തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കയ്യേറ്റം സംബന്ധിച്ച് കോടതിയില്‍ നിലവിലുള്ള കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് 56 കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയില്‍ മാത്രം 42 കേസുകളുണ്ട്. ഇത്തരം കേസുകളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാരിന് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാരായ ടോം തോമസ്, കെ.എം.സുരേഷ്, ടായ് മാത്യു എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മറ്റ് ഉദ്യോഗസ്ഥരെ കളക്ടര്‍ നിയമിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കും. കൈയേറ്റം നടന്ന ഭൂമികളില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസികളില്‍ ഭൂമിയില്ലാത്തവര്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
വെറുതെ കിടക്കുന്ന ഭൂമി ടൂറിസം മേഖലയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഭൂമി വെറുതേ കിടന്നാല്‍ കയ്യേറ്റം വര്‍ധിക്കും. മൂന്നാറില്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലേ എന്ന ചോദ്യത്തിന് ഭൂമി കയ്യേറിയവരില്‍ പലരും അരൂപികളാണെന്നും അതിനാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ ഭൂമാഫിയ കരുവാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. കയ്യേറിയ ഭൂമി തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കും. 84,000 പട്ടയ അപേക്ഷകളാണ് ഇടുക്കി ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും വ്യാജമാണ്. ശാസ്ത്രീയ പരിശോധന നടത്തി നിജസ്ഥിതി കണ്ടെത്തും. അതിനുശേഷം സ്ഥല പരിശോധന നടത്തും. തുടര്‍ന്ന് മാത്രമേ പട്ടയ വിതരണം നടത്തൂ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: