി. ഇന്ത്യന്‍പാര്‍ട്ടിയിലുണ്ടായ ചേരി തിരിവ്‌ ചൈനയുടെ ചേരി പിടിച്ചവര്‍, റഷ്യയുടെ ചേരി പിടിച്ചവര്‍ എന്ന മട്ടിലായിരുന്നു. ചൈനാ ചേരിയിലായിരുന്നു സിപിഎമ്മിന്‌ താല്‍പര്യം. ഭിന്നിപ്പ്‌ റഷ്യാ-ചീനാ ബന്ധവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ്സിനോടുള്ള സമീപനവുമായി ബന്ധപ്പെട്ടാണെന്നും ആദ്യമൊക്കെ ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ ചൈന ഇന്ത്യയെ ആക്രമിച്ച(1962) സംഭവത്തോടെ ഭിന്നിപ്പിന്റെ യഥാര്‍ത്ഥ ചിത്രം തെളിയുകയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുകയില്ലെന്ന ധാരണയായിരുന്നു പരക്കെ. അത്‌ തരിപ്പണമായി. ഇന്ത്യയിലെ പിളര്‍പ്പിന്‌ അന്നുമുതലെ വിത്തിട്ടു. സോവ്യയറ്റ്‌ പാര്‍ട്ടിയുടെ അനുകൂലികളും ചൈനീസ്‌ പാര്‍ട്ടിയുടെ അനുകൂലികളുമെന്ന സമാന്തര ചേരികളായി പിളര്‍പ്പില്‍ കലാശിക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അജയ്ഘോഷ്‌ മരിച്ചപ്പോള്‍ത്തന്നെ(1962) പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എസ്‌.എ.ഡാങ്കെ ആയിരുന്നു അന്ന്‌ ചെയര്‍മാന്‍. നമ്പൂതിരിപ്പാട്‌ ജനറല്‍സെക്രട്ടറിയും.

1924 മുതല്‍ക്കെ ബ്രിട്ടീഷുകാരുടെ ഏജന്റാണെന്ന്‌ ഡാങ്കെയെക്കുറിച്ച്‌ പരാതിയുണ്ടായിരുന്നു. അതിനുള്ള തെളിവുകളായി രേഖകളും പുറത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാരികയായിരുന്ന ‘കറന്റ്‌’ രേഖകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യപങ്കാണ്‌ വഹിച്ചിരുന്നത്‌. കറന്റ്‌ പൊക്കിക്കൊണ്ടുവന്ന രേഖകളുടെ സത്യാവസ്ഥ അറിയാന്‍ അന്വേഷണം വേണമെന്ന്‌ കേന്ദ്രഎക്സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യത്തിന്‌ അംഗീകാരം ലഭിച്ചില്ല. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന്‌ കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും വിശ്വസിക്കുകയും ചെയ്തിരുന്നു. അന്വേഷണാവശ്യം കേന്ദ്രകമ്മിറ്റി നിരസിച്ചതിനെതുടര്‍ന്ന്‌ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടു. അതിനും ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്നാണ്‌ ആവശ്യമുന്നയിച്ച നേതാക്കള്‍ മുപ്പത്തിരണ്ടുപേര്‍ കൗണ്‍സിലില്‍ നിന്നും വാക്കൗട്ട്‌ നടത്തിയത്‌. കേരളത്തില്‍ നിന്നുള്ള ആറുപേരാണ്‌ അതിലുണ്ടായിരുന്നത്‌. ജീവിച്ചിരിക്കുന്ന വ്യക്തി വി.എസ്‌.അച്യുതാനന്ദന്‍ മാത്രം. ഇറങ്ങിപ്പോയവര്‍ ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്കരണവാദ രാഷ്‌ട്രീയ നിലപാടിനെയും അപലപിച്ചുകൊണ്ട്‌ പാര്‍ട്ടി അണികളോടായി ഒരഭ്യര്‍ത്ഥന പുറപ്പെടുവിച്ചു. 1964 ഏപ്രില്‍ 15ന്‌ ഇറങ്ങിപ്പോയവരെ സസ്പെന്റ്‌ ചെയ്തു. ഇറങ്ങിപ്പോയവര്‍ ആന്ധ്രയിലെ തെന്നാലിയില്‍ ഒരു കണ്‍വെന്‍ഷന്‍ ചേരുകയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തങ്ങളുടേതാണെന്ന്‌ അവകാശപ്പെടുകയും ചെയ്തു. തെന്നാലി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 146 പ്രതിനിധികളില്‍ ഏറ്റവും വലിയ സംസ്ഥാന നേതൃവ്യൂഹം കേരളത്തില്‍ നിന്നായിരുന്നു. ഒട്ടാകെ 20 പേര്‍.

