കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് വീണ്ടും തുടങ്ങുന്നതിനെതിരെ പ്രതിഷേധം. ടോള്‍ ബൂത്തിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പിരിവ് ഇന്നു മുതല്‍ തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
എസ്.യു.സി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ പ്രതിഷേധ പ്രകടനമായി എത്തി ടോള്‍ ബൂത്ത് ഉപരോധിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനാല്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ആരും തന്നെ ടോള്‍ പ്ലാസയില്‍ എത്തിയിട്ടില്ല. കനത്ത പോലീസ് സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുമ്പളം നിവാസികളെ മാത്രമാണ് ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ കുമ്പളത്തോട് ചേര്‍ന്ന് കിടക്കുന്ന മരട് നഗരസഭയിലെ ആളുകളെയും ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: