തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിന്റെ സീറ്റ് കച്ചവടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തിന് മര്‍ദനം. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനും ക്യാമറമാന് അയ്യപ്പനുമാണ് മര്‍ദനമേറ്റത്.
ക്യാമറ അക്രമികള്‍ പിടിച്ചു കൊണ്ടുപോയി. പോലീസുകാരും സെക്യൂരിറ്റിക്കാരുമടക്കം 25 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. എല്‍.എം.എസില്‍ വച്ചായിരുന്നു അക്രമം. ഇന്ത്യാവിഷന് ബ്യൂറോ ചീഫ് മാര്‍ഷല്‍ വി.സെബാസ്റ്റ്യനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തു. ഗൂണ്ടകള്‍ പിടിച്ചെടുത്ത ക്യാമറയും വിഡിയൊ ടേപ്പും തിരിച്ചു നല്കണമെന്നാവശ്യപ്പെട്ടു സി.എസ്.ഐ ആസ്ഥാനത്തേക്കു നടത്തിയ പത്രപ്രവര്‍ത്തകരുടെ മാര്‍ച്ചിനു നേരെയായിരുന്നു പോലീസ് അക്രമം. ക്യാമറ തിരിച്ചു നല്‍കിയെങ്കിലും ടേപ്പ് നല്കാന് അക്രമികള്‍ തയാറായില്ല.
മാര്‍ഷല്‍ വി. സെബാസ്റ്റ്യനെ തല്ലിയ കോണ്‍സ്റ്റബിള്‍ ജോണ്‍, സംഭവ സ്ഥലത്തുണ്ടായ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ റസലിയന്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
സി.എസ്.ഐ സഭയുടെ എല്‍.എം.എസ് ബിഷപ് ഹൗസ് ആസ്ഥാനത്താണ് പ്രകടനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നു പിടിച്ചെടുത്ത ക്യാമറയും ടേപ്പുകളും തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പോലീസ് വളഞ്ഞതിനെത്തുടര്‍ന്നു പ്രതിഷേധക്കാര്‍ ക്യാപസില്‍ ധര്‍ണയും നടത്തി.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: