മുംബൈ സ്ഫോടനപരമ്പരയില്‍ 18 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 131 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ മോഹന്‍ നായരെന്ന ഒരു മലയാളി മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും, മരിച്ചത് മോഹന്‍ നായിക്ക് ആണെന്ന് പിന്നീട് സ്ഥിരീകരണം വന്നു.
നേരത്തെ 21 പേര്‍ മരിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ ഇന്ന് വിവിധ ആശുപത്രികളില്‍ നിന്നും ലഭിച്ച കണക്കനുരിച്ചാണ് മരണസംഖ്യ 18 എന്ന് സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഫോടനസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6.45 നും 7.15 നും ഇടയിലാണ് മുംബൈയിലെ തിരക്കേറിയ മൂന്നിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായത്. ദാദര്‍, സവേരി ബസാര്‍, ഒപ്പേറ ഹൗസ് എന്നിവിടങ്ങളിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങള്‍ നടന്നത്. മുംബൈ സ്ഫോടന പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. മുംബൈയിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ശാന്തരായി കഴിയണമെന്നും ആഭ്യന്തരമന്ത്രി പി. ചിദംബരം അഭ്യര്‍ത്ഥിച്ചു.
ദാദറില്‍ നിര്‍ത്തിയിട്ട കാറിനകത്തും മറ്റ് രണ്ടിടങ്ങളില്‍ ടിഫിന്‍ ബോക്സിനകത്തും ഇലക്ട്രിക് മീറ്റര്‍ ബോക്സിനകത്തുമുള്ള സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരാക്രമണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ആഭ്യന്തരവകുപ്പ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷസംവിധാനം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: