കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ധ സഹോദരനായ അഹമ്മദ്വാലി കര്‍സായിയെ വെടിവച്ചയാളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊന്നു. സര്‍ദാര്‍ മുഹമ്മദ് എന്ന താലിബാന് അനുയായിയെ കാണ്ഡഹാര്‍ നഗരത്തില്‍ ഒരുവിഭാഗം ആളുകള്‍ പരസ്യമായി തൂക്കിലേറ്റുകയായിരുന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളുടെ വെടിയേറ്റ് മരിച്ച അഹമ്മദ് കര്‍സായിയുടെ കബറടക്കം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് സംഭവം നടന്നത്. കര്‍സായിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് താലിബാന് നേരത്തെതന്നെ അവകാശപ്പെട്ടിരുന്നു. ഇതോടൊപ്പം കര്‍സായിയുടെ കബറടക്കത്തിന് ശേഷമുള്ള നമസ്ക്കാരം നടക്കുകയായിരുന്ന മുസ്ലീം പള്ളിക്ക് നേരെ നടന്ന ചാവേറാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാര്‍ നഗരത്തിന് തെക്കുള്ള പള്ളിയില്‍ അനുശോചിക്കാനെത്തിയ നൂറുകണക്കിന് അനുയായികളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതില്‍ പതിമൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തവും താലിബാന് ഏറ്റെടുത്തതായാണ് സൂചന.
കാണ്ഡഹാറിലെ ശക്തരായ നേതാക്കളിലൊരാളായിരുന്ന അഹമ്മദ് കര്‍സായിയുടെ അനുയായികള്‍ താലിബാനെതിരായി രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടനും യുഎസും അടക്കമുള്ള പാശ്ചാത്യ ശക്തികളുമായി ബന്ധം പുലര്ത്തിയെന്നാരോപിച്ചുകൊണ്ടാണ് താലിബാന് കര്‍സായിയെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: