Categories: India

മുംബൈ സ്ഫോടനം: സിമി പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

Published by

മുംബൈ: കേരളത്തില്‍ നിന്നും വീവിധ സമയങ്ങളില്‍ പിടിയിലായ സിമി പ്രവര്‍ത്തകരെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ എജന്‍സികള്‍ ചോദ്യം ചെയ്തേക്കും. ഇന്ത്യന്‍ മുജാഹിദിനും സിമിയും ചേര്‍ന്നുള്ള പദ്ധതിയാണോ സ്ഫോടന പരമ്പരയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

മുംബൈ അധോലോകത്തിന്റെ സഹായത്തോടെ ഇന്ത്യാന്‍ മുജാഹിദീന്‍ നടത്തിയ ആക്രമണമാണോ മുംബൈ സ്ഫോടനമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സംഘം അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

മധ്യപ്രദേശില്‍ നിന്നും കേരളത്തില്‍ നിന്നും വീവിധ സമയങ്ങളില്‍ പിടിയിലായ സിമി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയായിരിക്കും ഇതിന് ചുമതല വഹിക്കുകയെന്നാണ് സൂചന.

സിമിയും ഇന്ത്യന്‍ മുജാഹിദീനും കഴിഞ്ഞ ആറുമാസമായി നടത്തിയ ആസൂത്രണമാണോ സ്ഫോടനമെന്നും ഇതിനായി സംഘടനയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്ത യുവാക്കളെ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും എ.ടി.എസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by