അവിശ്വസനീയമാംവിധം സുരക്ഷിതമായി സൂക്ഷിച്ചുപോന്ന ശ്രീപത്മനാഭന്റെ സ്വത്തിന് ഇതുവരെയുള്ള കണക്കെടുപ്പ് പ്രകാരം ഒരുലക്ഷം കോടി രൂപ വിലമതിക്കും. സുപ്രീംകോടതി നിയോഗിച്ച സമിതി ജൂലൈ അഞ്ച് വരെ ക്ഷേത്രത്തിലെ ആറ് അറകളില്‍ അഞ്ചെണ്ണം തുറന്ന് സ്വത്ത്വിവരപ്പട്ടിക തയ്യാറാക്കി. ഒരറ ഇനിയും തുറന്നിട്ടില്ല. ശ്രീപദ്മനാഭന്റെ സ്വത്തിന്റേയും അതിന്റെ പ്രാധാന്യത്തിന്റേയും ലഘുചരിത്രം ഇങ്ങനെയാണ്.
തിരുവിതാംകൂര്‍ ഭരണാധികാരികളില്‍ ഏറ്റവും കരുത്തനായ മാര്‍ത്താണ്ഡവര്‍മ രാജാവ് 1750 ല്‍ ഒരു പ്രതിജ്ഞയെടുത്തു. താനും തന്റെ പിന്മുറക്കാരും പത്മനാഭദാസന്മാരായി രാജ്യത്തെ സേവിക്കും എന്നതായിരുന്നു അത്. ഇതോടെ ശ്രീപത്മനാഭനായി യഥാര്‍ത്ഥ രാജാവ്. ഈ പാരമ്പര്യത്തെ മാനിച്ച് ബ്രിട്ടീഷുകാര്‍ ശ്രീപത്മനാഭന് സൈനികാഭിവാദ്യം നല്കിപ്പോന്നു.
നാട്ടുരാജ്യങ്ങളുടെ ലയനകാലത്ത് സ്വതന്ത്ര ഇന്ത്യ തിരുവിതാംകൂര്‍ രാജാവിനെ രാജപ്രമുഖനായി നിയമിച്ചെങ്കിലും പത്മനാഭദാസനായി അറിയപ്പെടാനാണ് രാജാവ് ഇഷ്ടപ്പെട്ടത്. സര്‍ക്കാര്‍ ശ്രീപത്മനാഭന് സൈനികാഭിവാദ്യം നല്കുന്ന പതിവ് തുടര്‍ന്നു. 1970 ല്‍ രാജാധികാരങ്ങള്‍ ഇല്ലായ്മ ചെയ്തതോടെയാണ് ഇത് പിന്‍വലിച്ചത്. എന്നാല്‍ ഇന്നുപോലും ശ്രീപത്മനാഭനെ തിരുവിതാംകൂറിന്റെ ദേവനായാണ് കരുതുന്നത്. ചുരുക്കത്തില്‍ തിരുവിതാംകൂര്‍ രാജവംശം ശ്രീപത്മനാഭന് വിധേയരാണ്. മലബാര്‍ ആക്രമിച്ച് നിരവധി ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത ടിപ്പുസുല്‍ത്താന്‍ 1789 ല്‍ തൃശ്ശൂര്‍ കീഴടക്കി അവിടെ ആസ്ഥാനമാക്കി തിരുവിതാംകൂറിന് ഭീഷണിയുയര്‍ത്തി എന്നാണ് ചരിത്രകാരനായ എം.ജി.ഗോപാലകൃഷ്ണന് പറയുന്നത്.
ഈ സാഹചര്യം ആക്രമണകാരികളുടെ കയ്യിലെത്താത്തവിധം ശ്രീപത്മനാഭന്റെ സ്വത്തുമുഴുവന്‍ രഹസ്യ അറകളിലൊളിപ്പിച്ച് ഭദ്രമാക്കിവെക്കാന്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ധര്‍മരാജാവിനെ പ്രേരിച്ചിരിക്കാം. എന്നാല്‍ 1970 ല്‍ ബ്രിട്ടീഷുകാര്‍ മൈസൂര്‍ ആക്രമിച്ചതോടെ ടിപ്പു തൃശ്ശൂരില്‍നിന്ന് പിന്‍വാങ്ങി. തിരുവിതാംകൂര്‍ നേരിട്ട കടന്നാക്രമണ ഭീഷണിയും ഇല്ലാതായി. അപ്പോഴും ധര്‍മരാജാവും അദ്ദേഹത്തിന്റെ പിന്മുറക്കാരും കവര്‍ച്ചാ ഭീഷണി ഒഴിവാക്കാന്‍ ശ്രീപത്മനാഭന്റെ സ്വത്ത് രഹസ്യമായി സൂക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
“വിശ്വസിക്കാനോ വിശദീകരിക്കാനോ കഴിയാത്ത ഒരു സ്വപ്നലോകം പോലെയാണ് രഹസ്യ അറകള്‍. കരുത്തരായ എട്ട് പേരുള്ള സംഘത്തിന് ഏറെ പ്രയാസപ്പെട്ട് മാത്രം നീക്കാനാവുന്ന കൂറ്റന്‍ രത്നങ്ങള്‍ അറകളില്‍ ഭദ്രമായി ഒളിപ്പിച്ചിരിക്കുന്നു. അറകള്‍ ചെറുതാണ്. നാലഞ്ച് പേരെ മാത്രമേ അതിന് ഉള്‍ക്കൊള്ളാനാവൂ. കാലാകാലങ്ങളില്‍ തിരുവിതാംകൂര്‍ രാജവംശം ശ്രീപത്മനാഭന് സമര്‍പ്പിച്ച സ്വര്‍ണ്ണം, രത്നങ്ങള്‍, വൈരക്കല്ലുകള്‍ എന്നിങ്ങനെയുള്ള അമൂല്യമായ സ്വത്തുശേഖരം തേക്കിന് തടിയില്‍ നിര്‍മിച്ച സവിശേഷരീതിയിലുള്ള പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നു.
തിരുവിതാംകൂര്‍ രാജാക്കന്മാരോ അവരുടെ സുഹൃത്തുക്കളോ മറ്റ് രാജാക്കന്മാരോ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ സ്വര്‍ണനാണയങ്ങള്‍ സമര്‍പ്പിക്കുക പതിവാണ്. ഇത്തരം ഒരുലക്ഷം നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ക്ഷേത്ര സ്വത്താണ്”- നിധി ശേഖരത്തിന്റെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമായ ജസ്റ്റിസ് സി.എസ്.രാജന്റെ വാക്കുകള്‍ ശ്രീപത്മനാഭനുള്ള സ്വത്തിന്റെ വാചാലമായ സാക്ഷ്യമാണ്. ചരിത്രകാരനായ എം.ജി.എസ്.നാരായണന് പറയുന്നതുതന്നെയാണ് ജസ്റ്റിസ് രാജനും സ്പഷ്ടമാക്കുന്നത്. ഇതുതന്നെയാണ് ഇന്ത്യന്‍ നിധി സൂക്ഷിക്കുന്നത് സംബന്ധിച്ച നിയമവും വ്യക്തമാക്കുന്നത്. കണ്ടെടുക്കുന്ന അവകാശികളില്ലാത്ത സ്വത്ത് മാത്രമേ ഈ നിയമപ്രകാരം സര്‍ക്കാരിന്റേതായി പ്രഖ്യാപിക്കാനാവൂ. ഇവിടെ നിയമത്തിന്റെ ദൃഷ്ടിയില് വ്യക്തിതന്നെയായ ശ്രീപത്മനാഭനാണ് സ്വത്തിന്റെ ഉടമസ്ഥന്.
ശ്രീപത്മനാഭന്റെ സ്വത്തിനെക്കുറിച്ച് നടന്ന വികാരവിക്ഷുബ്ധമായ ചര്‍ച്ചകളില്‍ വിസ്മരിക്കപ്പെട്ട ഒരു കാര്യം രാജ്യം നഷ്ടമാകുന്ന അപകടാവസ്ഥയിലും ഈ സ്വത്തില്‍ കൈവെക്കണമെന്ന് തിരുവിതാംകൂര്‍ രാജവംശം ചിന്തിക്കുകപോലും ചെയ്തില്ല എന്നതാണ്. ടിപ്പുവിന്റെ പടയോട്ടം തെക്കോട്ട് നീങ്ങിയപ്പോള്‍ രാജ്യം അപകടഭീഷണി നേരിടുകയുണ്ടായി. അപ്പോഴും എക്കാലവും ശ്രീപത്മനാഭന്റേത് ആയിരിക്കത്തക്കവിധം സ്വത്ത് രഹസ്യമാക്കിവെക്കുകയാണ് രാജവംശം ചെയ്തത്. അപകടം ഒഴിഞ്ഞുപോയിട്ടും ഈ നിധിശേഖരം വെളിപ്പെടുത്തുകയുണ്ടായില്ല. രാജകുടുംബത്തിന്റെ സത്യസന്ധതയുടേയും ആത്മാര്‍ത്ഥതയുടേയും അതുല്യമായ ഔന്നിത്യമാണ് ഇത് കാണിക്കുന്നത്.
രാജപരമ്പരയില്‍പ്പെട്ട ആരെങ്കിലും ഒരാള്‍ക്ക് അങ്ങേയറ്റത്തെ സത്യസന്ധതയില്‍ അല്‍പ്പമെങ്കിലും കുറവുണ്ടായിരുന്നെങ്കില്‍ ഈ സ്വത്ത് മുഴുവനായോ ഭാഗികമായോ സ്വകാര്യശേഖരത്തിലേക്ക് മാറ്റുമായിരുന്നു. 1789 മുതല്‍ 1947 വരെയുള്ള 158 വര്‍ഷത്തിനിടെ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. 1947 ല്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ തിരുവിതാംകൂര്‍ രാജവംശത്തിന് അധികാരവും സമ്പത്തും പൂര്‍ണമായി നഷ്ടപ്പെട്ടു. എന്നിട്ടും ധര്‍മരാജ രഹസ്യമാക്കിവെച്ച ശ്രീപത്മനാഭന്റെ സ്വത്തില്‍ അവര്‍ തൊടുകപോലും ചെയ്തില്ല.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉന്നതമായ സ്വഭാവവൈശിഷ്ട്യവും ധര്‍മബോധവും കൊണ്ടാണ് ശ്രീപത്മനാഭന്റെ സ്വത്തിന് യാതൊരു ക്ഷതവുമേല്ക്കാതിരുന്നത്. ഇതിന് രാഷ്ട്രം തിരുവിതാംകൂര്‍ രാജവംശത്തോട് നന്ദി പറയണം. എന്നാല്‍ ശ്രീപത്മനാഭന്റെ സ്വത്ത് നിധിശേഖരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയുണ്ടായി. നേര്‍ബുദ്ധിയില്ലാത്ത ചിലര്‍ ഈ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രദര്‍ശനത്തിന് വെക്കണമെന്നുമൊക്കെ പറയാനും തുടങ്ങി.
ശ്രീപത്മനാഭന്റെ സ്വത്ത് ആഗോളവാര്ത്തയായെങ്കില് സത്യസായി ബാബ ട്രസ്റ്റ് തിട്ടപ്പെടുത്തിയ 98 കിലോ സ്വര്‍ണ്ണവും 11.5 കോടി രൂപയും ദേശീയവാര്ത്തയാവുകയുണ്ടായി. മുന്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ തരംതിരിച്ച ഈ സ്വര്‍ണവും പണവും സത്യസായി ട്രസ്റ്റ് ബാങ്കില്‍ നിക്ഷേപിക്കുകയുണ്ടായി.
ട്രസ്റ്റിലും ആശ്രമത്തിലുമുള്ള ആരെങ്കിലുമൊരാള്‍ക്ക് സത്യസന്ധതയുടെ കുറവുണ്ടായിരുന്നെങ്കില്‍ പണവും സ്വര്‍ണവും അവര്‍ ബാങ്കില്‍ നിക്ഷേപിക്കുമായിരുന്നോ? സ്വര്‍ണ്ണത്തിന്റെയോ പണത്തിന്റെയോ കുറച്ചുഭാഗം മാറ്റിയിരുന്നെങ്കില്തന്നെ അത് ആരും അറിയുമായിരുന്നില്ല. 70കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവും 11.5 കോടി രൂപയും കൃതമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടും ഈ തുകയുടെ വെറും രണ്ട് ശതമാനം വരുന്ന താരതമ്യേന ചെറിയ തുകയായ 35 ലക്ഷം ഒരു കരാറുകാരനില്‍നിന്ന് പോലീസ് പിടിച്ചെടുത്തതിനെക്കുറിച്ച് മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയുണ്ടായി. സായിബാബ സമാധിക്കുവേണ്ടി ഭക്തര്‍ സംഭാവന ചെയ്തതാണ് ഈ തുകയെന്ന് കരാറുകാരന് പറഞ്ഞിട്ടും ചില മാധ്യമങ്ങള്‍ ഇപ്പോഴും ഇതേച്ചൊല്ലി ബഹളം വെയ്ക്കുകയാണ്.
നിക്ഷേപങ്ങളാക്കാതെ സ്വര്‍ണ്ണവും പണവും എന്തിന് സൂക്ഷിച്ചുവെന്നത് ട്രസ്റ്റികള്‍ മറുപടി പറയേണ്ട പ്രസക്തമായ ചോദ്യമാവുമ്പോഴും ജീവിച്ചിരിക്കുമ്പോള്‍ സായിബാബക്ക് ലഭിച്ച സ്വര്‍ണ്ണവും പണവും കണക്കില്‍പ്പെടുത്തിയ അവരുടെ നടപടി ശ്ലാഘനീയമാണ്.
ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് പത്മനാഭ ദാസന്മാരും സത്യസായി ബാബ ട്രസ്റ്റികളും പ്രദര്‍ശിപ്പിച്ച സത്യസന്ധത അവകാശപ്പെടാനാവുമോ എന്ന പ്രസക്തമായ ചോദ്യത്തോടെ ഈ ലേഖനം അവസാനിപ്പിക്കാം.
എസ്.ഗുരുമൂര്‍ത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: