തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയുടെ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനിരുന്നത്.
പരിപാടി തടസപ്പെട്ടതിനെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങ് റദ്ദാക്കി. ഒന്നര വര്‍ഷം മുമ്പ് മുന്‍ സര്‍ക്കാരിന്റെ കാലത്തു മന്ത്രി പാലൊളി മുഹമ്മദ് കുട്ടി തറക്കല്ലിട്ട കെട്ടിടത്തിനാണ് വീണ്ടും ചടങ്ങ് സംഘടിപ്പിച്ചത്. അന്ന് പ്രത്യേകം സ്ഥലം തിരുവനന്തപുരം കളക്ടറേറ്റിന് സമീപം അനുവദിക്കുകയും അവിടെ ശിലാസ്ഥാപനം നടത്തുകയുമായിരുന്നു.
എന്നാല്‍ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തോട് ചേര്‍ന്ന് വീണ്ടും തറക്കല്ലിടാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരേ പ്രതിഷേധം നടത്തുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
വേദി അലങ്കോലപ്പെടുത്തിയ പ്രതിഷേധക്കാര്‍ ശിലാഫലകവും പന്തലിലുണ്ടായ കസേരകളും അടിച്ചു തകര്‍ത്തു. വേദിയിലെത്തിയ ശശി തരൂര്‍ എംപിയെ ഗോബാക്ക് വിളികളുമായി പിന്തിരിപ്പിച്ചു. ഇതോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.
സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി പരിപാടി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പെത്തി. ചടങ്ങില്‍ പങ്കെടുക്കേണ്ട മന്ത്രി പി. ജെ. ജോസഫും പരിപാടിക്ക് എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: