Categories: India

രാഹുലിന്റെ സുരക്ഷ രോഗിയുടെ ജീവനെടുത്തു

Published by

കാണ്‍പൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതുമൂലം ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ചികിത്സ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന്‌ ഒരു പോലീസുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്‌.

കാണ്‍പൂരിലെ ഹെയ്‌ലറ്റ്‌ ആശുപത്രിയിലാണ്‌ സംഭവം നടന്നത്‌. ഫത്തേപ്പൂരിലുണ്ടായ തീവണ്ടിയപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി രാഹുല്‍ഗാന്ധി എത്തുന്നതുമൂലം ഇവിടെ 45 മിനിറ്റ്‌ നേരത്തേക്ക്‌ ആരെയും പ്രവേശിപ്പിക്കരുതെന്ന്‌ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഈ സമയത്താണ്‌ 46കാരനായ കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്ര കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കൊണ്ടുവന്നത്‌. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തെ ചികിത്സക്കായി പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന്‌ രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ധര്‍മേന്ദ്രയുടെ ഭാര്യ നീലം വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന്‌ ചികിത്സ ലഭിക്കാതെ രക്തം വാര്‍ന്ന്‌ ധര്‍മേന്ദ്രയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ബാന്ദയിലെ അട്ടാര പോലീസ്സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ധര്‍മേന്ദ്രക്ക്‌ ഫത്തേപ്പൂരിലുണ്ടായ റോഡപകടത്തിലാണ്‌ പരിക്കേറ്റത്‌. ഇതോടൊപ്പം ധര്‍മേന്ദ്രകുമാറിനെ മരിച്ച നിലയിലാണ്‌ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും ചികിത്സ ലഭിക്കാതെയാണ്‌ ഇദ്ദേഹം മരിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണെന്നുമാണ്‌ ആശുപത്രിയിലെ ചീഫ്‌ മെഡിക്കല്‍ സൂപ്രണ്ടായ ചന്ദ്രസെന്‍ കുശാഭ സംഭവത്തോട്‌ പ്രതികരിച്ചത്‌. ചകേരി എയര്‍പോര്‍ട്ടില്‍നിന്നാണ്‌ രാഹുല്‍ ആശുപത്രിയിലേക്കെത്തിയത്‌. ഫത്തേപ്പൂര്‍ ട്രെയിനപകടത്തില്‍ പരിക്കേറ്റ അറുപതിലേറെ യാത്രക്കാര്‍ ഇതേ ആശുപത്രിയിലാണ്‌ ചികിത്സയിലുള്ളത്‌.

ഇതിന്‌ മുമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഒരു പത്ത്‌ വയസുകാരന്‍ മരിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ഏര്‍പ്പെടുത്തുന്ന അധികസുരക്ഷ പൊതുജനങ്ങള്‍ക്ക്‌ ഭാരമാകുന്ന സാഹചര്യത്തില്‍ ബംഗാളിലെ പുതിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിക്കുവേണ്ടി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന്‌ പോലീസിന്‌ നിര്‍ദേശം നല്‍കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by