ന്യൂദല്‍ഹി: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെ വിമര്‍ശിച്ച് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത നടത്തിയ പരാമര്‍ശം വിവാദമാകുന്നു.
“രാത്രി രണ്ട് മണിക്കുശേഷം നിങ്ങള്‍ (സ്ത്രീകള്‍) തനിച്ച് സഞ്ചരിക്കുകയാണെങ്കില്‍ എന്തായാലും ഒരു കുറ്റകൃത്യത്തിന് ഇരയാകും. അതിന് പോലീസിനെ പഴിച്ചിട്ട് കാര്യമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കൂടെ സഞ്ചരിക്കാം”, നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഇല്ലാതാകുന്നതിന് പകരം നിരുത്തരവാദപരമായി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയ കമ്മീഷണര്‍ക്കെതിരെ സമൂഹത്തിന്റെ വിവിധതലത്തില്നിന്നുള്ളവര് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണക്കേസുകള്‍ പ്രതിവര്‍ഷം അഞ്ഞൂറെണ്ണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2008- ല്‍ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തെത്തുടര്‍ന്ന് സ്ത്രീകള്‍ രാത്രി യാത്ര ചെയ്യാനുള്ള സാഹസികത കാണിക്കരുതെന്ന് മുഖ്യമന്ത്രി ഷീലാദീക്ഷിതും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്നും രാത്രിയില്‍ ജോലിയ്ക്കും മറ്റും പോകേണ്ട സ്ത്രീകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും ഉന്നതതലങ്ങളില്നിന്നും വരുന്ന ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ദല്‍ഹി നഗരത്തില്‍ മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇത് തീര്‍ത്തും അപലപനീയമാണ്. അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: