തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ നാടകമാണെന്നും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ തിരക്കഥയാണ് മൂന്നാറില്‍ അരങ്ങേറുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ വെറും പ്രചരണതന്ത്രം മാത്രമാണ്. സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ രണ്ടാഴ്ച സമയം നല്‍കിയിരുന്നു. സമയം കഴിഞ്ഞിട്ടും ഒരാളെപ്പോലും ഒഴിപ്പിച്ചില്ല. വലിയ കെട്ടിടങ്ങള്‍ കണ്ടുകെട്ടുമെന്ന് പറഞ്ഞിട്ട് ഒരു കെട്ടിടം പോലും കണ്ടുകെട്ടിയില്ല. താല്‍ക്കാലിക ഷെഡുകള്‍പോലും പൊളിച്ചുമാറ്റാന്‍ റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കാന്‍ പോയവര്‍ തയ്യാറായില്ല. ആകെ നടന്നത് ബോര്‍ഡ് വയ്‌ക്കല്‍ മാത്രമാണ്.
ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിക്ക് റവന്യൂമന്ത്രി മൂന്നാര്‍ വരെ പോകേണ്ടതില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ബോര്‍ഡുകള്‍ വച്ചിരുന്നു. അത് എടുത്തുമാറ്റി വീണ്ടും കയ്യേറ്റം നടന്നു. മൂന്നാറില്‍ ബോര്‍ഡ് വയ്‌ക്കല്‍ വെറും പ്രഹസനമാണ്. വന്‍കിട കയ്യേറ്റമേഖലകള്‍ സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നുണ്ടായിരുന്നെങ്കില്‍ കയ്യേറ്റഭൂമി വ്യക്തമായി അളന്ന് കണക്കെടുക്കുകയായിരുന്നു വേണ്ടത്. സയമബന്ധിതമായി കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. മാര്‍ക്സിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്പാര്‍ട്ടിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലുള്ള നാടകമാണ് മൂന്നാറില്‍ നടക്കുന്നത്. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രിക്ക് ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകളില്‍ നടത്തുന്ന റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കണമോ എന്ന് സംശയമാണ്. നെല്ലിയാമ്പതിയിലെയും അട്ടപ്പാടിയിലെയും ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായുള്ള സമരം ശക്തിപ്പെടുത്തും.
ആദിവാസികളുടെ ഭൂമിയാണ് കറ്റാടികമ്പനിക്കു നല്‍കിയിരിക്കുന്നത്. മുന്‍പ് ഇതിനെതിരെ സമരം ചെയ്തവരുടെ ആളുകളാണ് ഇന്ന് ഭരിക്കുന്നത്. ആലപ്പുഴ കുട്ടനാട്ടിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ വന്‍ സ്വാധീനമുള്ളവരാണ്. കയ്യേറ്റ സ്ഥലങ്ങള്‍ ബിജെപിയുടെ പ്രതിനിധിസംഘം ഇന്ന് സന്ദര്‍ശിക്കും. അദ്ദേഹം പറഞ്ഞു.
കോഴവാങ്ങി പ്രവേശനം നടത്തുന്ന കാരക്കോണം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം. പ്രവേശനത്തിന് കോഴവാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണ്. തെളിവ് നശിപ്പിക്കാനുള്ള അവസരം നല്‍കാതെ കുറ്റവാളികളെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണം. സ്വാശ്രയമെഡിക്കല്‍ കോളജ് അസോസിയേഷന്റെ കീഴിലുള്ള മറ്റുകോളേജുകളിലെ അഡ്മിഷനെക്കുറിച്ചും അന്വേഷിക്കണം. കോഴവാങ്ങല്‍ സര്‍ക്കാര്‍ ഉടമ്പടയിലെ അലിഖിതധാരണയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരെ പൗരോഹിത്യമേലങ്കിയുടെ മറവില്‍ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: