Categories: Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രീംകോടതിക്ക് അതൃപ്തി

Published by

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് വിദഗ്‌ദ്ധരുടെ മൂല്യനിര്‍ണ്ണയം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രദര്‍ശന യോഗ്യമല്ലാത്ത വസ്തുക്കളാണ് നിലവറയില്‍ നിന്നും ലഭിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വന്‍തോതിലുള്ള സ്വത്തു ശേഖരം ക്ഷേത്രത്തിലുണ്ടെന്നും അതിന്റെ മൂല്യം സംബന്ധിച്ച ഊഹക്കണക്കുകള്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയും ചെയ്ത സാഹചര്യത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. ക്ഷേത്ര സുരക്ഷയ്‌ക്കു ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തുക അപര്യാപ്തമാണെന്നു കോടതി പറഞ്ഞു.

അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന അതീവ സുരക്ഷാ സംവിധാനമേര്‍പ്പെടുത്താന്‍ ഇതു മതിയാകില്ല. ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ സ്വത്തുക്കള്‍ പ്രദര്‍ശന യോഗ്യമാണെന്ന് കരുതുന്നില്ലെന്നും വസ്തുവകകളില്‍ ഭൂരിഭാഗവും ചരിത്ര മൂല്യമില്ലാത്തവയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കണക്കെടുപ്പു സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണിതെന്നും സര്‍ക്കാര്‍ പറഞ്ഞു.

സ്വത്തിന്റെ ഉടമസ്ഥാവകാശം ക്ഷേത്രത്തിനാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമില്ലെന്നും നിലപാടറിയിച്ചു. ബി കല്ലറ തുറക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം നിലപാടറിയിച്ചു. കല്ലറ തുറക്കും മുന്‍പു ദേവപ്രശ്നം നടത്തി ഹിതമറിയണമെന്നു പ്രതിനിധി രാമവര്‍മ അറിയിച്ചു. ക്ഷേത്രത്തിന് പുറത്തു വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ലെന്നും രാമവര്‍മയും മാര്‍ത്താണ്ഡവര്‍മയും വ്യക്തമാക്കി.

ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രനും എ.കെ. പട്നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്ഷേത്രസ്വത്തുക്കള്‍ സംബന്ധിച്ച കേസിലെ ഇടക്കാല ഉത്തരവ് അടുത്ത വെള്ളിയാഴ്ച ഉണ്ടാകുമെന്നു കോടതി അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by