സമാന്തര കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുണ്ടാക്കിയവര്‍ പിളര്‍പ്പിന്‌ പ്രത്യയശാസ്ത്ര കാരണങ്ങളും നയപരമായ അഭിപ്രായഭിന്നതകളും പിന്നീടാണ്‌ കണ്ടെത്തിയത്‌. സിപിഐക്ക്‌ വിപ്ലവംപോര എന്നാണ്‌ സിപിഎം ആരോപിച്ചുകൊണ്ടിരുന്നത്‌. പരിഷ്കരണവാദികളെന്നും വലതന്മാര്‍ എന്നും അവരെ മുദ്രകുത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇടതിനും വലതിനും ഒരേ നിറവും ഗുണവുമാണെന്ന്‌ തിരിച്ചറിയാനും കഴിഞ്ഞു. ഇടതും വലതും എന്ന രണ്ട്‌ ഗ്രൂപ്പുകള്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഇന്ന്‌ രാജ്യത്ത്‌ നിരവധിയാണ്‌. ഒരേ നയവും ഒരേ പരിപാടിയും ഒരേ മുദ്രാവാക്യവും ഉന്നയിക്കുന്നവര്‍ വേറിട്ടുനില്‍ക്കുന്നതിന്റെ ലക്ഷ്യം ഒന്നുമാത്രമാണ്‌. നേതാവായി ചമയുക, അതിലൂടെ ആനുകൂല്യങ്ങളും അധികാരങ്ങളും പങ്കിട്ടെടുക്കുക. അധികാരവും ആനുകൂല്യങ്ങളും വിരളമായപ്പോഴാണ്‌ ലയനത്തിനായിട്ടുള്ള വല്ലാത്ത മുറവിളി ഉയരുന്നത്‌.

സിപിഐക്ക്‌ ആശയപരമായും ആമാശയപരമായും ആശ്രയമായിരുന്ന സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന്‌ തരിപ്പണമായി. കമ്മ്യൂണിസം പിടിച്ചുനിര്‍ത്താന്‍ സോവ്യറ്റ്‌യൂണിയനില്‍ പെട്ടിരുന്ന പ്രദേശങ്ങള്‍ എത്രപാടുപെട്ടിട്ടും സാധിക്കുന്നില്ല. ആശയം കൈമോശംവന്ന റഷ്യയില്‍ നിന്ന്‌ ആനുകൂല്യം പ്രതീക്ഷിച്ചിട്ട്‌ പ്രയോജനമില്ല. സിപിഎമ്മിന്റെ കാര്യവും അതുപോലെ തന്നെയാണ്‌. ചൈന കമ്മ്യൂണിസം വിട്ട്‌ ക്യാപ്പിറ്റലിസത്തിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ കയറുപൊട്ടിയ പട്ടംപോലെ കമ്മ്യൂണിസ്റ്റ്‌ വിഭാഗങ്ങള്‍ ഇന്ത്യയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ നന്നേ പാടുപെടുകയാണ്‌. പരസ്പരം വിഴുങ്ങാനാണ്‌ ആഗ്രഹം. പക്ഷേ അതിനുപോലും പ്രാപ്തിയില്ലാത്ത നിലയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. പാര്‍ട്ടികള്‍ പലത്‌ എന്നതുപോലെ തന്നെ പാര്‍ട്ടികളില്‍ ഏകാഭിപ്രായവും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. സിപിഎമ്മിന്റെ പ്രശ്നങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നു. സിപിഎമ്മിനോളം സ്വാധീനം ഇല്ലാത്തതുകൊണ്ടാകാം സിപിഐയുടെ പ്രശ്നങ്ങള്‍പോലും ആരും ഗൗനിക്കുന്നില്ല. അവിടെയും പ്രശ്നങ്ങളുടെ കൂമ്പാരമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാത്തപ്പോഴാണ്‌ ലയനത്തെക്കുറിച്ചുള്ള ചിന്തയ്‌ക്ക്‌ ശക്തികൂടുന്നത്‌. ഗ്രഹണം കഴിഞ്ഞാല്‍ അസ്തമനം എന്നുപറയുന്നതുപോലെ ലയനം നടന്ന്‌ അസ്തമനം കാണാന്‍ സിപിഐക്ക്‌ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നുറപ്പാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by