ന്യൂദല്‍ഹി : 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് സ്പെക്ട്രം വില്‍പ്പനയ്ക്ക് അനുമതി നല്കിയതു സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
സി.ബി.ഐ ഡയറക്റ്റര്‍ എ.പി. സിങ്ങിനോടാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഉത്തരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
ഇടപാടിലെ യഥാര്‍ത്ഥ നഷ്ടക്കണക്ക് എടുക്കണമെന്നും സംഘം സിങ്ങിനോട് ആവശ്യപ്പെട്ടു. സി.എ.ജി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. എന്നാല്‍ ഇത്രയും തുകയുടെ നഷ്ടമില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇടപാടു സംബന്ധിച്ച കാര്യങ്ങള്‍ തീര്‍പ്പാക്കിയതില്‍ ധനമന്ത്രാലയത്തിനും പങ്കുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജാവദേക്കര്‍ പറഞ്ഞു.
മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കു തുല്യമായ പങ്കാണ് ധനമന്ത്രി ചിദംബരവും വഹിച്ചത്. കേസില്‍ സി.ബി.ഐ നീക്കം അറിഞ്ഞ ശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: