വിദ്യാപ്രവാഹമധ്യസ്ഥാ ജ്ഞാനഗ്രാവാസനസ്ഥിതാ
വേദശാസ്ത്ര പുരാണേതിഹാസ വിജ്ഞാന ദായിനീ
വിദ്യാപ്രവാഹമധ്യസ്ഥാ:- വിദ്യയാകുന്ന പ്രവാഹത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. മൂന്നുപദങ്ങളുള്ള ഈ ശ്ലോകം മൊത്തത്തില്‍ ദേവിയുടെ മഹാസരസ്വതീ രൂപത്തെ വര്‍ണ്ണിക്കുന്നു. ഈ സങ്കല്പത്തിന്റെ സൗന്ദര്യം ഉള്‍ക്കൊള്ളാന്‍ ചിത്രമെഴുത്തു കോയിത്തമ്പുരാന്റെ പ്രസിദ്ധമായ സരസ്വതീ ചിത്രം കാണുന്നത് സഹായിക്കും. സരസ്വതീദേവി ഒരു പുഴയുടെ നടുവിലുള്ള പാറയില്‍ ഇരിക്കുന്ന രീതിയിലാണ് രവിവര്‍മ്മത്തമ്പുരാന്റെ ചിത്രം. പാറയുടെ വശങ്ങളിലൂടെ ജലം ഒഴുകിക്കൊണ്ടേയിരുന്നു. ആ ജലത്തെ വിദ്യയായി നാമം അവതരിപ്പിക്കുന്നു. വിദ്യ കാലത്തിനൊത്തുമാറും. മാറിക്കൊണ്ടേയിരിക്കും. ആഹാരത്തില്‍, വേഷത്തില്‍, തൊഴിലുകളില്‍, എഴുത്തില്‍ ഒക്കെ മാറ്റംവരും. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാപ്രവാഹത്തിന്റെ നടുവില്‍ കലാവിദ്യകളുടെ പ്രതീകമായ വീണമീട്ടിക്കൊണ്ടിരിക്കുന്ന സരസ്വതീദേവിയുടെ ആ നടനത്തെപ്പറ്റി അടുത്തനാമത്തില് പറയുന്നു.
ജ്ഞാനഗ്രാവാസനസ്ഥിതാ:- ജ്ഞാനമാകുന്ന ഗ്രാവാസതത്തില് സ്ഥിതി ചെയ്യുന്നവള്‍ – ഗ്രാമം പാറയാണ്. ചുറ്റും വെള്ളം കുത്തിയൊഴുകിയാലും പാറയ്ക്ക് കാര്യമായ മാറ്റമൊന്നും വരുകയില്ല. വിദ്യമാറുന്നതനുസരിച്ച് ജ്ഞാനത്തിന് മാറ്റമുണ്ടാകുന്നില്ല. അടിസ്ഥാനപരമായ ജ്ഞാനം കാലം കൊണ്ടും ദേശം കൊണ്ടും വ്യത്യാസപ്പെടുന്നില്ല. സത്യം, ധര്‍മ്മം, ജീവികളുടെ പരസ്പ ബന്ധം തുടങ്ങിയവ എല്ലാക്കാലത്തും നിലനില്‍ക്കുന്ന അറിവുകളാണ്. മുന്‍പ് പറഞ്ഞ രവിവര്‍മ്മത്തമ്പുരാന്റെ ചിത്രം ശ്രദ്ധിച്ചുപഠിച്ചാല്‍ ഈ രണ്ടു നാമങ്ങളുടെയും പ്രസക്തി ബോധ്യമാകും. അടുത്തനാമം ഈ രണ്ടുനാമങ്ങളുടെയും ബന്ധം വ്യക്തമാക്കുന്നു.
വേദശാസ്ത്രപുരാണേതിഹാസ വിജ്ഞാനദായനീ:- വേദങ്ങള്‍, ശാസ്ത്രങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ വിജ്ഞാനം പകര്ന്നുതരുന്നുവള്. വിജ്ഞാനം എന്ന പദത്തിന് പ്രായോഗികശാസ്ത്രം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം നവീകരിച്ചാല്‍ വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, പ്രായോഗിക ശാസ്ത്രം എന്നിവക്കുറിച്ച് വ്യാഖ്യാനിക്കാം. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. സാധാരണ ജീവികള്‍ക്ക് ജീവിക്കാനുള്ള അറിവേ വേണ്ടൂ. അത് സഹജവബോധം കൊണ്ട് അവയ്ക്ക് ലഭിക്കും. മനുഷ്യര്‍ക്കുമാത്രമാണ് വേദവും ശാസ്ത്രവും ഇതിഹാസവും ഒക്കെ ആവശ്യമായി തീര്‍ന്നത്. മനുഷ്യനെ ദേവത്വത്തിലേക്ക് ഉയര്‍ത്തുന്ന ഈ വിജ്ഞാനം മഹാദേവിക്ക് നമ്മോടുള്ള മാതൃവാത്സല്യത്തിന്റെ പ്രത്യക്ഷ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: