ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ബുധനാഴ്ചയുണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ മരിച്ചത് 18 പേരാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലാക്കിയ 131 പേരില്‍ 23 പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഫോടനങ്ങള്‍ തുടര്‍ക്കഥകളാകുന്ന മുംബൈ നഗരത്തില്‍ 26/11 ലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 200 പേരായിരുന്നു. ജൂലൈ 11 നെ കറുത്ത ബുധനാഴ്ചയാക്കി ദാദറിലും ഒപ്പേറ ഹൗസിലും സവേരി ബസാറിലും 12 മിനിറ്റുകളില്‍ നടന്ന മൂന്ന് സ്ഫോടനങ്ങള്‍ തെളിയിക്കുന്നത് മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദുരന്തങ്ങളില്‍നിന്നും ഒരു പാഠവും പഠിച്ചില്ല എന്നുതന്നെയാണ്. ഈ മൂന്ന് സ്ഫോടനങ്ങളും നടത്തിയത് മുംബൈക്കാര്‍ ജോലികഴിഞ്ഞ് മടങ്ങുന്ന സമയത്ത് ഏറ്റവും തിരക്ക് ഏറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ്. ഐഇഡി സംവിധാനം ടൈമറും ഉപയോഗിച്ച് മീറ്റര്‍ ബോക്സിലും കാറിലും ടിഫിന്‍ ബോക്സിലും വച്ച അമോണിയം നൈട്രേറ്റ് അടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഇത് വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ മുജാഹിദീന് നേരെയാണ്.
അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിനുശേഷം സുരക്ഷ ശക്തമാക്കിയതോടെ ഒരൊറ്റ സ്ഫോടനംപോലും നടന്നില്ല. താലിബാന്‍ നേതാവ് ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടിട്ടുകൂടി ഭീകരരില്‍നിന്നും ഒരു ഭീഷണിയും അമേരിക്ക നേരിട്ടില്ല. ഇന്ത്യയാകട്ടെ 1993 മാര്‍ച്ച് 12നുശേഷം ഓരോ വര്‍ഷങ്ങളിലായി നടത്തിയ എട്ട് സ്ഫോടനങ്ങളില്‍ ആകെ മരിച്ചവരുടെ എണ്ണം 814 ആണ്. ഇത് വിരല്‍ ചൂണ്ടുന്നത് മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മുംബൈയെ ഭീകരവാദ റഡാറില്‍നിന്ന് രക്ഷിക്കാന്‍ പരാജയപ്പെട്ടു എന്നുതന്നെയാണ്. 9/11 സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നു. ഇപ്പോള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന ആര്‍.ആര്‍.പട്ടേല്‍ തികഞ്ഞ പരാജയമാണെന്നും ഭീകരവിരുദ്ധ സ്ക്വാഡിന്റെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡെയുടെ വധാന്വേഷണത്തിലും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയുടെവരെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇത്ര വ്യക്തമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടും ഇതിന് കാരണം സുരക്ഷാ വീഴ്ചയോ ഇന്റലിജന്‍സ് നല്‍കുന്നതിലെ പിഴവോ അല്ല എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പ്രസ്താവിച്ചത്. 26/11നുശേഷം വളരെ ആസൂത്രിതമായാണ് ജനത്തിരക്കേറിയ മൂന്ന് സ്ഥലങ്ങളില്‍ നടത്തിയ ആക്രമണം അടിവരയിടുന്നത് മുംബൈ നിവാസികള്‍ ഭീകരാക്രമണത്തില്‍നിന്നും സുരക്ഷിതരല്ല എന്നും സാമ്പത്തിക തലസ്ഥാനമായ മുംബൈ ഒരു ഭീകരാക്രമണ ലക്ഷ്യസ്ഥാനമാണെന്നു തന്നെയാണ്. 2008ല്‍ ഗുവാഹത്തിയിലുണ്ടായ സ്ഫോടനങ്ങളില്‍ 88 പേര്‍ മരിച്ചപ്പോള്‍ മന്‍മോഹന്‍സിംഗ് പറഞ്ഞത് ഇനിയൊരു ഭീകരാക്രമണം താങ്ങാന്‍ ഇന്ത്യക്ക് ശേഷിയില്ല എന്നായിരുന്നു. അതിന് ശേഷമാണ് 26/11 ഉണ്ടായതെന്നോര്‍ക്കണം.
ഈ ആക്രമണം നടത്തിയ ഏത് ഭീകര സംഘടനയാണെന്നോ പറയാന്‍ ആഭ്യന്തരമന്ത്രി ചിദംബരം വിസ്സമ്മതിച്ചു. ലോകവ്യാപകമായി എല്ലാ രാജ്യങ്ങളും പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഈ ആക്രമണത്തെ അപലപിക്കുകയുണ്ടായി. ഇപ്പോള്‍ സ്ഫോടനങ്ങള്‍ ഇന്ത്യാ മഹാഭൂഖണ്ഡത്തില്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇന്ത്യ ഇത് പ്രതിരോധിക്കാന്‍ യാതൊരു ജാഗ്രതയും പ്രദര്‍ശിപ്പിക്കാതെ രാഷ്‌ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നത്. മുംബൈ നിവാസികള്‍ സ്വാഭാവികമായും പ്രകോപിതരാണ്. എന്ത് വിശ്വസിച്ച് തങ്ങള്‍ പുറത്തുവരുമെന്നവര്‍ ചോദിക്കുമ്പോഴും ഉപജീവനം തേടി പല സംസ്ഥാനങ്ങളില്‍നിന്നും എത്തിയിരിക്കുന്ന മുംബൈ നിവാസികള്‍ സ്ഫോടനങ്ങള്‍ നടന്നതിന്റെ പിറ്റേദിവസം പതിവുപോലെ ദിനചര്യ തുടര്‍ന്നുവെങ്കിലും അവര്‍ രോഷാകുലരാണെന്ന് വ്യക്തമാക്കുന്നുണ്ട്. 26/11 നടത്തിയ സംഘത്തിലെ പിടിയിലായ ഏക പ്രതിയായ അജ്മല്‍ കസബിന്റെ പിറന്നാള്‍ സമ്മാനമാണിത് എന്നും വാര്‍ത്തയുണ്ട്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവും അജ്മല്‍ കസബും സുരക്ഷിതരായി ജയിലില്‍ വസിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ സ്ഫോടനങ്ങളില്‍ പലയിടത്തും പിടിഞ്ഞുവീണ് മരിക്കുന്നു. പക്ഷേ നിതാന്ത ജാഗ്രത പാലിക്കേണ്ട അധികാരം കയ്യാളുന്നവര്‍ രാഷ്‌ട്രീയ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ നിഷ്ക്രിയരായി തുടരുന്നു.
സ്വാശ്രയത്തെമ്മാടിത്തം
ക്രിസ്തീയസഭ ഭരണസംവിധാനത്തെ തൃണവല്‍ഗണിച്ച് ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ സാമൂഹികനീതി ബലികഴിച്ച് സ്വേഛാധിപത്യം പുലര്‍ത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും ക്യാമറ തട്ടിപ്പറിച്ച് പൊട്ടിച്ച് കാസറ്റ് വൈകശപ്പെടുത്തിയതും. സഭാ-മാഫിയാ ബന്ധമാണ് ഈ ആക്രമണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച സിഎസ്‌ഐ സഭയുടെ ആസ്ഥാനമായ എല്‍എംഎസ് കോമ്പൗണ്ടില്‍ വച്ചാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ ലേഖകന്‍ മാര്‍ഷല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. പോലീസ് മര്‍ദ്ദിച്ച മാര്‍ഷലിന്റെ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുകയാണ്.
കാരക്കോണം കോളേജില്‍ തലവരി വാങ്ങിയിട്ടും പ്രവേശനപരീക്ഷാ പ്രഹസനം നടത്തുന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഷപ്ഫൗസിലെത്തിയ ഏഷ്യാനെറ്റ് സംഘത്തെയാണ് ഓഫീസില്‍നിന്നിറങ്ങിയവര്‍ ആക്രമിച്ച് ലേഖകനെ നിലത്തിട്ട് ചവിട്ടി മൊബെയില്‍ കവര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് എല്‍എംഎസിന് മുമ്പില്‍ സമാധാനപരമായ പ്രതിഷേധപ്രകടനം നടത്തിയ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെയും പോലീസുകാര്‍ തല്ലിച്ചതച്ചു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരില്‍ സ്പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ റസിലിയനും എആര്‍ ക്യാമ്പിലെ ജോണ്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. റസിലിയന്‍ ആണ് ഏഷ്യാനെറ്റിന്റെ ക്യാമറയിലെ ക്യാസറ്റ് എടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തിട്ടും ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ കാസറ്റ് സഭാ അധികാരികള്‍ നല്‍കിയില്ല. ബിജെപി പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തി.
സ്വാശ്രയ പ്രവേശന വിഷയത്തിന്റെ തികച്ചും ധിക്കാരപരവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ സമീപനമാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ചത്. ഇപ്പോള്‍ തലവരി വാങ്ങിയിട്ടും പരീക്ഷാ പ്രഹസനം നടത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മാധ്യമ പ്രതിബദ്ധതകൊണ്ട് മാത്രമാണ്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ സാമൂഹിക അനീതി കാണിച്ച് വര്‍ഗീയത വളര്‍ത്തുന്നതോടൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിനും ചങ്ങലയിടാനാണ് ക്രിസ്തീയ സഭകളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: